മുൻമന്ത്രി കെ.ഇ.ഇസ്മായിൽ 84 ന്റെ നിറവിൽ

മുൻ മന്ത്രിയും, പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ കെ ഇ ഇസ്മയിലിൻ്റെ 84 – മത് ജന്മദിനാഘോഷം വ്യാഴാഴ്ച നടക്കും. പകൽ 11 മുതൽ 3 വരെ വള്ളിയോട് തേവർകാട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, സംസ്ഥാനത്തെ മന്ത്രിമാരും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മൂന്ന് തവണ എം എൽ എ യും, ഒരോ തവണ വീതം മന്ത്രിയും, എം പിയുമായി പ്രവർത്തിച്ച കെ ഇ ഇസ്മയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി, ദേശീയ എക്സികുട്ടീവ് അംഗം, കേരള കർഷക തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഭരതീയ ഖേത് മസ്തൂർ യൂണിയൻ ദേശീയ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.കലാ -സാംസ്കാരിക രംഗത്തും സജീവമായ കെ ഇ പതിനഞ്ച് വർഷത്തോളം കെ പി എ സി നാടകസംഘത്തിൻ്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.