ചുമലിൽ ഭാരം തൂക്കി നെൽപ്പാടങ്ങളിലൂടെ നടക്കേണ്ടതിനാലും കീടനാശിനികൾക്ക് രൂക്ഷ ഗന്ധമുള്ളതിനാലും കീടനാശിനി തളിക്കാൻ തൊഴിലാളികളെ കിട്ടാൻ ക്ഷാമം നേരിടുന്നതായി കർഷകരുടെ പരാതി. കൈകൊണ്ടും, ബാറ്ററിയിലും, പെട്രോൾ എൻജിനിലും പ്രവർത്തിക്കുന്ന കീടനാശിനി സ്പ്രയറുകൾ ലഭ്യമാണെങ്കിലും മറ്റു കാർഷികവൃത്തികളിൽ നിന്ന് വ്യത്യസ്തമായിആവശ്യത്തിന് സമയബന്ധിതമായി കീടനാശിനി തളിക്കാൻ ഉയർന്ന കൂലി നൽകിയാലും ആളെ കിട്ടുന്നില്ല. സ്വന്തമായി സ്പ്രേയർ വാങ്ങി ഒരു12 ലിറ്റർ സംഭരണ ശേഷിയുള്ള ഒരു ടാങ്ക് തളിക്കാൻ 60 രൂപ മുതൽ 70 രൂപ കരാർ നിരക്കിൽ തളിച്ചു നൽകുന്നവരുണ്ടെങ്കിലും കീട നാശിനി വാങ്ങി കാത്തിരിക്കേണ്ട സ്ഥിതിയാണ് കർഷകർക്ക്. രാസ വളങ്ങൾ തളിക്കാൻ ഡ്രോൺ വാടകയ്ക്ക് ലഭ്യമാണെങ്കിലും ഡ്രോൺ മുഖേന കേരളത്തിൽ കീടനാശിനി തളിക്കാൻ അനുമതിയില്ലെന്നതാണ് ഏറെ കഷ്ടമായത്.