കാട്ടുതീ: നെല്ലിയാമ്പതി ഇരുട്ടിൽ

നെല്ലിയാമ്പതി വൈദ്യുതി സെക്ഷനിലേക്ക് വരുന്ന 33 കെ.വി വൈദ്യുതി ലൈനിന് താഴെ കാട്ടുതീ പടർന്നതിനാൽ ചൊവ്വാഴ്ച രണ്ടുമണിമുതൽ വൈദ്യുതി വിതരണം നിർത്തി വച്ചു. ഫോറസ്റ് റേഞ്ച് ഓഫീസർ നിർദേശിച്ചതനുസരിച്ചാണ് 33 കെ. വി. നെല്ലിയാമ്പതി ഫീഡർ ഓഫ് ചെയ്തിരിക്കുന്നതെന്ന് നെല്ലിയാമ്പതി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കാട്ടുതീ അണയ്ക്കുന്നതിനുള്ള ശ്രമം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമായതിന് ശേഷം ലൈനുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളു, വെളിച്ച കുറവ് തടസ്സമായാൽ വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികൾ ബുധനാഴ്ചയിലേക്ക് നീണ്ടു പോകാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും അസിസ്റ്റൻ്റ് എഞ്ചിനിയർ ഇലക്ട്രിക്കൽ സെക്ഷൻ
നെല്ലിയാമ്പതി അറിയിച്ചു. മുൻപ് ദീർഘ സമയം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ വൈദ്യുതി ഓഫീസ് ഉപരോധിച്ചതിനെ തുടർന്നാണ് വൈദ്യുതി ബോർഡിന്റെ അറിയിപ്പ്. കൊല്ലംകോട് ഭാഗത്തുനിന്നാണ് വനമേഖലയിലൂടെ നെല്ലിയാമ്പതി പുലയം പാറയിലുള്ള സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. വർഷകാലത്ത് പലപ്പോഴും മരങ്ങൾ കടപുഴകിയും മരക്കൊമ്പ് വീണും നെല്ലിയാമ്പതിയിൽ വൈദ്യുതി മുടക്കം പതിവാണ്. അപ്രതീക്ഷിത വൈദ്യുതി മുടക്കം മൂലം പല കോളനികളിലേക്കുമുള്ള കുടിവെള്ള പമ്പിങ് മുടങ്ങിയിരിക്കുകയാണ്.