കാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളിൽ നാശം; ജനവാസ മേഖലയ്ക്ക് ഭീഷണി..👇

നെന്മാറ അയിലമുടി
മലയുടെ താഴ്ഭാഗത്തു നിന്നും ഉത്ഭവിക്കുന്ന കാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളിൽ നാശം. അയിലൂർ പഞ്ചായത്തിലെ നാലാംകൂപ്പ്, കൈതച്ചിറ, പയ്യാങ്കോട് എന്നീ പ്രദേശങ്ങളിലൂടെ ചോലയിലൂടെ ഒഴുകി പയ്യാംകോട്ടിലെ തോട്ടിൽ എത്തിച്ചേരുന്ന ചോലയാണ് ബണ്ട് പൊട്ടി കൃഷിയിടങ്ങളിലൂടെ പരന്നൊഴുകുന്നത്. കൈതച്ചിറയിൽ ബണ്ട് തകർന്ന് കാട്ടുചോലയിലെ വെള്ളം ഏക്കർ കണക്കിന് നെൽകൃഷിക്കും റബ്ബർ കൃഷിയ്ക്കും തെങ്ങ്, കമുക് എന്നീ കൃഷികൾക്കും അഞ്ചോളം വീടുകൾക്കും നാശം സംഭവിക്കുന്ന രീതിയിൽ വെള്ളം ആഴ്ചകളായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കാട്ടുചോലയ്ക്ക് സമീപമുള്ള മരങ്ങളും പനയും മലവെള്ളപ്പാച്ചിലിൽ കടപുഴകി വീണു കിടക്കുന്നു. ചില വീടുകൾക്ക് മുന്നിലൂടെ കുത്തിയൊലിച്ച് വീടുകളിലേക്കുള്ള നടവഴി പോലും നഷ്ടമായി. പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടും ദിവസങ്ങളായി ഗതിമാറി ഒഴുകുന്ന കാട്ടുചോലയെ പൂർവസ്ഥിതിയിൽ ഒഴുകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. അധികാരികൾ ഇടപെട്ട് ഉടൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും സി.പി.ഐ, എ. ഐ വൈ. എഫ് ബ്രാഞ്ച് കമ്മിറ്റികൾ ചോല പൊട്ടിയ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ട് ആവശ്യപ്പെട്ടു. യോഗത്തിൽ ആർ. രാജേഷ്, പി. എം. യൂസഫ്, കുട്ടൻ മണലാടി, ജയ്സൺ, ശിവൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിൽ പ്രദേശവാസികളും അണിചേർന്നിരുന്നു.