കാട്ടാനശല്യം

കാട്ടാന ശല്യം; രണ്ടായിരത്തോളം വാഴകൾ കർഷകൻ വെട്ടി നശിപ്പിച്ചു. കരിമ്പ മൂന്നേക്കർ മീൻവല്ലം പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമായതിൽ വകുപ്പധികാരികൾ വേണ്ടുന്ന നടപടികൾ സ്വീകരിക്കാത്തതിൽ കർഷന്റെ പ്രതിഷേധം. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് കുലച്ചതുൾപ്പെടെയുള്ള വാഴകളാണ് കർഷകൻ വെട്ടി മാറ്റിയത്. കാർഷിക വിളകൾ നശിപ്പിക്കാൻ ദിവസേന കാട്ടാനക്കൂട്ടം വരുന്നത് ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ കർഷകനായ രമേഷ് തച്ചൊടിയിൽ ആണ് രണ്ടായിരത്തോളം വാഴകൾ പൂർണ്ണമായും വെട്ടി നശിപ്പിച്ചത്.

ആന, കാട്ടുപന്നി, കുരങ്ങൻ എന്നിവയുടെ ശല്യം പതിവായതും കഴിഞ്ഞ ഒരു മാസമായി തുടർച്ചയായുള്ള കാട്ടാനശല്യവും കർഷകരെ ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. ആത്മഹത്യ പരിഹാരമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ആത്മഹത്യാപരമായ ഈ തീരുമാനമെന്നും രമേശ് പറയുന്നു.

ഈ മേഖലയിൽ ഒട്ടേറെ കൃഷിയിടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നശിപ്പിച്ചതായി മറ്റു കർഷകരും സാക്ഷ്യപ്പെടുത്തുന്നു.

കൃഷി ഉപജീവനമാക്കിയവർ വളരെ പ്രതിസന്ധിയിലാണ്. ഫെൻസിംഗ്, ആർ ആർ ടി സേവനങ്ങൾ കാര്യക്ഷമമാക്കിയാൽ കാട്ടാനശല്യം ഒരു പരിധി വരെ തടയാനാകുമെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ജനപ്രതിനിധികളോ മറ്റോ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്നതാണ് ആരോപണം. അധികൃതരെ പ്രതിഷേധം അറിയിക്കാനായാണ് കൃഷിയിടത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വാഴകൾ വെട്ടി നശിപ്പിച്ചതെന്നും, കർഷകരുടെ വേദന ആരും ഉൾക്കൊള്ളുന്നില്ലെന്നും കർഷനായ രമേശ് പറഞ്ഞു.