കാട്ടാനക്കലിയിൽ കൃഷിയിടങ്ങൾ കണ്ണീർ വാർത്ത് കർഷകർ. കാട്ടാനയെ പ്രതിരോധിക്കാൻ സൗരോർജ്ജ തൂക്കുവേലി നിർമ്മാണം നടപ്പായില്ല!!

കൃഷിയിടങ്ങൾ നശിപ്പിച്ച് കാട്ടാനകൾ. അയിലൂർ പഞ്ചായത്തിലെ മരുതഞ്ചേരി, ചള്ള, നെല്ലിക്കാട്, പൂഞ്ചേരി, വടക്കൻ ചിറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ ഒറ്റയായും കൂട്ടമായും കൃഷിനാശം വരുത്തിയത. യു. ഷാജഹാൻ മരുതഞ്ചേരിയുടെ കായ്ച്ചു തുടങ്ങിയ ഒമ്പത് തെങ്ങുകളും, വലിച്ചു നശിപ്പിച്ചു. ചവിട്ടി നടന്ന് ജലസേചന കുഴലുകളും അതിർത്തിയിലുള്ള സിമന്റ് വേലിക്കാലുകളും ഒടിച്ചു കളഞ്ഞു കൃഷിയിടവും നാശം വരുത്തി. വി. മോഹനൻ, വി വത്സലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ 15 വർഷത്തോളം പ്രായമുള്ള നിരവധി തെങ്ങുകളും, വാഴകളും, കമുകിൻ തൈകളും, കുരുമുളക് താങ്ങു വൃക്ഷങ്ങളും ചവിട്ടിയും തിന്നും മറിച്ചിട്ടും നശിപ്പിച്ചു. സമീപ കർഷകരായ പൂഞ്ചേരി കളം ചെന്താമരാക്ഷൻ, മോഹൻദാസ് പെരുമാങ്കോട്, വീപ്പനാടൻ ജോർജ് തുടങ്ങിയവരുടെ കൃഷിയിടങ്ങളും കാട്ടാനക്കൂട്ടം ചവിട്ടിയും നടന്നും നാശം വരുത്തി. കാട്ടാനകൾ കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ജില്ലാ സെക്രട്ടറി എം. അബ്ബാസിന്റെ നേതൃത്വത്തിൽ കർഷകരും കാട്ടാന നാശം വരുത്തിയ കൃഷിയിടങ്ങൾ സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റർ ജൈനുലാബുദ്ധീനിന്റെ നേതൃത്വത്തിൽ ബി. എഫ്. ഒ, വാച്ചർമാർ തുടങ്ങിയ വനപാലക സംഘവും കൃഷിയിടങ്ങൾ സന്ദർശിച്ചു.