കാട്ടാന കുത്തി യുവാവ് മരിച്ച സംഭവം: അടിപ്പെരണ്ടയിൽ കിഫ മൗന ജാഥയും പ്രതിഷേധയോഗവും നടത്തി.

കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ മൗന ജാഥയും പ്രതിഷേധയോഗവും നടത്തി. മുണ്ടൂർ കണ്ണാടൻ ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ അലൻ ജോസഫ് എന്ന യുവാവ് മരിക്കുകയും അമ്മ വിജി ഗുരുതരമായി പെരക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് കിഫ അടിപ്പെരണ്ടയിൽ പ്രതിഷേധം നടത്തിയത്. മലയോരമേഖലകളിലെ പൂർത്തിയാക്കാത്ത തൂക്കുവേലിയും, പ്രവർത്തിക്കാത്ത സൗരോർജ്ജ വേലിയും, നിരന്തരം വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിന് കാരണമായെന്നും, മനുഷ്യജീവന് വിലകൽപ്പിക്കാത്ത വന്യമൃഗസംരക്ഷണം ആർക്കുവേണ്ടിയെന്നും പ്രതിഷേധയോഗത്തിൽ സർക്കാറിനും വനം മന്ത്രിക്കും എതിരെ പ്രതിഷേധം ഇരമ്പി. മനുഷ്യജീവന് നിസ്സാര തുക വിലയിട്ട് നഷ്ടപരിഹാരമെന്ന പ്രഹസനം അവസാനിപ്പിക്കണമെന്നും വന്യജീവികൾ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാർഡുകൾ ഏന്തി വ്യാപാരഭവൻ പരിസരത്തു നിന്നും ആരംഭിച്ച മൗന ജാഥ സ്റ്റോർ മുക്കിൽ സമാപിച്ചു. മലയോരമേഖലകളായ ഒലിപ്പാറ, കടപ്പാറ, മംഗലം ഡാം, പൊൻ കണ്ടം, മേരിഗിരി, കരിമ്പാറ, പുഞ്ചേരി, അടിപ്പെരണ്ട, തെങ്ങും പാടം തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ മൗന ജാഥയിലും പ്രതിഷേധ യോഗത്തിലും പങ്കെടുത്തു. കിഫ ജില്ലാ സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ രമേശ് ചെവകുളം, ഡോ. സിബി സക്കറിയാസ്, അബ്രഹാം പുതുശ്ശേരി, സന്തോഷ് അരിപ്പാറ, സോമൻ കൊമ്പനാൽ, ശ്രീജിത്ത് കല്യാണക്കണ്ടം, ബിനു തോമസ്, അനീഷ് കണ്ണമ്പാട്, ജോമി തെക്കുംകാട്ടിൽ, ബാബു തടികുളങ്ങര, ഹുസൈൻകുട്ടി മുബാറക്ക് എന്നിവർ സംസാരിച്ചു.