വീഴ്ചയിലെ പരിക്കു മൂലം ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് കാട്ടാന ചരിയാൻ കാരണമെന്ന് പോസ്റ്റ്മോർട്ടം രേഖകൾ. അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറയിലാണ് കഴിഞ്ഞദിവസം വനത്തിനകത്ത് കാട്ടാന ചരിഞ്ഞതായി കണ്ടെത്തിയത്. നെല്ലിയാമ്പതി വനം റേഞ്ച് ജീവനക്കാരുടെയും വെറ്റിനറി സർജന്റെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വനമേഖലയിൽ തന്നെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആനയുടെ ജഡം സംസ്കരിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ശാരീരിക അവശത മൂലം തീറ്റ തേടാൻ ബുദ്ധിമുട്ടുകയും പൂർണ്ണമായി ദഹിക്കാതെ ഭക്ഷണം വിസർജിച്ച നിലയിലുമാണ് ആനയെ കണ്ടിരുന്നത്. മേഖലയിലെ ജനവാസ മേഖലകളിൽ വാഴ പോലുള്ള എളുപ്പം ദഹിക്കുന്ന തീറ്റ തേടി ജനങ്ങളെ ഭീതിയിലാക്കി ഉൾക്കാട്ടിലേക്ക് പോകാതെ അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ കാർഷിക ജനവാസ മേഖലയിൽ ഈ ആന ഭീതി പരത്തിയിരുന്നു.