കാതുകുത്താൻ അനസ്തേഷ്യ നല്‍കി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അനസ്തേഷ്യ ഓവർഡോസായി നല്‍കിയതാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കള്‍.

കർണ്ണാടകയിലെ ഗുണ്ടല്‍പെട്ടിലാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവം നടന്നതാവട്ടെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും. അനസ്തേഷ്യ ഓവർഡോസായി നല്‍കിയതാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. കാതുകുത്തുമ്ബോള്‍ വേദനിക്കാതിരിക്കാനായി അനസ്തേഷ്യ നല്‍കാനാണ് ഇവർ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വെച്ച്‌ ഡോക്ടർ കുട്ടിയുടെ ഇരുചെവിയിലും കുത്തിവെച്ചു. ഇതിനെ പിന്നാലെ കുഞ്ഞ് അബോധാവസ്ഥയിലാകുകയും മരിക്കുകയും ചെയ്തു.

അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും താലൂക്ക് മെഡിക്കല്‍ ഓഫീസർ അറിയിച്ചിട്ടുണ്ട്.