ക്ഷേമ പെൻഷനിലെയടക്കം കുടിശ്ശിക തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള പണം കണ്ടെത്തലൊരു ചടങ്ങാവുമോ?പ്രഖ്യാപന പ്രകാരം വിവിധ കുടിശ്ശികകള്‍ തീർക്കാൻ 22,000 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.

ക്ഷേമ പെൻഷനും ഡി.എയും ഒഴികെ അധിക പ്രഖ്യാപനങ്ങളും 2025 മാർച്ചിനുള്ളില്‍ തീർപ്പാക്കണം. കടമെടുപ്പ് പരിധിയിലടക്കം കേന്ദ്ര നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വന്തം നിലക്ക് അധിക വരുമാനം കണ്ടെത്താതെ നിയമസഭയില്‍ നല്‍കിയ വാക്കുപാലിക്കാനാവില്ല. വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ വർധന വരുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച്‌ സെക്രട്ടറി തല സമിതി സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകള്‍ സർക്കാറിന്‍റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഈ വർഷവും സംസ്ഥാനത്തിന്‍റെ കടപരിധിയില്‍ 5710 കോടിയുടെ കുറവുണ്ടാകുന്നുണ്ട്.