ജോജി തോമസ്
സാമ്പത്തികപ്രതിസന്ധികാരണം കൃഷിവകുപ്പിൻ്റെ പദ്ധതിച്ചെലവിൽ ഈ വർഷം 44.5 ശതമാനത്തിൻ്റെ കുറവ് വരുത്തി. പദ്ധതികൾക്ക് മുൻഗണന നിശ്ചയിച്ച് പകുതിയോളം ചെലവ് ഒഴിവാക്കാൻ വകുപ്പുകളോട് മന്ത്രിസഭ നിർദേശിച്ചതിന്റെ ഭാഗമായാണിത്.
കൃഷിവകുപ്പിന്റെ വിവിധപദ്ധതികൾക്ക് ഇത്തവണ വകയിരുത്തിയത് 518.20 കോടിയാണ്. ഇതിൽ 230.55 കോടി കുറയ്ക്കും. ശേഷിക്കുന്ന 287.65 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പദ്ധതിച്ചെലവ് പുനരവലോകനസമിതി അനുവാദം നൽകിയത്. കാർഷികമേഖലയുടെ വികസനത്തെ ബാധിക്കുന്ന തീരുമാനമാണിത്.
സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ആനുകൂല്യങ്ങളിലെ കുടിശ്ശിക നൽകാൻ വകുപ്പുകൾ പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. വിള ഇൻഷുറൻസിന് അനുവദിച്ച 33.14 കോടിയും കാർഷികോത്പന്നങ്ങളുടെ വിലയിടിവ് തടയാനുള്ള വിപണി ഇടപെടലുകൾക്കായി വകയിരുത്തിയ 21.50 കോടിയും കുറയ്ക്കണ്ടെന്നാണ് തീരുമാനം.
നെല്ല്, പച്ചക്കറി എന്നിവയുടെ ഉത്പാദനം കൂട്ടാനുള്ള പദ്ധതികൾക്കും കാർഷികരംഗത്തെ യന്ത്രവത്കരണത്തിനും നീക്കിവെച്ച തുക പകുതിയോളം വെട്ടിക്കുറച്ചു.