
പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി നടത്തുന്ന ബലിതർപ്പണം ഇന്ന് ഹൈന്ദവർ ആചരിക്കുന്നു. മരണശേഷം ജീവാത്മാവ് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. പ്രേതാവസ്ഥയിൽ സൂക്ഷ്മശരീരിയായി വർത്തിക്കുന്ന ആത്മാവ് വിവിധ ശ്രാദ്ധകർമ്മങ്ങളിലൂടെ പ്രേതമുക്തി നേടി മോക്ഷം ലഭിക്കുമ്പോൾ പിതൃക്കൾ ആയി തീരുന്നു.
അതായത്, പിതാവ്,പിതാമഹൻ, പ്രപിതാമഹൻ ഇങ്ങനെ നാമുൾപ്പെടെ നാല് തലമുറയിൽ പെട്ടവരും മരണശേഷം പ്രേതാവസ്ഥയിൽ നിന്നും മോക്ഷം നേടിയവരുമാണ് പിതൃക്കൾ.
ഈ പിതൃക്കളെ തൃപ്തി വരുത്തുന്നതിനായി നിശ്ചിത വേളകളിൽ ശ്രാദ്ധ-ദാനാദികൾ നൽകേണ്ടത് അനന്തര തലമുറയിൽ പെട്ടവരുടെ കടമയാണ്. ഇവ വിധിയാംവണ്ണം അനുഷ്ഠിക്കുമ്പോൾ പിതൃക്കളുടെ അനുഗ്രഹത്തിന് നാം പാത്രീഭൂതരാകുന്നു.