കരിമ്പാറ മരുതഞ്ചേരിയിൽ തടയണ നിർമ്മാണ ആവശ്യം ശക്തം.

വേനൽ രൂക്ഷമായതോടെ ജലക്ഷാമം നേരിടുന്ന മരുതഞ്ചേരി, ചള്ള, കാക്കറാങ്കോട്, ഓവു പാറ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. അയിലൂർ പഞ്ചായത്തിലെ കൽച്ചാടി പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് കുറയാൻ കാരണം. പ്രദേശവാസികൾ സ്ഥിരമായി പുഴയിൽ താൽക്കാലിക തടയണ കെട്ടിയാണ് കിണറുകളിലെ ജലനിരപ്പ് ഉയർത്തി നിർത്തിയിരുന്നത്. കുളിക്കാനും കന്നുകാലികളെ കഴുകാനുമായി പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സമയത്ത് തന്നെ താൽക്കാലിക തടയണ പ്രദേശവാസികൾ നിർമ്മിച്ചെങ്കിലും മത്സ്യം പിടിക്കുന്നതിന് മറ്റുമായി ചിലർ തടയണ പൊളിച്ചു മാറ്റിയത് പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കാനും അലക്കാനും കുളിക്കാനും ഉള്ള സ്രോതസ്സുകളും ഇല്ലാതാക്കിയതായി പ്രദേശവാസികൾ പറയുന്നു. രൂക്ഷമായതോടെയാണ് മരുതഞ്ചേരി വണ്ടിക്കടവിന് താഴെയായി സ്ഥിരമായി തടയണ വേണമെന്ന് ആവശ്യം ശക്തമാകുന്നത്. പുഴ വീതി കുറഞ്ഞ ഭാഗത്ത് ചുരുങ്ങിയ ചെലവിൽ തടയണ നിർമ്മിക്കാൻ കഴിയുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തടയണ നിർമ്മാണം ആവശ്യപ്പെട്ട് പ്രദേശവാസികൾ തൃതല പഞ്ചായത്തുകളെയും, ജലസേചന വകുപ്പ്, ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും വർഷങ്ങളായിട്ടും നടപടി ഉണ്ടായില്ല. ഇക്കാര്യം സ്ഥിരമായി പദ്ധതി രൂപീകരണ ഗ്രാമസഭകളിലും ഗ്രാമസഭകളിലും പദ്ധതി രൂപീകരണ വേളകളിലും ഉന്നയിക്കാറുണ്ടെന്ന് വി. ബാബു, എം അഹമദ് കുട്ടി എന്നിവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മൈനർ ഇറിഗേഷൻ എന്നിവയിൽ ഏതെങ്കിലും സ്ഥാപനം മുൻകൈയെടുത്ത് തടയണ നിർമ്മിക്കണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.