
നെന്മാറ കരിമ്പാറയിൽ കാട്ടാന ഇറങ്ങി വീട്ടുവളപ്പുകളിലെ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പുഞ്ചേരി, ചള്ള, ഓവു പാറ , കൽച്ചാടി മേഖലകളിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇരുട്ടുന്നതിന് മുമ്പ് തന്നെ പൂഞ്ചേരിയിലെ കോളനിയിൽ കാട്ടാനയെത്തി. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനം വാച്ചർമാരും ചേർന്ന് രാത്രി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരുത്തിയിരുന്നു. മോഴയാന തൊട്ടടുത്ത പ്രദേശമായ ചള്ള ഭാഗത്ത് കൂടി കൽച്ചാടി പുഴ കടന്നാണ് ജനവാസ മേഖലയായ കോപ്പൻ കുളമ്പിൽ എത്തിയത്. വനമേഖലയിൽ നിന്ന് രണ്ട് കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയാണിത്. രാവിലെ അഞ്ചുമണിക്ക് റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളുടെ ഹെഡ് ലൈറ്റുകളുടെ സാന്നിധ്യമറിഞ്ഞ ശേഷമാണ് കാട്ടാന മടങ്ങിപ്പോയതെന്ന് ടാപ്പിംഗ് തൊഴിലാളി ഗംഗാധരൻ പുളിക്കൽ ചിറ പറഞ്ഞു. കോപ്പൻ കുളമ്പിലെ കർഷകരായ എ. ബലേന്ദ്രൻ, എ. മോഹന കൃഷ്ണൻ, കുര്യാച്ചൻ ചെറു പറമ്പിൽ, എ. ഗിരീഷ്, മോഹൻദാസ് പെരുമാങ്കോട്, കെ. ചെന്താമരാക്ഷൻ തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലുമായി നൂറുകണക്കിന് വാഴകൾ, തെങ്ങുകൾ, പച്ചക്കറി കൃഷികൾ, ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു. കുലച്ചു തുടങ്ങിയ വാഴകളിലെ ഉണ്ണിപ്പിണ്ടി മാത്രമാണ് ആന തിന്നിട്ടുള്ളത്. പ്രദേശത്തെ വീടുകളിലെ നായകളെ പലപ്പോഴായി പുലി പിടിച്ചിട്ടുള്ളതിനാലും കൂടുകളിൽ വളർത്തുന്ന നായകൾ ആനയുടെ മണം എത്തിയാൽ കുരക്കുക പോലും ചെയ്യുന്നില്ലെന്ന് കർഷകർ പറയുന്നു. ആനയെ കൂടാതെ പ്രദേശങ്ങളിലെ മിക്ക കൃഷിയിടങ്ങളിലും, കാട്ടുപന്നി, മാൻ, കുരങ്ങ് മലയെണ്ണാൻ മയിൽ എന്നിവയുടെയും ശല്യമുണ്ട്.
കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ഭാരവാഹികളായ എം അബ്ബാസ്, അബ്രഹാം പുതുശ്ശേരി, ടി. സി. ബാബു, അഹമ്മദ് കുട്ടി, തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി.
വനമേഖലയോട് ചേർന്ന് സൗരോർജ വേലി ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമല്ലെന്ന് കർഷകർ പരാതിപ്പെട്ടു. വേലിയുടെ വൈദ്യുത പ്രഹര ശേഷി കുറഞ്ഞതാണ് കാട്ടാന വേലി തകർത്ത് ജനവാസ മേഖലയിലേക്ക് വരാൻ കാരണമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. കൃഷിവകുപ്പും വനം വകുപ്പും സംയുക്തമായി മേഖലയിൽ സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ച സൗരോർജ വേലിയുടെ പ്രവർത്തനം മാസങ്ങൾ ആയിട്ടും ആരംഭിക്കാത്തതിൽ പ്രദേശവാസികൾ അമർഷം പ്രകടിപ്പിച്ചു. വിള നശിച്ചവർക്ക് ഉയർന്ന നിരക്കിൽ നഷ്ടപരിഹാരം നൽകണമെന്നും. എം എൽ എ, എം പി, ഫണ്ട് ഉപയോഗിച്ച് ദ്രുത പ്രതികരണ സേന ( ആർ ആർ ടി ) യ്‌ക്ക് വാഹനം അനുവദിച്ചെങ്കിലും ജീവനക്കാരുടെ കുറവുമൂലം ആർ ആർ ടി പ്രവർത്തനം ആരംഭിച്ചിട്ടില്ല.
വനംജീവനക്കാരെ വിവരമറിയിച്ചെങ്കിലും പകൽസമയത്ത് വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ കാട് കയറ്റാനുള്ള സംവിധാനം പകൽ ഒരുക്കിയില്ല. വൈകിട്ട് ജീവനക്കാരും കൂടുതൽ സനാഹവുമായി വന്ന് പ്രദേശത്ത് നിന്നും കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്ന് സെക്ഷൻ ഫോറസ്റ്റർ അറിയിച്ചു.