കരിമ്പാറയിൽ റോഡിൽ കരടിയിറങ്ങി; യാത്രക്കാർക്ക് ഭീഷണി.

ജോജി തോമസ്

നെന്മാറ : നെന്മാറ കരിമ്പാറ റോഡിൽ മലയോര മേഖലയായ തളിപ്പാടത്ത് കഴിഞ്ഞദിവസം രാത്രി 7.45 ഓടെയാണ് കരടിയെ കണ്ടത്. കരിമ്പാറയിൽ കോഴിക്കട നടത്തുന്ന പേഴുംപാറ സ്വദേശി ബഷീറാണ് റോഡിൽ നിൽക്കുന്ന കരടിയെ കണ്ടത്. 20 അടിയോളം അകലെ വാഹന വെളിച്ചത്തിൽ കണ്ട കരടി ഏറെനേരം റോഡിൽ തന്നെ നിന്നു. പച്ചക്കറി വിൽക്കുന്ന മറ്റൊരു വാഹനം ശബ്ദമുണ്ടാക്കി വന്നതോടെയാണ് ഇരു വാഹനങ്ങളുടെയും ശബ്ദവും വെളിച്ചവും കണ്ട് കരടി വൈദ്യുതവേലിയുടെ കമ്പികൾക്കിടയിലൂടെ കാട്ടിലേക്ക് കയറി പോയത്. വൈകിട്ടും അതിരാവിലെയും ഈ റോഡിലൂടെ നിരവധി ആളുകൾ പ്രഭാത സായാഹ്ന സവാരികൾ നടത്താറുള്ളതാണ്. ഇടയ്ക്കിടെ കാട്ടുപന്നിയും മാനും റോഡിൽ കാണാറുണ്ടെങ്കിലും വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും കേട്ടാൽ ഓടിമറയുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ മഴക്കാലത്ത് ഒന്ന് രണ്ട് തവണ തുടർച്ചയായി കാട്ടാനയും ഈ പ്രദേശത്ത് റോഡിൽ ഇറങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം കണ്ട കരടി നിർത്തിയിട്ട വാഹനത്തിന്റെ വെളിച്ചത്തിലേക്ക് നോക്കി നിൽക്കുകയാണ് ചെയ്തതെന്നും റോഡിൽനിന്ന് മാറിപ്പോകാതെ വിലയുറപ്പിച്ചത് പേടിപ്പെടുത്തിയെന്നും ബഷീർ പറഞ്ഞു. പേടിച്ച ബഷീറിന് ഒച്ചയെടുക്കാനോ വാഹനം തിരിച്ചു ഓടിക്കാനോ കഴിഞ്ഞില്ല. പ്രദേശത്ത് തെരുവു വിളക്കുകൾ കപ്പാത്തത് വന്യമൃഗങ്ങൾ റോഡിൽ ഇറങ്ങുന്നതിന് കാരണമായെന്ന് പ്രദേശവാസികൾ പറഞ്ഞു. കരടിയെ കണ്ട പ്രദേശത്ത് ഇരുന്നുറു മീറ്ററോളം ദൂരത്തിൽ വീടുകൾ ഇല്ലാത്തതും ആളൊഴിഞ്ഞ ഭാഗത്തെ കനാലിലെയും തൊട്ടടുത്ത കുളത്തിലെയും വെള്ളം തേടി വന്നതാണെന്നും റോഡരികിൽ ഉപേക്ഷിച്ച മാലിന്യവും കരടിയെ ആകർഷിച്ചിട്ടുണ്ടാവാമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.