
കരിമ്പാറ ചേവണി മേഖലയിൽ കാട്ടാന വ്യാപകമായി നാശം വരുത്തി. വാഴ, ഫലവൃക്ഷങ്ങൾ, പച്ചക്കറി ചെടികൾ, കുടിവെള്ള പൈപ്പുകൾ, പാചകപ്പുര, വീട്ടു പരിസരത്തിലെ വിറകുപുര, ശുചിമുറികൾ എന്നിവ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സമീപപ്രദേശങ്ങളിൽ കഴിഞ്ഞ കുറേ ദിവസമായി നാശം വരുത്തിയിരുന്ന മോഴയാന ചേവിണി മേഖലയിൽ ഇറങ്ങിയത്. വനമേഖലയോട് ചേർന്ന് സൗരോർജ്ജ വേലി തകർത്ത് 15 ഓളം വീടുകളുള്ള ചേവണിയിലെ വീട്ടുവളപ്പുകളിൽ വിഹരിച്ചാണ് നാശം വരുത്തിയിട്ടുള്ളത്. രാവിലെ 5 മണിയോടെ ചേവിണിയിലെ എം. അലിയാറിന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന മുരിങ്ങക്കമ്പ് ഓടിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ആനയുടെ സാന്നിധ്യം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ അയൽക്കാരെയും വിളിച്ച് ഒച്ച വച്ചതിനുശേഷമാണ് ആന പ്രദേശം വിട്ടുപോയത്. നെറ്റ് വേലിയും അടുക്കളയുടെ ഒരുവശവും വീട്ടുവളപ്പിലെ വാഴ പച്ചക്കറി തുടങ്ങിയ കാർഷിക വിളകൾ മുഴുവൻ നശിപ്പിച്ചു. സമീപത്ത് താമസിക്കുന്ന എം. നബീസ, ഇ. അസ്സനാർ, ശോഭന അനിൽകുമാർ, സുലൈഖ മജീദ്, കെ. നബീസ, മനു. എം, സജിത, നൗഷാദ്, കാസിം, ജമീല, ജീ. രാജൻ, തുടങ്ങിയവരുടെ അടുത്തടുത്ത വീട്ടുവളപ്പുകളിലൂടെ നടന്ന കാട്ടാന വേലികൾ, വിറകുപുര, ചെറു ജലസംഭരണി, തുടങ്ങിയവ ചവിട്ടി നടന്ന നശിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് കൂടെ നടന്ന കാട്ടാനയുടെ കാൽപ്പാടുകൾ പ്രദേശവാസികളെ ഭീതിയിലാക്കിയതായി വീട്ടമ്മമാർ പരാതിപ്പെട്ടു. രാവിലെ ആറുമണി വരെ മോഴയാന പ്രദേശത്ത് വിഹരിച്ചത് അതിരാവിലെ റബ്ബർ ടാപ്പിംഗ്, പാൽ വിതരണം തുടങ്ങി ദൂരദിക്കുകളിലേക്ക് ജോലിക്ക് പോകുന്നവരും ഭീതിയിലായി.