കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്‌: കഞ്ചിക്കോട് കാര്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് പത്തുലക്ഷം രൂപയും കണ്ടെടുത്തു. കഞ്ചിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ സ്വദേശികളുടെ കാര്‍ തടഞ്ഞുനിര്‍ത്തി നാലര കോടിയോളം രൂപ കൊള്ളയടിച്ച കേസിലാണ് മൂന്ന് പേരെ കസബ പോലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി വിജില്‍, മുണ്ടൂര്‍ കോങ്ങാട് സ്വദേശികളായ അസീസ്, വിനോദ് എന്നിവരാണ് കോങ്ങാട് നിന്ന് പിടികൂടിയത്. കോയമ്പത്തൂർ, തൃശ്ശൂര്‍ സ്വദേശികളാണ് നേരിട്ട് കവര്‍ച്ച നടത്തിയത്.

 

എന്നാല്‍, നിലവില്‍ കസ്റ്റഡിയിലുള്ള കോങ്ങാട് സ്വദേശി അസീസ് ആണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് എന്നാണ് പ്രതികളെ ചോദ്യം ചെയ്യതതില്‍ നിന്ന് വ്യക്തമായത്. അസീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് മറ്റു പ്രതികള്‍ ഈ കവര്‍ച്ചയ്ക്ക് എത്തിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച ലോറിയും പോലീസ് കണ്ടെടുത്തു. കൊള്ളയടിച്ച പണം തൃശ്ശൂര്‍ സ്വദേശിയായ ഒരു പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. കസ്റ്റഡിയിലായ പ്രതികളുമായി പോലീസ് തൃശ്ശൂരില്‍ വെച്ച്‌ തെളിവെടുപ്പ് നടത്തി. കൊള്ളയടിച്ച പണം തന്നെയാണോ തെളിവെടുപ്പിനിടെ കണ്ടെടുത്തത് എന്നുള്‍പ്പെടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

ചിറ്റൂര്‍, പാലക്കാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അതേസമയം പരാതിക്കാരുടെ കാറില്‍ നിന്നും പണം സൂക്ഷിച്ച രഹസ്യ അറ കണ്ടെത്തി. അന്തര്‍സംസ്ഥാന കുഴല്‍പ്പണ സംഘത്തിന് ഈ കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.