കാണാതായ വയോധികയെ കുറിച്ച് ഒരാഴ്ചയായും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) യെയാണ് ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തത്. നവംബർ 18ന് നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽ നിന്നും ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്ന് മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ നാൾ മുതൽ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി ജോബി റബ്ബർ തോട്ടത്തിന് സമീപത്തുകൂടെ തങ്കയോട് രൂപസാദൃശ്യമുള്ളയാൾ നടന്നു പോകുന്നത് കണ്ടിരുന്നതായി വിവരം നൽകിയത്. അന്വേഷണത്തിൽ സമീപത്തെ വീട്ടിൽ വെള്ളം ചോദിച്ചു വയോധിക വന്നിരുന്നതായും വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മേഖലയിൽ പോലീസ് കഴിഞ്ഞ കുറച്ചുദിവസമായി അന്വേഷണം നടത്തിയിരുന്നെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. കഴിഞ്ഞദിവസം നെന്മാറ പോലീസും തിരുവഴിയാട് വനം സെക്ഷൻ ജീവനക്കാരും, വനം വാച്ചർമാർ ഹോം ഗാർഡുകാർ പാലക്കാടുനിന്ന് പോലീസ് നായ എന്നിവയുടെ സഹായത്തോടെ മേഖലയിൽ പരിശോധന നടത്തി. പുഞ്ചേരി ഭാഗത്തെ റബ്ബർ തോട്ടങ്ങളിലും, വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും പുഞ്ചേരി അരക്കുന്ന് വനമേഖലയിൽ രണ്ട് കിലോമീറ്ററോളം ഉൾവനത്തിലും പ്രദേശവാസികളുടെ സഹായത്തോടെ സംയുക്ത ദൗത്യസംഘം രാവിലെ 10 മുതൽ 1 വരെ തിരച്ചിൽ നടത്തിയെങ്കിലും തങ്കയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്. ഐ. അബ്ദുൾ നാസർ, സി.പി. ഒ. മാരായ റഫീസ്, ബാബു. എച്ച് പ്രദീപ് കുമാർ, അനൂപ്, ഹോം ഗാർഡ് ബാലൻ, ബി. എഫ്. ഒ. സെന്തിൽ കുമാർ, വനം വാച്ചർ മാരായ രവി, ബാലൻ, മണി പ്രദേശവാസികൾ എന്നിവർ അടങ്ങിയ സംഘമാണ് പുഞ്ചേരി വനമേഖലയിലും സമീപത്തെ റബ്ബർ തോട്ടങ്ങളിലും തിരച്ചിൽ നടത്തിയത്. ഹരിത കർമ്മ സേനാംഗങ്ങളും തൊഴിലുറപ്പു തൊഴിലാളികളും ഒലിപ്പാറ മേഖലയിൽ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയതായി നെന്മാറ പോലീസ് അറിയിച്ചു. കാണാതായ തങ്കയുടെ ഫോട്ടോ നെന്മാറ പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ വിവരമറിയിക്കണമെന്ന് നെന്മാറ പോലീസ് ആവശ്യപ്പെട്ടു.
കാണാതായ വയോധിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുന്ന സംഘം.👇