കനത്ത മഴയും കാറ്റും കാർഷിക മേഖലയിൽ വ്യാപക നാശം. വിളവെടുപ്പ് തുടങ്ങിയ പാവൽ പന്തലുകൾ കാറ്റിലും മഴയിലും വീണതിനെത്തുടർന്ന് രണ്ട് ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി കൃഷിവകുപ്പ് വിലയിരുത്തി. അയിലൂർ പാളിയമംഗലം, കുറുമ്പൂർ പ്രദേശത്തെ കർഷകരായ എൻ.സുന്ദരന്റെ ഒരു ഏക്കർ, ബാബു, താജ് എന്നിവരുടെ 40 സെന്റ് വീതം വലിപ്പമുള്ള പാവൽ പന്തലുകളാണ് കനത്ത മഴയിൽ വീണ് നശിച്ചത്. മുള ഇരുമ്പ് കമ്പികൾ, പ്ലാസ്റ്റിക് കയർ എന്നിവ ഉപയോഗിച്ച് ഏഴ് അടിയിലേറെ ഉയരത്തിൽ നാലു വശത്തേക്കും കമ്പികൾ വലിച്ചുകെട്ടി നിരവധി താങ്ങു കാലുകളുടെ സഹായത്തോടെ സംരക്ഷിച്ചു നിർത്തിയ മൂന്നു പന്തലുകളാണ് നിലംപൊത്തിയത് . കനത്ത മഴയിൽ ഉണ്ടായ ഭാരവും, വിളവെടുപ്പിന് പാകമായ പാവലിന്റെ കനവും, മഴയിൽ മണ്ണ് കുതിർന്ന സമയത്തുണ്ടായ കാറ്റും പന്തലുകൾ ഒരു വശത്തേക്ക് ചരിഞ്ഞു വീഴാൻ ഇടയായത്. സാമ്പത്തിക ചെലവുണ്ടെങ്കിലും കർഷകരും തൊഴിലാളികളും ചേർന്ന് താജ് എന്ന കർഷകയുടെ പന്തൽ ഭാഗികമായി പുതിയ കമ്പികൾ കെട്ടി വലിച്ച് ഉയർത്തി നിർത്തിയെങ്കിലും വീണ്ടും മഴയിൽ ചാഞ്ഞു നിൽക്കുകയാണ്. കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് അയിലൂർ കൃഷി ഓഫീസർ ബി. കൃഷ്ണ. അസിസ്റ്റൻ്റുമാരായ സി. സന്തോഷ്, വി. രമ, വിഎഫ്പിസികെ പ്രതിനിധി ബി. ബബിത കർഷകസമിതി പ്രസിഡന്റ് സുരേഷ്, രാജൻ എന്നിവരും സ്ഥലത്തെത്തി.