പാലക്കാട് ചിറ്റൂർ മേഖലയിൽ ആറു ഷാപ്പുകളിൽനിന്നെടുത്ത കള്ളിന്റെ സാമ്പിളുകളിൽക്കൂടി ലാബ് പരിശോധനയിൽ ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്ന് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ആറ്, ഏഴ്, എട്ട് ഗ്രൂപ്പുകളിലെ 15 ഷാപ്പുകൾ പൂട്ടി. ലൈസൻസും റദ്ദാക്കി. കാക്കനാട് രാസപരിശോധനാ ലാബിൽ നടത്തിയ പരിശോധനയിലാണ് ചിറ്റൂർ ആറാം ഗ്രൂപ്പിലെ മുളക്കാട്, ഏഴാം ഗ്രൂപ്പിലെ മീനാക്ഷിപുരം, എട്ടാം ഗ്രൂപ്പിലെ അഞ്ചുവള്ളക്കാട് എന്നീ ഷാപ്പുകളിലെ കള്ളിൽ ചുമമരുന്നിൻ്റെ അംശം കണ്ടെത്തിയത്. നിലവിൽ പൂട്ടിക്കിടക്കുന്ന ഒൻപതാം ഗ്രൂപ്പിലെ കുറ്റിപ്പള്ളം, ഗോപാലപുരം, വെമ്പാറ വെസ്റ്റ് എന്നീ ഷാപ്പുകളിലെ കള്ളിലും ചുമമരുന്ന് സാന്നിധ്യം കഴിഞ്ഞദിവസം സ്ഥീരികരിച്ചു.