ഈ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ ഉറപ്പാക്കി ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 30ന് പുന:പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. മൂല്യനിർണയം പൂർത്തിയാക്കി എട്ടാം ക്ലാസ് വാർഷിക പരീക്ഷ പേപ്പറുകൾ ഏപ്രിൽ 4നകം അതത് അധ്യാപകർ സ്കൂളുകളിൽ ഏൽപ്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ പട്ടിക ഏപ്രിൽ 5ന് തയാറാക്കി നൽകണം.
മാർക്ക് കുറഞ്ഞവർക്ക് ഏതുരീതിയിൽ പഠന പിന്തുണ വേണം എന്നത് തീരുമാനിക്കാൻ ഏപ്രിൽ 5ന് തന്നെ സ്കൂൾ റിസോഴ്സ് ഗ്രൂപ് ചേർന്ന് തീരുമാനിക്കണം. പഠന പിന്തുണയുടെ ആവശ്യകത വിദ്യാർത്ഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തി അറിയിക്കണം.
ഏപ്രിൽ എട്ട് മുതൽ 24 വരെ രാവിലെ 9.30 മുതൽ 12.30 വരെ പഠന പിന്തുണ ക്ലാസുകൾ നൽകണം. 30 ശതമാനം കിട്ടാത്ത വിഷയങ്ങളിലായിരിക്കും പഠന പിന്തുണ ക്ലാസുകൾ. അധ്യാപകരെയോ, ഗസ്റ്റ് അധ്യാപകരെയോ, വിരമിച്ച അധ്യാപകരെയോ ഉപയോഗിച്ച് ക്ലാസ് നടത്താം. ക്ലാസുകളുടെ സമയം സ്കൂളുകൾക്ക് ക്രമീകരിക്കാം.
ശാരീരിക വൈകല്യമുള്ള കുട്ടികളെ ക്ലാസുകളിൽനിന്ന് ഒഴിവാക്കണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പഠന പിന്തുണയും പുനഃപരീക്ഷയും നടത്തി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകും. മിനിമം മാർക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുന:പരീക്ഷ നടത്തുന്നത്.
അടുത്ത വർഷം എട്ടാം ക്ലാസിന് പുറമെ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. 2026-27 അധ്യയന വർഷത്തിലാണ് എസ്എസ്എൽസി പരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുക.