കാൽ വിരലിൽ മുറിവ്, മുറിച്ചു മാറ്റി; ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ബന്ധുക്കൾ വീട്ടിൽ കയറ്റിയില്ല; വയോധികന് ആശുപത്രി അഭയകേന്ദ്രം..!*

ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത രോഗിയെ ബന്ധുക്കൾ വീട്ടിൽ കയറ്റാതായതോടെ വീണ്ടും ആശുപത്രിയിൽ അഭയം നൽകി അധികൃതർ. കഴിഞ്ഞ ഒന്നരമാസത്തോളമായി കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പൊന്നാനി കിണർ സ്വദേശിയായ എഴുപത്തിനാലുകാരനെയാണ് ബന്ധുക്കൾ ഇന്നലെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പറയുന്നത്.

കാലിലെ വിരലുണ്ടായിരുന്ന മുറിവിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ നിന്ന് വിരൽ മുറിച്ചുമാറ്റിയ വയോധികൻ ഒന്നരമാസം മുൻപാണ് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ഒന്നരമാസമായിട്ടും ഇയാൾ ആശുപത്രി വിടാതായതോടെയാണ് ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിക്കാൻ ആശുപത്രി അധികൃതർ ശ്രമം നടത്തിയത്.

ഇയാൾക്കൊപ്പം ആരും ഇല്ലാത്തതിനാൽ കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവറായ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലാണ് സൗജന്യമായി പൊന്നാനിയിലെ വീട്ടിലെത്തിച്ചത്. ഇയാൾ പറഞ്ഞതുപ്രകാരം വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ സ്വീകരിക്കാൻ തയാറായില്ല.

*പൊന്നാനി നഗരസഭയിലെ കൗൺസിലർ അടക്കം 3 പേർ ആംബുലൻസ് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ആംബുലൻസ് ഡ്രൈവർ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ടോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ അടുത്ത ദിവസം തവനൂർ വയോജന മന്ദിരത്തിലേക്ക് മാറ്റാണ് ആശുപത്രി അധികൃതരുടെ തീരുമാനം