അയിലൂർ പഞ്ചായത്തിലെ കൽച്ചാടിയിൽ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച രാവിലെ കൽച്ചാടിയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയ ചേവിണി ബാബു, മഞ്ജു ദമ്പതികളാണ് കാട്ടാനക്കൂട്ടത്തെ രാവിലെ 7.30 ഓടെ കാട്ടാന കൂട്ടത്തെ കണ്ടത്. കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് തൊഴിലാളികൾ ഒച്ച വച്ചതോടെ സമീപത്തെ പുഴയുടെ വശത്തുകൂടി വനത്തിലേക്ക് കാട്ടാനകൾ കയറിപ്പോയി. കൽച്ചാടിയിലെ റബ്ബർ തോട്ടം ഉടമയായ എം. അബ്ബാസ് ഒറവഞ്ചിറയുടെ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം പകൽ നിലയുറപ്പിച്ചത്. മുൻപ് രാത്രികാലങ്ങളിൽ മാത്രം കൃഷിയിടങ്ങളിൽ വന്നിരുന്ന കാട്ടാനകൾ ഇപ്പോൾ പകൽ സമയത്തും കൃഷിയിടങ്ങളിൽ വരുന്നത് തൊഴിലാളികൾക്ക് ഭീഷണിയായി. കാട്ടാന പേടിയിൽ കുറച്ചു വർഷങ്ങളായി മേഖലയിൽ അതിരാവിലെ നടക്കാറുള്ള റബ്ബർ ടാപ്പിംഗ് 7 മണിക്ക് ശേഷമാണ് ആരംഭിക്കാറുള്ളത്. പകൽ സമയങ്ങളിൽ തുടർന്നും കാട്ടാനയുടെ സാന്നിധ്യം റബ്ബർ തോട്ടങ്ങളിൽ ഉണ്ടായാൽ പ്രദേശത്തെ റബ്ബർ ടാപ്പിംഗ് നിലയ്ക്കുമെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു. കാട്ടാന ഭീതിയിൽ കൽച്ചാടി മേഖലയിൽ താമസിച്ചിരുന്ന കർഷകർ പലരും പ്രദേശത്തുനിന്ന് മാറി താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
സൗരോർജ്ജ വേലി രാത്രി സമയങ്ങളിൽ ഏതാനും മണിക്കൂറുകൾക്കു ശേഷം പ്രവർത്തനരഹിതമാകുന്നതാണ് കാട്ടാനകൾ അതിരാവിലെയും പകൽ സമയത്തും കാർഷിക ജനവാസ മേഖലയിൽ വരുന്നതിന് കാരണം. കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി കേന്ദ്രസർക്കാർ കൃഷിവകുപ്പിന്റെ 2.29 കോടി രൂപ ചെലവിൽ 27.5 കിലോമീറ്റർ ദൂരം നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലായി വനം വകുപ്പ് മുഖേന സ്ഥാപിക്കാൻ നിർദ്ദേശിച്ച സൗരോർജ്ജ തൂക്കു വേലിയുടെ നിർമ്മാണം മേഖലയിൽ ആരംഭിച്ചിട്ടില്ല. ടെൻഡർ നടപടികൾക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. സമാന രീതിയിലുള്ള തൂക്കുവേലി നിർമ്മാണം മണ്ണാർക്കാട് മേഖലയിൽ ആരംഭിക്കുകയും ചെയ്തു.10 ദിവസം മുമ്പ് കാട്ടാനക്കൂട്ടം മേഖലയിലെ വിവിധ കൃഷിയിടങ്ങളിൽ എത്തി ഫലവൃക്ഷങ്ങളും കമുകുകളും ഉൾപ്പെടെ വ്യാപകനാശം വരുത്തിയിരുന്നു.