പാലക്കാട് ചിറ്റൂരിൽ ഓണം മുന്നിൽക്കണ്ട് ചെണ്ടുമല്ലി കൃഷി ചെയ്‌തവർക്ക് കാലം തെറ്റി മഴ പെയ്തതുമൂലം ഒരു കിലോ പൂവുപോലും വിൽക്കാനായില്ല. ചെടി നട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ തോരാതെ പെയ്‌ത മഴയിൽ ചെടികളുടെ വളർച്ച മുരടിച്ചു. സമയത്തിന് വളം നൽകാനും കഴിഞ്ഞില്ല. ഓണസീസൺ കഴിഞ്ഞപ്പോൾ ചെടികൾ പൂത്തു. ഓണത്തിന് കിലോയ്ക്ക് 250 രൂപവരെയുണ്ടായിരുന്ന വില ഇപ്പോൾ 35 മുതൽ 40 രൂപ വരെയായി. പൂ ആവശ്യപ്പെട്ട് ആരും വരുന്നുമില്ല. മാർക്കറ്റിൽ കൊണ്ടുപോയി വ്യാപാരികൾ പറഞ്ഞ വിലയ്ക്ക് കൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. തമിഴ്‌നാട്ടിൽനിന്ന് പൂക്കളുടെ വരവ് കൂടിയതും കർഷകർക്ക് തിരിച്ചടിയായി.
