ആലത്തൂർ പൊലീസിന്റെ കാരുണ്യത്തിനൊപ്പം കൂട്ടുകെട്ട് എന്ന പ്രാദേശിക കൂട്ടായ്മയും കൈകോർത്തപ്പോൾ നിരാലംബരായ ഒരു കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങി. കാവശ്ശേരി പഞ്ചായത്ത് വടക്കേനട സ്വദേശി സജിതയുടെ ജീവിതം മാറിമറിഞ്ഞത് പെട്ടന്നായിരുന്നു.
2024 സെപ്റ്റംബർ 21ന് ഭർത്താവ് സുധീഷ് ആത്മഹത്യ ചെയ്തു. 41ാം ദിവസം മകൻ സൂരജും അച്ഛൻ തൂങ്ങി മരിച്ച അതേ സ്ഥലത്ത് ജീവനൊടുക്കി. അടുപ്പിച്ചുണ്ടായ രണ്ട് ദുരന്തങ്ങൾ കുടുംബത്തെ തളർത്തി. തൂണുകൾ മാത്രം കെട്ടിപ്പൊക്കിയ നിലയിലായിരുന്നു വീടിന്റെ അവസ്ഥ.
ഈ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ ടി.എൻ.ഉണ്ണിക്കൃഷ്ണൻ വീട് സന്ദർശിക്കുന്നത്.15, 7 വയസ്സുള്ള വിദ്യാർഥികളായ രണ്ട് ആൺകുട്ടികളാണ് സുജിതയ്ക്കൊപ്പമുള്ളത്.
കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട ഇൻസ്പെക്ടർ സജിതയുടെ കുടുംബത്തിന് മനോധൈര്യം നൽകി. ജനമൈത്രി പൊലീസും, നാട്ടുകാരും, ടി.എൻ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഇവർക്കു വേണ്ടി വീട് പണി തുടങ്ങി. ജനങ്ങളുടെ സ്നേഹം കല്ലിന്റെയും മണ്ണിന്റെയും ടൈലുകളുടെയും രൂപത്തിലെത്തിയപ്പോൾ കരാറുകാരൻ രതീഷും ഒപ്പംനിന്നു. അങ്ങനെ ജീവിതത്തിന്റെ മുൻപിൽ പകച്ചു നിന്ന ഒരു കുടുംബത്തിന് പുതുജീവൻ ലഭിക്കുകയായിരുന്നു. ഈ സ്നേഹ ഭവനത്തിന്റെ താക്കോൽ ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരൻ ഇന്ന് കുടുംബത്തിന് കൈമാറി.