സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു



സിനിമ- സീരിയല്‍ താരം കൈലാസ് നാഥ്(65) അന്തരിച്ചു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

 

 

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്‌ച. സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ്‌ കൈലാസ് നാഥ് ശ്രദ്ധിക്കപ്പെടുന്നത്‌. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് ‌മലയാളത്തിൽ “ഇതു നല്ല തമാശ” എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ചിരഞ്ജീവി, ശങ്കർ, ശ്രീനാഥ്, നാസർ എന്നിവർക്കൊപ്പം ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പഠനം പൂർത്തിയാക്കിയ കൈലാസ് 1977ൽ പുറത്തിറങ്ങിയ “സംഗമം” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. “ഒരു തലൈ രാഗം” എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പർ ഹിറ്റായി മാറി. പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ തൊണ്ണൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. സേതുരാമയ്യർ സിബിഐയിലെ സ്വാമിയായും സ്വന്തമെന്ന പദത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവർഷത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു