കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.

  1. *കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.*
    കൊല്ലങ്കോട് : കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അബ്ദുള്‍ ഹക്കീമിനെയാണ്‌ തൃശ്ശൂര്‍ വിജിലൻസ് കോടതി ശിക്ഷിച്ചത്. ബില്‍ഡിങ് പെര്‍മിറ്റിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.

രണ്ടു വകുപ്പുകളില്‍ ആയി മൂന്നുവര്‍ഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം ആകെ രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കഠിന തടവ് ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നു വിജിലന്‍സ് കോടതി ജഡ്ജി ജി അനില്‍ പുറപ്പെടുവിച്ച വിധി ന്യായത്തില്‍ പറയുന്നു. അതേസമയം പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. 2007-ല്‍ അബ്ദുള്‍ഹക്കീം കൊല്ലംകോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെയാണ് സംഭവം. പരാതിക്കാരനായ ജി പ്രകാശൻ തന്റെ ഉടമസ്ഥതയിലുള്ള സായി മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനത്തിന് ബില്‍ഡിങ് നമ്പര്‍ ലഭിക്കുന്നതിനായി ഡീവിയേഷൻ പ്ലാൻ സമര്‍പ്പിച്ചിരുന്നു. പ്ലാൻ അംഗീകരിക്കുന്നതിനും ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിച്ചു കിട്ടുന്നതിനുമായി അബ്ദുല്‍ ഹക്കീം 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരനോട് നേരത്തെ വാങ്ങിയ 6000 രൂപക്ക് പുറമെയാണ് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രകാശൻ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസിന്റെ നിര്‍ദ്ദേശപ്രകാരം പണം കൈമാറുന്നതിനിടെ തൃശൂര്‍‌ വിജിലന്‍സ് ഡി.വൈ.എസ്.പി യായിരുന്ന സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുല്‍ ഹക്കീമിനെ കൈയോടെ പിടികൂടിയത്. ഡി വൈ എസ് പി ആയിരുന്ന കെ സതീശൻ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഇ ആര്‍ സ്റ്റാലിൻ ആണ് വിജിലന്‍സിനു വേണ്ടി ഹാജരായത്.