കടുവയെ കിടുവ പിടിച്ചെന്നോ?.. മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റ തിരച്ചിലിനായി ആർആർടിയും സംഘവും ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല!

മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റെ ദ്രുതപ്രതികരണ സംഘമെത്തി. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനപാലകരും ചേർന്ന് ചൊവ്വാഴ്‌ച രാത്രിമുതൽ ബുധനാഴ്ച പുലർച്ചെവരെ പ്രദേശത്ത് ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല. നേർച്ചപ്പാറയിലും കടമാംകുന്നിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.
ചൊവ്വാഴ്ച‌ രാവിലെ നേർച്ചപ്പാറയിൽ താഴത്തേൽ സണ്ണി, തന്റെ വീടിനു സമീപമുള്ള കൃഷിയിടത്തിൽ കടുവയെ കണ്ടത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്ക് കടുവ ഓടിപ്പോവുകയായിരുന്നെന്ന് സണ്ണി പറഞ്ഞു.
വനത്തിനുള്ളിലേക്ക് തിരികെ കയറിപ്പോയോ എന്ന് ഉറപ്പില്ലാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെയും വൈകീട്ടും പുറത്തിറങ്ങരുതെന്ന് വനംവകുപ്പധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യത്തെത്തുടർന്ന് റബ്ബർ ടാപ്പിങ്ങിന് പോകാനും കഴിയാത്ത സ്ഥിതിയാണ്. രണ്ടാഴ്‌ചമുൻപ് നേർച്ചപ്പാറയിൽനിന്ന് 10 കിലോമീറ്റർ കടപ്പാറയ്ക്കു സമീപവും കടുവയെ കണ്ടിരുന്നു. പറമ്പിക്കുളം കടുവസങ്കേത്തതിൽ നിന്നാണ് കടുവയെത്തിയതെന്നാണ് വനംവകുപ്പധികൃതരുടെ നിഗമനം.