
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഒലിപ്പാറ, ഓവു പാറയിൽ ഒറ്റയാൻ എത്തിയത്. റോഡിൽ ആനപ്പിണ്ഡവും കിടപ്പുണ്ട്. തൊട്ടടുത്ത ലീലാമ്മ വർഗീസ് ഓണായിക്കര, ബേബി എന്നിവരുടെ കൃഷിയിടങ്ങളിൽ എത്തി ഇരുപതോളം വാഴകളും റബ്ബർ തൈകളും നശിപ്പിച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്ന് ടോർച്ച് വെളിച്ചത്തിലാണ് കാട്ടാനയെ വീട്ടുവളപ്പിൽ നിൽക്കുന്നത് കണ്ടത്. ഭയചകിതരായ ലീലാമ്മയുടെ വീട്ടുകാരും നായകളും ഒച്ച വച്ചിട്ടും ഒറ്റയാൻ തിരികെ പോയില്ല. ഒച്ച വയ്ക്കുമ്പോഴും ടോർച്ച് അടിക്കുമ്പോഴും ഒറ്റയാൻ നിശബ്ദനായി അല്പസമയം അനങ്ങാതെ നിൽക്കുകയാണ് ചെയ്യുന്നത്. ഫോണിൽ അയൽക്കാരെയും മറ്റും വിളിച്ചെങ്കിലും രാത്രിയിൽ ഒറ്റയാനാണോ കൂട്ടമാണോ എന്നറിയാത്തതിനാൽ ആർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വനം വാച്ചറെ വിവരമറിയിച്ച് വാച്ചർ റഷീദ് പടക്കവുമായി എത്തിയാണ് കാട്ടാനയെ ഒരു മണിക്കൂറിനു ശേഷം കൃഷിയിടത്തിൽ നിന്നും ആനയെ തുരത്തിവിടാനായത്. . കഴിഞ്ഞയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിലും കനത്ത മഴയിലും പ്രദേശത്തെ വൈദ്യുത വേലി മരങ്ങളും മണ്ണും വീണ് മറിഞ്ഞു കിടന്ന പ്രവർത്തനരഹിതമാണ്. വനം വാച്ചർ മാരുടെ നേതൃത്വത്തിൽ വൈദ്യുതവേലി ഭാഗികമായി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ ഒറ്റയാൻ നേർച്ചപ്പാറ, ഒലിപ്പാറ, പൂഞ്ചേരി, കൽച്ചാടി, ചള്ള തുടങ്ങിയ പ്രദേശങ്ങളിൽ മാറിമാറി കൃഷിയിടത്തിൽ വരാറുണ്ട്, കഴിഞ്ഞയാഴ്ച വണ്ടാഴി പഞ്ചായത്തിലെ നേർച്ചപ്പാറയിലാണ് ഒറ്റയാൻ തുടർച്ചയായി രണ്ടുദിവസം കൃഷിയിടത്തിൽ എത്തിയത്. അവിടെ നിന്ന് തുരുത്തിയ കാട്ടാനയാണ് കിലോമീറ്ററുകൾ മാറി അയിലൂർ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ എത്തുന്നത്. കഴിഞ്ഞദിവസം വനപാലകർ പകൽ സമയത്ത് ഉൾപ്പെടെ കാട്ടാനയെ കണ്ട് ഉൾ വനത്തിലേക്ക് തുരുത്തിയിരുന്നതാണ്. ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും ആന മറ്റൊരിടത്ത് കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും എത്തിയത് പ്രദേശവാസികളെ ഭയാശങ്കയിലാക്കി. മേഖലയിൽ ഉണ്ടായിരുന്ന മറ്റൊരു കൂട്ടം കാട്ടാനകളെയും കഴിഞ്ഞദിവസം വനപാലകർ ഉൾക്കാട്ടിലേക്ക് തുരത്തി ഇരുന്നു. കൂട്ടത്തോടെ നടക്കുന്ന കാട്ടാനകൾ ഉൾക്കാട്ടിലേക്ക് പോകുന്നുണ്ടെങ്കിലും കൂട്ടംതെറ്റി നടക്കുന്ന ഒറ്റയാൻ തുടർച്ചയായി കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് കർഷകരെയും വനം ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. വൈദ്യുത വേലി അതിവിദഗ്ധമായി ഒറ്റയാൻ പലയിടങ്ങളിലും മരങ്ങൾ തള്ളിയിട്ട് നശിപ്പിക്കുന്നത് പതിവാണെന്ന് വാച്ചർമാരും പറയുന്നു. 8 കിലോമീറ്റർ ഓളം ദൂരത്തിൽ അയിലൂർ വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകളിൽ സ്ഥിരമായി കാണുന്ന ഒറ്റയാനെ പ്രദേശത്തുനിന്ന് മയക്കുവെടി വച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
