കടപുഴകിയ മരം നീക്കിയില്ല, അപകട ഭീഷണി ഉയർത്തുന്നു.

മരം കടപുഴകിയതുമൂലമുള്ള ഗർത്തം നികത്തിയില്ല. അപകടഭീഷണിയായി മരത്തിന്റെ വേരുകളും. ടാർ റോഡിനോട് ചേർന്ന് മരത്തിന്റെ വേരുകൾക്കൊപ്പം പോയ മണ്ണ് വാഹനങ്ങൾക്ക് വശം കൊടുക്കാൻ സൗകര്യം ഇല്ലാതായി. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഗർത്തം രൂപപ്പെട്ട സ്ഥലത്ത് അപകടം മുന്നറിയിപ്പും സ്ഥാപിച്ചില്ല. ഒരു മാസമായിട്ടും മരം മുറിച്ചു മാറ്റാതെ അപകട ഭീഷണിയായി റോഡിൻ്റെ വശത്ത് കിടക്കുന്നു. നെന്മാറ അടിപ്പെരണ്ട റോഡിൽ തിരുവഴിയാടിനു സമീപമായുള്ള വളവിലാണ് അപകടഭീഷണിയായി തീർന്ന മരം കിടക്കുന്നത്. നെൽപ്പാടത്തേക്ക് മറിഞ്ഞതിനാൽ 10 സെന്റ് സ്ഥലത്തെ നെൽകൃഷിയും നശിച്ചു. പൊതുമരാമത്ത് അധികൃതരോടും പഞ്ചായത്തിലും പ്രദേശവാസികൾ പരാതിപ്പെട്ടെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും വീണ മരം മാറ്റുന്നതിനായുള്ള നടപടികൾ സ്വീകരിച്ചില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി.