വടക്കഞ്ചേരി കടപ്പാറ വനത്തിനകത്തേക്കുള്ള തളികക്കല്ല് റോഡില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്കും ഓട്ടോഡ്രൈവർക്കും പരിക്കേറ്റു.വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലെ പൊന്നൻ (80), ഭാര്യ പാഞ്ചാലി, ബന്ധുവായ യുവാവ്, ഒരു കുട്ടി, ഓട്ടോ ഡ്രൈവർ കടപ്പാറ ആന്‍റണി (68) എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പൊന്നനേയും ഭാര്യ പാഞ്ചാലിയേയും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. തളികകല്ല് കോളനിയില്‍നിന്നും പോത്തൻതോട് പാലംകടന്ന് തിപ്പിലിക്കയം ഇറക്കത്തിലാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തില്‍ പലതവണ റോഡില്‍ മറിഞ്ഞ ഓട്ടോറിക്ഷ ഒടുവില്‍ സമീപത്തെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാട്ടുപന്നി കറുകെ ഓടിയതിനെതുടർന്നാണ് ഓട്ടോ നിയന്ത്രണം വിട്ടതെന്നു ചികിത്സയിലുള്ള ഡ്രൈവർ ആന്‍റണി പറഞ്ഞു.