കെ. പി. ലോറൻസ് അനുസ്മരണ സമ്മേളനം.
രാഷ്ട്രീയം ജനനന്മയ്ക്കും അധികാരം ജനക്ഷേമത്തിനും എന്ന് വിശ്വസിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു കെ. പി. ലോറൻസെന്ന് കെപിസിസി മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായ വി.എം. സുധീരൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മേലാർകോട് സ്വദേശിയുമായ കുറ്റിക്കാടൻ വീട്ടിൽ കെ.പി. ലോറൻസിന്റെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് വടക്കഞ്ചേരി തേവർകാട് കൺവൻഷൻ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു കെ.പി. ലോറൻസ്.
സ്വാർഥതാത്പര്യങ്ങൾക്കായി നിലപാടുകളിൽ വെള്ളം ചേർക്കാത്ത കർക്കശസമീപനമാണ് കെ.പി.യെ ശ്രദ്ധേയനാക്കിയത്. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി, കെ. ശങ്കരനാരായണൻ തുടങ്ങി ഒന്നാംനിര സംസ്ഥാന നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധമുള്ള കെ.പി. ലോറൻസിന് പാർട്ടിയിൽ അർഹമായ സ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ കുറ്റബോധവും തനിക്കുണ്ടെന്ന് സുധീരൻ പറഞ്ഞു.
നല്ല വിശ്വാസിക്കു മാത്രമെ നല്ല പൊതുപ്രവർത്തകനാകാൻ കഴിയൂ എന്ന് സമ്മേളനത്തിൽ അനുസ്മരണ സന്ദേശം നൽകിയ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. തികഞ്ഞ വിശ്വാസി, ധാർമികതയുടെ ഊർജസ്രോതസ്, കിരീടം വയ്ക്കാത്ത രാജാവ് അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ലോറൻസേട്ടനെ കുറിച്ച് പറയാൻ. സമൂഹത്തിൽ ഒരാൾ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മാതൃകയായിരുന്നു ലോറൻസേട്ടനെന്നും ബിഷപ്പ് പറഞ്ഞു.
കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എ.തങ്കപ്പൻ അധ്യഷത വഹിച്ചു. മുൻ മന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, വി.സി. കബീർ മാസ്റ്റർ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, തൃശൂർ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ പ്രഫ. ജോൺ സിറിയക്, ജബാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഗോപി മാസ്റ്റർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് സ്വാഗതവും കെ. വി. കണ്ണൻ നന്ദിയും പറഞ്ഞു.