ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കം👇

ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കമായി. മുൻ അന്താരാഷ്ട്ര കായിക താരവും ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് ചീഫ് കോച്ചും കേരള സ്റ്റേറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാതി സെൻട്രൽ സ്കൂൾ വാണിയംകുളം പ്രിൻസിപ്പലും പാലക്കാട് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റുമായ ഷാജി .കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഗംഗോത്രി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ പി. എസ്. പ്രഭാകരൻ സ്വാഗതം പറഞ്ഞു. പാരാ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിങ്ങിൽ വെങ്കലമെഡൽ നേടിയ സെന്റ് തോമസ് സ്പെഷ്യൽ സ്കൂൾ കയറാടിയിലെ അഖിൽ പി. ദീപശിഖ തെളിയിച്ചു. ഗംഗോത്രി സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ ജനനി. സി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പാലക്കാട് ഭാരത മാതാ സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ലിന്റേഷ് ആന്റണി, ക്രിയേറ്റീവ് പബ്ലിക് സ്കൂൾ കിണാശ്ശേരി പ്രിൻസിപ്പലും ജില്ലാ സഹോദയ സെക്രട്ടറിയുമായ സോണിയ നന്ദിയും പറഞ്ഞു.
നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഈ വർഷത്തെ മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്. ജില്ലയിലെ 60 സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച്പാസ്റ്റിൽ പങ്കെടുത്തു. 20 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള കായികാധ്യാപകരെ ചടങ്ങിൽ ആദരിച്ചു. വിവിധ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 100 ,200, 400, 800 മീറ്റർ ഓട്ടവും ഷോട്ട്പുട്ടും ലോങ്ങ് ജമ്പ് മത്സരവും നടന്നു. ജില്ലയിലെ 60 സ്കൂളുകളിൽ നിന്നായി 1776 വിദ്യാർത്ഥികളാണ് മൂന്നു ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി സ്കൂളിൽ മത്സരാർത്ഥികൾക്ക് കുടിവെള്ളം, ഭക്ഷണശാലകൾ, വിശ്രമസ്ഥലം, വൈദ്യസഹായവും ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങളും പോയന്റ് നിലയും അറിയാൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.