2023 ഡിസംബർ 9 ശനി
◾സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. പ്രമേഹം മൂലം മുറിവുണ്ടായിരുന്ന ഇടതുപാദം മുറിച്ചു നീക്കി കൊച്ചിയിലെ ആശുപത്രിയില്‍ തുടരവേ ഹൃദയാഘാതംമൂലമാണ് മരിച്ചത്. പാര്‍ട്ടിയില്‍നിന്ന് മൂന്നു മാസം അവധി ആവശ്യപ്പെട്ട കാനം ബിനോയ് വിശ്വത്തിനു സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കണമെന്നു നിര്‍ദേശിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു കത്തു നല്‍കിയിരുന്നു. 26 ാം വയസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയ അദ്ദേഹം 2015 മുതല്‍ സംസ്ഥാന സെക്രട്ടറിയാണ്. 1982 ലും 1987 ലും വാഴൂരില്‍നിന്ന് നിയമസഭാംഗമായിരുന്നു.
◾ചോദ്യത്തിനു കോഴ വാങ്ങിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കിയാണ് മഹുവയെ പുറത്താക്കിയത്. റിപ്പോര്‍ട്ടു പഠിക്കാന്‍ സാവകാശം വേണമെന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹുവ.
◾അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്നു രാവിലെ ഏഴിനു പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിച്ചശേഷം സി.പി.ഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം. ഉച്ചയ്ക്കു രണ്ടിന് വിലാപ യാത്രയായി മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും. കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. രാത്രിയോടെ കാനത്തുള്ള സ്വവസതിയിലേക്കു കൊണ്ടുപോകും.
◾നവകേരള സദസിന് ഇന്ന് അവധി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണംമൂലം ഇന്നു നവ കേരള സദസ് നടത്തില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലെ നവ കേരള സദസാണു മാറ്റിവച്ചത്. കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച പൂര്‍ത്തിയായ ശേഷമേ നവ കേരള സദസ് പുനരാരംഭിക്കൂ.
◾കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും തൊഴിലാളിവര്‍ഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിലും സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.
◾സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യക്തിപരമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനമെന്ന് സതീശന്‍ പറഞ്ഞു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. സതീശന്‍ പറഞ്ഞു.
◾സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗോവിന്ദന്‍ പറഞ്ഞു.
◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറെ നിയമിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കമ്മീഷണര്‍ നിയമനത്തില്‍ തല്‍സ്ഥിതി തുടരണം എന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി നടപടി.
◾ക്രിസ്മസിനു റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നടപടിയുമായി സിവില്‍ സപ്ളൈസ്. മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കേന്ദ്രങ്ങളില്‍നിന്ന് റേഷന്‍ വ്യാപാരികള്‍ക്ക് അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കി. റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യുമെന്നും സിവില്‍ സപ്ലൈസ് അറിയിച്ചു.
◾ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മൂന്നു ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന് കെഎസ്ഇബി. സാമ്പത്തിക പ്രതിസന്ധി മൂലം 2022 മുതലുള്ള ക്ഷാമബത്ത കുടിശിക നല്‍കാനാവില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
◾റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസില്‍ മൂന്നു മണിക്കൂറാണു നികേഷ് കുമാറിനെ ചോദ്യം ചെയ്തത്.
◾കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്ന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓര്‍ക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷബനയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
◾ബലാത്സംഗക്കേസില്‍ പ്രതിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മിഥുന്‍ വി ചന്ദ്രനെ യുഎഇ ഇന്ത്യയ്ക്കു കൈമാറി. ദുബായില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ക്കെതിരേ കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവില്‍ ബലാത്സംഗത്തിന് പരാതി നല്‍കിയത്. കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്കു തിരിച്ചെത്തിച്ചത്.
◾ആരോഗ്യ വകുപ്പില്‍ നിയമനമെന്ന പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അരവിന്ദിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അരവിന്ദിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ രണ്ടു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്.
◾ബാംബു കര്‍ട്ടന്‍ വില്‍പനയിലൂടെ തട്ടിപ്പു നടത്തുന്ന സംഘത്തെ പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപയില്‍ താഴെ വിലയുള്ള കര്‍ട്ടന് തൊണ്ണൂറായിരം രൂപ ഈടാക്കിയ കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അന്‍സില്‍, റിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾സമൂഹമാധ്യമങ്ങളില്‍ അനാവശ്യ കമന്റുകള്‍ ഇടുന്ന പ്രവണത യുവാക്കള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പ്രായമുള്ളവരെ ബഹുമാനിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് പ്രവര്‍ത്തകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
◾ട്രെയിനില്‍ കയറുന്നതിനിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിനടിയിലേക്കു വീണ് വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സണ്‍ട്ടന്റ് കോവൂര്‍ പാലാഴിയിലെ ഡോ. എം. സുജാത (54) യാണു മരിച്ചത്.
◾കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മനോജ് കുമാര്‍ (23) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്പതു പേരടങ്ങിയ സംഘമാണ് മാര്‍മലയില്‍ എത്തിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും ലോക്സഭയില്‍നിന്നു പുറത്താക്കിയും വീട്ടിലേക്കു സിബിഐയെ അയച്ചും തന്നെ നിശബ്ദയാക്കാമെന്നു കരുതേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തനിക്കെതിരേ തെളിവുകളില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു കങ്കാരു കോടതിയുടെ നടപടിയെന്നും മഹുവ പരിഹസിച്ചു.
◾മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. അവര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യ മുന്നണിക്കൊപ്പം ബിജെപിയെ ചെറുക്കുമെന്നും മമത പറഞ്ഞു.
◾വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന 17 ആപ്ലിക്കേഷനുകള്‍ അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്തു. അനേകര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിരുന്ന ആപുകളാണ് ഇവ.
◾മിസോറാമില്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ഡുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ട്ടിയിലെ 11 പേര്‍ മന്ത്രിമാരായി ചുമതലയേറ്റു. 40 അംഗ നിയമസഭയില്‍ പാര്‍ട്ടി 27 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.
◾ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
◾പ്രമുഖ കന്നഡ നടി ലീലാവതി ബെഗളൂരുവില്‍ അന്തരിച്ചു. 85 വയസായിരുന്നു.
◾പൂനെയിലെ മെഴുകുതിരി നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ വെന്തുമരിച്ചു. പത്തു പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. പിംപിരി ചിഞ്ചുവാഡ് മേഖലയിലെ ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്.
◾പത്തുവയസുകാരനായ മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിച്ചെന്ന പിതാവിന്റെ പരാതിയില്‍ മാതാവിനും സഹോദരനുമെതിരെ കേസ്. സൂററ്റ് സ്വദേശിനിയായ ഖുശ്ബു, സഹോദരന്‍ നീരവ് എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്.
◾ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കാന്‍ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ കടത്തിയെന്ന് ഇഡി ആരോപിച്ചു. കമ്പനിയുടെ എംഡി ഹരി ഓം റായി ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
◾ഐഎസ്എല്ലില്‍ മുംബൈ സിറ്റിയോട് നാല് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി ബെംഗളൂരു. ഇരു പകുതികളിലുമായി രണ്ടു ഗോള്‍ വീതം നേടിയ മുംബൈ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയത് പെനാല്‍റ്റിയിലൂടെയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ നാലാമതെത്തി.
◾ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഫിക്സര്‍ എന്നുവിളിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ലെജന്‍ഡ്സ് ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വിശദമാക്കി ലെജന്‍ഡ്സ് ലീഗ് അധികൃതര്‍ ശ്രീശാന്തിന് വക്കീല്‍ നോട്ടീസ് അയച്ചു. വിഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
◾അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങള്‍ തിരിച്ചടിയായി മാറിയതോടെ രാജ്യത്ത് കരിമ്പ് കൃഷി നിറം മങ്ങുന്നു. ഇതോടെ, പഞ്ചസാര ഉല്‍പ്പാദനവും നേരിയ തോതില്‍ ഇടിഞ്ഞു. പ്രധാന കരിമ്പ് കൃഷി മേഖലകളായ കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ മഴ ലഭിച്ചതോടെയാണ് കരിമ്പ് കൃഷിക്ക് തിരിച്ചടിയായി മാറിയത്. ഒക്ടോബറില്‍ ആരംഭിച്ച സീസണിലെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 10 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. നിലവില്‍, ആഭ്യന്തര വിലക്കയറ്റം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചസാര ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ കരിമ്പില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവര്‍ഷം 40 ലക്ഷം കരിമ്പാണ് ബയോ ഇന്ധന ആവശ്യത്തിനുള്ള എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്നത്. നടപ്പ് സീസണില്‍ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവ എഥനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കരുതെന്ന് ഷുഗര്‍ മില്ലുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികള്‍ നല്‍കിയിട്ടുള്ള കരാര്‍ അനുസരിച്ച്, ബി ഹെവി മൊളാസസില്‍ നിന്നും എഥനോള്‍ ഉല്‍പ്പാദനത്തിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
◾മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്ത് നടന്‍ അജു വര്‍ഗീസ്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.മാധവം മൂവീസിന്റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തൃശൂര്‍ ഫോക്ലോര്‍ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്‌കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ട ചിത്രം മലയാള ഹ്രസ്വചിത്ര ചരിത്രത്തിലെ പ്രധാന ചിത്രമായി മാറുമെന്ന് ഉറപ്പാണ്. കളരിപ്പയറ്റും, പൂതന്‍ തിറ എന്ന കലാരൂപവും സംയോജിപ്പിച്ചുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
◾ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ഡിസംബര്‍ 21 നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കോര്‍ട്ട് റൂം ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. റിലീസിന് മുന്നെ നേരിന്റെ ഒടിടി റിലീസ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല. ഇത്തവണ കമ്പനിയിലെ സംയോജിത വരുമാന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 510 ശതമാനം വര്‍ദ്ധിച്ച്, 2,782 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 373 കോടിയായിരുന്നു. അതേസമയം, കമ്പനിയുടെ അറ്റ നഷ്ടവും, ചെലവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം 784.1 കോടി രൂപയായിരുന്ന അറ്റ നഷ്ടം ഇത്തവണ 1,472 കോടി രൂപയായി ഉയര്‍ന്നു. കൂടാതെ, മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ 1,240 കോടി രൂപയില്‍ നിന്നും, 3,383 കോടി രൂപയായാണ് വര്‍ദ്ധിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 803 കോടി രൂപയുടെ എബിറ്റ്ഡ ലാഭം (നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുന്‍പുള്ള ലാഭം) പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എബിറ്റ്ഡ നഷ്ടം 950 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 4,655 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ ഏകദേശം 3 ലക്ഷത്തോളം വാഹനങ്ങള്‍ വിറ്റഴിക്കുന്നതാണ്.
◾യാത്രകള്‍ കണ്ടെത്തലും പുതുക്കലുമാണ്. സ്ഥലരാശിയുടെ ചുറ്റുവട്ടം ഭേദിച്ച്, ഭൂതവര്‍ത്തമാനങ്ങളില്‍ വിടര്‍ന്നുവിടര്‍ന്ന്, ചില സഞ്ചാരപഥങ്ങള്‍ ഗഗനവിസ്താരം നേടുന്നു. ഇവിടെ എഴുത്തുകാരന്റെ സ്വപ്നജാഗരങ്ങളില്‍ വയലറ്റുപൂക്കള്‍ വര്‍ഷിച്ച ചില ഇടങ്ങളിലേക്ക് ഒരു യാത്രാവണ്ടി പുറപ്പെടുകയാണ്. മൃതനഗരവും സങ്കടലും ഏകാന്തതീരവും കൂടിപ്പിണയുന്ന ധനുഷ്‌കോടിയില്‍ തുടങ്ങി, പഴമയുടെ ഉന്മേഷവും പുതുമയുടെ ഉല്ലാസവും പതഞ്ഞുയരുന്ന ഗോവന്‍ ബീച്ചുകളിലൂടെ, ഖസാക്കിലെ രവിയുടെമേല്‍ പതിഞ്ഞതാളത്തില്‍ ചാഞ്ഞു പെയ്ത മഴയെ തസ്രാക്കിന്റെ മണ്ണില്‍ ഏറ്റുവാങ്ങി ഈ ഭ്രമണം അവസാനിക്കുന്നു. കടല്‍ത്തിരകളും മലനിരകളും പുഴയോളങ്ങളും തെരുവോരങ്ങളും കോട്ടകൊത്തളങ്ങളും ദേവാലയങ്ങളും തീന്‍ഗൃഹങ്ങളും മറ്റും മറ്റും ഫിലിംറീലുകള്‍ പോലെ ഈ ഗമനത്തില്‍ ചുരുള്‍നിവരുന്നു. ‘കടല്‍ ശംഖുകള്‍ വെണ്‍ മേഘങ്ങള്‍’. മധു ഇറവങ്കര. എച്ച്ആന്‍ഡ്സി ബുക്സ്. വില 190 രൂപ.
◾ജീവിതത്തില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അതിന് നമ്മെ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ‘ഡോപാമൈന്‍’. ‘ഹാപ്പി ഹോര്‍മോണ്‍’ എന്നും ഇവ അറിയപ്പെടുന്നു. ഓര്‍മ്മ ശക്തി, ശരീരത്തിന്റെ ചലനം, മാനസികാവസ്ഥ, ഏകാഗ്രത തുടങ്ങിയ തലച്ചോറിന്റെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട് ഡോപാമൈന്‍. ന്യൂറോ ട്രാന്‍സ്മിറ്റാറായും ഹോര്‍മോണ്‍ ആയും ഡോപാമൈന്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തില്‍ ഡോപാമൈന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ്. പാര്‍ക്കിന്‍സണ്‍ രോഗം, ശ്രദ്ധക്കുറവോടുകൂടിയ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയ രോഗങ്ങള്‍ ഡോപാമൈനുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മള്‍ക്ക് സന്തോഷകരമായ എന്തെങ്കിലും ഒരു കാര്യ ചെയ്യുമ്പോള്‍ തലച്ചോര്‍ ഡോപാമൈന്‍ ഉത്പാദിപ്പിക്കുകയും ചെയ്ത കാര്യം നമ്മള്‍ക്ക് ഒരു സന്തോഷകരമായ അനുഭവമായിരുന്നെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. ഡോപാമൈന്‍ ശരീരത്തില്‍ കുറഞ്ഞാല്‍ ക്ഷീണം, സന്തോഷമില്ലായ്മ, പ്രചോദനമില്ലായ്മ, ഓര്‍മ്മക്കുറവ്, മാനസികാവസ്ഥയില്‍ മാറ്റം, ഉറക്കക്കുറവ്, പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാകാതെ വരിക, ലൈംഗികാസക്തി കുറയുക എന്നിവയുണ്ടാകും. മറിച്ച് ഡോപാമൈന്‍ കൂടിയാല്‍ ഉന്മേഷ കൂടുതല്‍, ഊര്‍ജ്ജസ്വലത, ലൈംഗികാസക്തി കൂടുക, ഉറക്കക്കുറവ്, ഒന്നിനും നിയന്ത്രണമില്ലാതെ വരിക, വളരെ പെട്ടന്ന് ദേഷ്യം വരിക എന്നിവ അനുഭവപ്പെടാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തില്‍ ഡോപാമൈന്റെ ഉത്പാദനം കൂടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. അവോക്കാഡോ, നട്‌സ്, ചീസ്, ഡാര്‍ക്ക് ചോക്ലേറ്റ്, വാഴപ്പഴം, സല്‍മണ്‍, മുട്ട, ഗ്രീന്‍ടീ, പുളിപ്പിച്ച ഭക്ഷണങ്ങള്‍, സ്‌ട്രോബെറി എന്നിവ കഴിക്കുന്നത് ശരീരത്തില്‍ ഡോപാമൈന്റെ ഉത്പാദനം കൂട്ടും. അതുപോലെ ജങ്ക് ഫുഡും പഞ്ചസാരയും ഡയറ്റില്‍ നിന്നും ഉപേക്ഷിക്കാനും മറക്കരുത്.
ശുഭദിനം
?
ഒരിക്കല്‍ ബുദ്ധനും തന്റെ ശിഷ്യനും കൂടി ദൂരെയുള്ള ഗ്രാമത്തിലേക്ക് യാത്രയായി. ചെറുഗ്രാമങ്ങള്‍ കടന്ന് ആ യാത്ര തുടര്‍ന്നു. ഇടക്ക് വഴിതെറ്റിയെന്ന തോന്നലില്‍ ബുദ്ധന്‍ അടുത്തുകണ്ട വൃദ്ധനോട് വഴിചോദിച്ചു. വൃദ്ധന്‍ പറഞ്ഞു: ഇനി ഒരു രണ്ടുമൈല്‍ ദൂരം നടന്നാല്‍ ആ ഗ്രാമത്തിലെത്തും. മറുപടികേട്ട ബുദ്ധന്‍ ചിരിച്ചു. ആ വൃദ്ധനും.. അവര്‍ നടത്തം തുടര്‍ന്നു. ഏകദേശം രണ്ട് മൈല്‍ കഴിഞ്ഞിട്ടും ആ ഗ്രാമമെത്തിയില്ല. അവര്‍ വഴിയില്‍ കണ്ട സ്ത്രീയോടും ചോദ്യം ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞു: ഇനി ഏകദേശം രണ്ടുമൈല്‍ ദൂരം. ഉത്തരം കേട്ട ബുദ്ധന്‍ ചിരിച്ചു. അവരും ചിരിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. പിന്നെയും കണ്ട രണ്ടുപേരും ഈ രണ്ടുമൈല്‍ ആവര്‍ത്തിച്ചു. പക്ഷേ ഗ്രാമമെത്തിയില്ലെന്നു മാത്രല്ല, അവര്‍ പരസ്പരം ചിരിക്കുന്നത് ശിഷ്യന്‍ ശ്രദ്ധിക്കുകയും ചെയ്തു. ശിഷ്യന് ക്ഷമകെട്ടു. അയാള്‍ തോളത്തിരുന്ന ബാഗ് നിലത്തിട്ട് അവിടെ ഇരുന്നു. എന്നിട്ട് ബുദ്ധനോട് പറഞ്ഞു: രണ്ടു മൈല്‍ എന്ന് പറഞ്ഞിട്ട് നാം എത്ര മൈലുകള്‍ പിന്നിട്ടു. ഇവരെല്ലാം നമ്മോട് കള്ളം പറയുകയാണോ? നിങ്ങളെന്തിനാണ് പരസ്പരം ചിരിക്കുന്നത്? ശിഷ്യന്റെ സംശയങ്ങള്‍ തുടര്‍ന്നു. ബുദ്ധന്‍ പറഞ്ഞു: ആദ്യത്തെയാള്‍ പറഞ്ഞത് കള്ളമാണ്. അത് അയാള്‍ക്കും എനിക്കും അറിയാം. പക്ഷേ, ആ രണ്ടുമൈല്‍ ദൂരം നമുക്ക് താണ്ടാന്‍ ആ കള്ളം നമ്മെ സഹായിച്ചു. തുടര്‍ന്നുളള ഓരോരുത്തരും ഇതാവര്‍ത്തിച്ചപ്പോള്‍ നമ്മള്‍ വീണ്ടും നടന്നു.. ആ ഗ്രാമത്തിലേക്ക് ഏകദേശം 15 മൈല്‍ ദൂരമുണ്ട്. അത് ആദ്യമേ പറഞ്ഞാല്‍ നമ്മള്‍ ചിലപ്പോള്‍ യാത്ര അവസാനിപ്പിച്ചേക്കും. അവര്‍ തന്ന പ്രതീക്ഷയാണ് നമ്മെ ഇതുവരെ എത്തിച്ചത്. ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പല തടസ്സങ്ങളേയും നേരിടേണ്ടിവരും. എന്നാല്‍ ആ തടസ്സങ്ങളെയോര്‍ത്ത് യാത്ര അവസാനിപ്പിക്കരുത്. ആ തടസ്സങ്ങളെ പരമാവധി മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് യാത്ര തുടരുക. നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. എവിടേയോ ഒരു മരുപ്പച്ചയുണ്ട്. എത്തുമെന്ന ഉറപ്പില്ല. എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കണം. എത്തിയില്ലെങ്കിലും ആ യാത്ര വലിയ കാര്യമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കണം.. അതാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
?
ശുഭദിനം.