പ്രഭാത വാർത്തകൾ

വാർത്തകൾ വിരൽത്തുമ്പിൽ


2024 | ജൂൺ 4 | ചൊവ്വ | 1199 | ഇടവം 21 | ഭരണി
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴമാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസത്തിലാണ്. അതേ സമയം കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിച്ചിരിക്കുന്ന എക്സിറ്റ് പോളുകളില്‍ എല്‍ഡിഎഫ്ിന് പൂജ്യം മുതല്‍ 4 സീറ്റ് വരേയും എന്‍ഡിഎക്ക് പൂജ്യം മുതല്‍ 3 സീറ്റുകള്‍ വരേയും പ്രവചിച്ചിട്ടുണ്ട്.

◾ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചാണ് അദ്ദേഹം ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

◾ വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയില്‍ ക്യാമ്പ് ചെയ്യുകയാണ്. രഹസ്യാന്വേഷണ വിഭാഗമാണ് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി.
◾https://dailynewslive.in/ കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്താണ് നിരോധനാജ്ഞ . ഇവിടെ പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു.

◾https://dailynewslive.in/ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെ സുധാകരന്‍. വലിയ ഭൂരിപക്ഷത്തോടെ കണ്ണൂരില്‍ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ അതൃപ്തരായവരുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കിയാല്‍ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. മുന്നണി ഇത്ര ഐക്യത്തോടെ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

◾https://dailynewslive.in/ ചക്രവാത ചുഴി കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും വീശുന്നുണ്ട്. അതിനാല്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും ഉണ്ടാകാനിടയുണ്ട്.

◾https://dailynewslive.in/ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം നല്‍കി. യൂട്യൂബര്‍ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിര്‍ദേശം പുറപ്പെടുവിച്ചത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരോട് കോടതി നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കുറ്റപത്രം സമര്‍പ്പിച്ചു . സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമെതിരെ പ്രൊസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. കേസില്‍ പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടണം.

◾https://dailynewslive.in/ കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും പറഞ്ഞുമടുത്തുവെന്നും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുകയാണെന്നും കോടതി പറഞ്ഞു. അവസാന നിമിഷത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ എന്നും കോടതി ചോദിച്ചു. പൊതുജനങ്ങള്‍ ജലാശയങ്ങളിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.

◾https://dailynewslive.in/ പെരിയാര്‍ മത്സ്യക്കുരുതിയില്‍ കുഫോസിന്റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെ പുറത്തുവരും . രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താന്‍. അതേസമയം, ഉത്തരവാദികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

◾https://dailynewslive.in/ പെരിയാര്‍ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍. ജലസേചന വകുപ്പിനെതിരെ ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. പാതാളം ബണ്ട് ദീര്‍ഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും നിലനിര്‍ത്തണമെന്ന് 2017 ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ല. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആരോപണങ്ങള്‍.

◾https://dailynewslive.in/ കെപിപിഎല്‍ പ്രതിമാസ ഉല്‍പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ്. വാണിജ്യ അടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5,236 ടണ്‍ ന്യൂസ് പ്രിന്റ് നിര്‍മ്മാണം മെയ് മാസത്തില്‍ കൈവരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ന്യൂസ്പ്രിന്റ് വില്‍പന കൈവരിക്കുവാനും മെയ് മാസത്തില്‍ കെ.പി.പി.എല്ലിന് സാധിച്ചിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു.

◾https://dailynewslive.in/ വലതുപക്ഷത്തിന് വേണ്ടി അവരുടെ കൂട്ടാളികള്‍ നടത്തുന്ന മനഃശാസ്ത്ര യുദ്ധമാണ് എക്സിറ്റ് പോളുകളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി നടത്തുന്ന മാമാങ്കമാണ് എക്സിറ്റ് പോളെന്നും ബിനോയ് വിശ്വം പറഞ്ഞു.

◾https://dailynewslive.in/ അബ്ദുള്‍ റഹീമിന്റെ മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാകും. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറില്‍ എതിര്‍ഭാഗത്തുള്ളവര്‍ ഒപ്പിട്ടു . ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവര്‍ണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികള്‍ അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചത്. ഇരുവിഭാഗവും ഉദ്യോഗസ്ഥര്‍ സാക്ഷിയായി കരാറില്‍ ഒപ്പ് വെച്ചതോടെ റഹീമിന്റെ മോചനം യാഥാര്‍ത്ഥ്യമാവാന്‍ പോകുകയാണ്.

◾https://dailynewslive.in/ പാലക്കാട്ട് താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നാല്‍പ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി.സി.രാമദാസാണ് പാലക്കാട് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെന്റ് സ്ഥലത്തിന്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യില്‍ നിന്നും 50,000 രൂപയായിരുന്നു ഇയാള്‍ കൈക്കൂലി ചോദിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ നാല്‍പ്പതിനായിരം രൂപയാണ് നല്‍കിയത്. ഇതു വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്റെ പിടിയിലായത്.

◾https://dailynewslive.in/ കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ വിജയന്റെ മകന്‍ വിഷ്ണു മാപ്പു സാക്ഷി. ദൃക്സാക്ഷികളൊന്നും ഇല്ലാത്തിനാലാണ് പൊലീസിന്റെ ഈ തീരുമാനം. കേസില്‍ മാപ്പു സാക്ഷിയാകാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു കോടതിയില്‍ അപേക്ഷ നല്‍കി. വിജയനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയും നവജാത ശിശുവിനെ കൊലപ്പെടുത്തിയതില്‍ മൂന്നാം പ്രതിയുമാണ് വിഷ്ണു.

◾https://dailynewslive.in/ കേരള പൊലീസ് കണ്ണൂര്‍ ക്യാമ്പിലെ ക്യാമ്പ് ഫോളോവര്‍ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കണ്ണൂര്‍ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം. കനത്ത ചൂടില്‍ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

◾https://dailynewslive.in/ മഹാരാഷ്ട്രയിലെ കോല്‍ഹപൂരിലെ സൈബര്‍ ചൗക്ക് ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

◾https://dailynewslive.in/ ഡല്‍ഹി സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകള്‍ക്കാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

◾https://dailynewslive.in/ ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണ്.പുല്‍വാമയിലെ ഒരു വീടിനുള്ളില്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ രണ്ട് ഭീകരര്‍ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്.

◾https://dailynewslive.in/ മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദര്‍ശിപ്പിച്ചാല്‍ മാത്രം അദ്ദേഹത്തിന്റെ മൂല്യം എന്തെന്ന് അറിയാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയോട് ഡോ.ശശി തരൂര്‍ എം.പി. രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോദിയുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട്, കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി നടത്തിയ ‘മഹാത്മജിയുടെ ആത്മകഥ’ നരേന്ദ്ര മോദിക്ക് അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ ഇനിയെങ്കിലും നരേന്ദ്ര മോദി പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മഹാത്മജിയുടെ ആത്മകഥ അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾https://dailynewslive.in/ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍, തെളിവ് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം തേടിയ ജയ്‌റാം രമേശിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇന്നലെ രാത്രി ഏഴ് മണിക്കുള്ളില്‍ തെളിവടങ്ങുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. അമിത് ഷാ, ജില്ലാ കളക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു ജയ്‌റാം രമേശിന്റെ ആരോപണം.

◾https://dailynewslive.in/ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച കോഴിക്കോട് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. 25-കാരനായ അബ്ദുള്‍ മുസവിര്‍ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാള്‍ വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു.

◾https://dailynewslive.in/ ശശി തരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധി ഒരു ജിമ്മും ശശി തരൂര്‍ ഇംഗ്ലീഷ് ട്രെയിന്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം.തങ്ങളെ സേവിക്കുന്ന, ജീവിത നിലവാരം ഉയര്‍ത്തുന്ന രാഷ്ട്രീയനേതാക്കളെയാണ് ജനങ്ങള്‍ക്ക് ആവശ്യം, രാഹുല്‍ ഗാന്ധിക്കോ മറ്റു നേതാക്കള്‍ക്കോ ഈ യോഗ്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾https://dailynewslive.in/ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കെ. കവിതയ്‌ക്കെതിരേ അനുബന്ധ കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 177 പേജുള്ള പുതിയ കുറ്റപത്രമാണ് ഇ.ഡി. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്. കവിത ഒന്‍പത് ഫോണുകള്‍ നശിപ്പിച്ചുവെന്നും തെളിവുകള്‍ ആ ഫോണുകളിലായിരുന്നെന്നും കുറ്റപത്രത്തില്‍ ഇ.ഡി. ചൂണ്ടിക്കാട്ടി.

◾https://dailynewslive.in/ കൊടും കുറ്റവാളികള്‍ക്കുപോലും തിഹാര്‍ ജയിലിനുള്ളില്‍ കൂളര്‍ സൗകര്യം നല്‍കുമ്പോള്‍ ചുട്ടുപൊള്ളുന്ന ചൂടിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ കൂളര്‍ സൗകര്യം നല്‍കിയില്ലെന്ന പരാതിയുമായി ഡല്‍ഹി മന്ത്രിയും എ.എ.പി. നേതാവുമായ അതിഷി. ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് അതിഷിയുടെ ആരോപണം.

◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള നയങ്ങള്‍ തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്റെ കാരണം. സെന്‍സെക്സ് 2700 പോയിന്റോളം ഉയര്‍ന്നു. നിഫ്ടി 750 പോയിന്റാണ് ഉയര്‍ന്നത്. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി.

◾https://dailynewslive.in/ ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ആറു വിക്കറ്റിന്റെ വിജയം. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ബൗളര്‍മാരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞുവീഴ്ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്.

◾https://dailynewslive.in/ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇനി റയല്‍ മാഡ്രിഡില്‍. ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ വഴി താരത്തെ ടീമിലെത്തിച്ചതായി റയല്‍ ഔദ്യോഗികമായി അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 135 കോടി രൂപ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് റയലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചനകള്‍.

◾https://dailynewslive.in/ ഏഷ്യയിലെ അതിസന്നരുടെ പട്ടികയില്‍ ഗൗതം അദാനി ഒന്നാമതെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ നേട്ടം. അദാനിയുടെ മൊത്തം ആസ്തി 111 ബില്യണ്‍ (9.2 ലക്ഷം കോടി രൂപ) ഡോളറാണ്. അംബാനിയുടേത് 109 ബില്യണ്‍ (9.1 ലക്ഷം കോടി രൂപ) ഡോളറുമാണ്. ലോക സമ്പന്നരില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് അദാനി. അംബാനി പന്ത്രണ്ടിലും. അദാനി ഓഹരികളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ കുതിപ്പാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തേക്ക് വഴിയൊരുക്കിയത്. വെള്ളിയാഴ്ച അദാനി ഓഹരികളുടെ മൂല്യം 5 ബില്യണ്‍ (45,500 കോടി രൂപ) ഡോളര്‍ വര്‍ധിച്ചിരുന്നു. അദാനി കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ചയും വന്‍തോതില്‍ ഉയര്‍ന്നിരുന്നു. അംബാനിയുമായുള്ള വിടവ് ഇനിയും വര്‍ധിക്കാന്‍ ഇതു കാരണമാകും. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തിങ്കളാഴ്ച വിവിധ അദാനി കമ്പനികള്‍ 16 ശതമാനം വരെ നേട്ടമുണ്ടാക്കിയിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 19.24 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ് അദാനി കമ്പനികളുടെ മൂല്യം. അംബാനി കമ്പനികളുടെ മൂല്യവും തിങ്കളാഴ്ച വര്‍ധിച്ചിട്ടുണ്ട്. ഇന്നത്തെ മൂല്യം കൂടി ചേര്‍ത്താല്‍ ഇരുവരുടെയും ആസ്തി കൂടും. രണ്ടുവര്‍ഷം മുമ്പും അദാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ദീര്‍ഘകാലം ഈ നേട്ടം നിലനിര്‍ത്താന്‍ അദേഹത്തിന് സാധിച്ചിരുന്നില്ല. അദാനി കമ്പനികളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അന്ന് തിരിച്ചടിയായത്.

◾https://dailynewslive.in/ ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി ഇന്ത്യ അടുത്തിടെ നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ആറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കവാസാക്കി നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ആര്‍ അതിന്റെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ആര്‍ ന് 9.10 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. കവാസാക്കി നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ആര്‍ ന്റെ രൂപഘടനയും ബോഡി വര്‍ക്കുകളും ഇസെഡ്എക്‌സ് -4ആര്‍ആര്‍ ന് സമാനമാണ്. എന്നാല്‍ ഇസെഡ്എക്‌സ് -4ആര്‍ആര്‍ ന് വ്യതിരിക്തമായ കവാസാക്കി റേസിംഗ് ഗ്രീന്‍ കളര്‍ സ്‌കീം ഉണ്ട്. എഞ്ചിന്‍ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കില്‍, ലിക്വിഡ് കൂള്‍ഡ്, 399 സിസി ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് കവാസാക്കി നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ആര്‍ ന് കരുത്തേകുന്നത്. ഈ എഞ്ചിന് 77 ബിഎച്പി കരുത്തും 39 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. റാം എയര്‍ ഇന്‍ടേക്ക് ഉപയോഗിച്ച്, പീക്ക് പവര്‍ 80 ബിഎച്പി ആയി വര്‍ദ്ധിക്കുന്നു. ഈ എഞ്ചിന് അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ എത്താന്‍ ഉയര്‍ന്ന റിവേഴ്‌സ് ആവശ്യമാണ്. ഫീച്ചറുകളുടെ കാര്യത്തില്‍, സ്പോര്‍ട്, റോഡ്, റെയിന്‍, റൈഡര്‍ എന്നീ നാല് റൈഡിംഗ് മോഡുകള്‍ ഉള്‍പ്പെടുന്ന ഒരു ഇലക്ട്രോണിക് സ്യൂട്ട് നിഞ്ച ഇസെഡ്എക്‌സ് -4ആര്‍ആര്‍ പങ്കിടുന്നു. ഈ മോഡുകള്‍ പവര്‍ സെറ്റിംഗ്‌സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ഇടപെടല്‍ എന്നിവ വ്യത്യസ്ത റൈഡിംഗ് അവസ്ഥകള്‍ക്ക് അനുയോജ്യമാക്കുന്നു.

◾https://dailynewslive.in/ മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുംവരെ ഇന്‍ഡസ് ടവേഴ്സിന്റെ സേവനം വോഡഫോണ്‍ ഐഡിയയ്ക്ക് കിട്ടില്ലെന്ന് മിത്തല്‍ പറഞ്ഞു. ആറുമാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓണ്‍ ഓഹരി വില്‍പനയിലൂടെ അടുത്തിടെ വോഡഫോണ്‍ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു. പ്രൊമോട്ടര്‍മാരില്‍ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വില്‍പനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വോഡഫോണ്‍ ഐഡിയ ആലോചിക്കുന്നുണ്ട്. ഇന്‍ഡസ് ടവേഴ്സിന്റെ വരുമാനത്തില്‍ 40 ശതമാനവും എത്തുന്നത് വോഡഫോണ്‍ ഐഡിയയ്ക്ക് നല്‍കുന്ന സേവനങ്ങളില്‍ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനിക്ക് വോഡഫോണ്‍ ഐഡിയ വീട്ടാനുള്ള കുടിശിക.

◾https://dailynewslive.in/ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരമാണ് ദേവിക സഞ്ജയ്. ശേഷം ജയറാമും മീര ജാസ്മിനും ഒന്നിച്ച ‘മകള്‍’ എന്ന ചിത്രത്തിലും അപര്‍ണ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ കരിയറിലെ തന്റെ ആദ്യ നായികാ വേഷത്തില്‍ എത്തിയിരിക്കുകയാണ് ദേവിക. നാദിര്‍ഷ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിലൂടെയാണ് ദേവിക നായികയായി എത്തിയിരിക്കുന്നത്. ജാനകി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ദേവിക കാഴ്ചവച്ചിരിക്കുന്നത്. പ്രണയ രംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങളിലുമൊക്കെ മികച്ച രീതിയിലാണ് ദേവികയുടെ പ്രകടനം. ചിത്രത്തില്‍ നായകനായെത്തിയ മുബിന്‍ റാഫിയും ദേവികയും ചേര്‍ന്നുള്ള കെമിസ്ട്രി നല്ല രീതിയില്‍ വര്‍ക്കായിട്ടുമുണ്ട്. റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മയക്കുമരുന്ന് മാഫിയ, വിദേശത്തേക്ക് ചേക്കേറുന്ന പുതിയ തലമുറ, അവരില്‍ ചിലരുടെയൊക്കെ വീട്ടിലെ അവസ്ഥകള്‍, അവര്‍ അറിയാതേയും അറിഞ്ഞുകൊണ്ടും ചെന്നുപെട്ടുപോകുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ് സംസാരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫിയാണ് ചിത്രത്തിലെ നായകന്‍. അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

◾https://dailynewslive.in/ ഗിദേ മോപ്പസാങ്, ആന്റണ്‍ ചെക്കോവ്, ബ്യോണ്‍സ്റ്റേണ്‍ ബ്യോണ്‍സണ്‍്, സാകി്, ഏണസ്റ്റ് ഹെമിംഗ്വേ്, റുഡ്യാര്‍ഡ് കിപ്ലിങ്, ഇസാക് ബാബേല്‍്, ആന്ദ്രേ പ്ലാറ്റനോവ്, വ്സവോലോദ് ഗാര്‍ഷിന്‍്, ഹെന്റിക് ക്ലെയ്സ്റ്റ.് വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥകളുടെ സമാഹാരം. ‘എം. കൃഷ്ണന്‍ നായര്‍ക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകള്‍’. പരിഭാഷ – രമ മേനോന്‍. മാതൃഭൂമി. വില 161 രൂപ.

◾https://dailynewslive.in/ വന്‍കുടലിനെയോ ഇതിന്റെ അഗ്രഭാഗമായ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ അര്‍ബുദം. മുന്‍പെല്ലാം 50 വയസ്സിന് മുകളിലുള്ളവരില്‍ കാണപ്പെട്ടിരുന്ന ഈ അര്‍ബുദം യുവാക്കളിലും കൗമാരക്കാരിലും വ്യാപകമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ കൗമാരക്കാരില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായി യൂണിവേഴ്സിറ്റി ഓഫ് മിസോറി-കാന്‍സാസ് സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 1999നും 2020നും ഇടയിലാണ് ഗവേഷണം നടത്തിയത്. 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ 500 ശതമാനവും 15നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 333 ശതമാനവും 20നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ 185 ശതമാനവും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അതിസാരം, വയര്‍വേദന, മലബന്ധം, മലാശയത്തില്‍ രക്തസ്രാവം, വിളര്‍ച്ച എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ ലക്ഷണങ്ങളാണ്. 30നും 34നും ഇടയില്‍ പ്രായമുള്ളവരില്‍ കൊളോറെക്ടല്‍ കേസുകളില്‍ 71 ശതമാനം വര്‍ദ്ധനയുണ്ടായപ്പോള്‍ 35-39 പ്രായവിഭാഗത്തില്‍ 58 ശതമാനമാണ് വര്‍ദ്ധന. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗമോ കൊളോറെക്ടല്‍ അര്‍ബുദമോ ഉണ്ടാകുന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണം, പുകയില ഉപയോഗം, മദ്യപാനം, ഫൈബര്‍ കുറഞ്ഞതും സംസ്‌കരിച്ച മാംസം,മധുരപാനീയങ്ങള്‍, ഉയര്‍ന്ന കൊഴുപ്പ് എന്നിവ അടങ്ങിയതുമായ ഭക്ഷണക്രമം എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്. ഇന്ത്യയിലും കൊളോറെക്ടല്‍ അര്‍ബുദ കേസുകളുടെ ഉയര്‍ന്ന നിരക്ക് 31-40 പ്രായവിഭാഗങ്ങളിലേക്ക് മാറി വരുന്നതായി ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ശുഭദിനം
കവിത കണ്ണന്‍
അയാള്‍ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞുനടക്കുമ്പോഴാണ് ഒരു ആനയുടെമുമ്പില്‍ വന്ന് പെട്ടത്. ആയാള്‍ പേടിച്ച്‌നിലവിളിക്കാന്‍ തുടങ്ങിയെങ്കിലും ആന അയാളെ സമാധാനിപ്പിച്ചു. ആന അയാളെ പുറത്തിരുത്തി അയാളുടെ നാട്ടിലെത്തിച്ചു. ആയിടക്കാണ് ആ രാജ്യത്തെ ആന ചെരിഞ്ഞത്. അയാള്‍ താന്‍ കാട്ടില്‍ കണ്ട ആനയെപ്പറ്റി രാജാവിനോട് പറഞ്ഞു. രാജാവ് ആനയെ പിടിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കാട്ടിലെത്തിയ രാജാവിന്റെ ആളുകള്‍ ആനയെ രാജാവിനടുത്തെത്തിച്ചു. രാജാവിനെ കണ്ട ആന പറഞ്ഞു: എനിക്ക് കാടാണ് ഇഷ്ടം. അവിടെ എന്റെ അമ്മയും സഹോദരങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ എന്റെ കാട്ടില്‍ സൈര്യവിഹാരം നടത്താന്‍ എന്നെ അനുവദിക്കണം. ആനയുടെ ആവശ്യം രാജാവ് കേട്ടു. ആനയെ കാട്ടില്‍തിരിച്ചുകൊണ്ടുവിടാനും ഇനി ഒരു കാട്ടുമൃഗത്തേയും പിടിച്ചുകെട്ടി വളര്‍ത്തരുതെന്നും ഉത്തരവുമിറക്കി. സ്വന്തമാക്കണമെന്ന ചിന്തയേക്കാള്‍ മനോഹരമാണ് സ്വതന്ത്രമാക്കണമെന്ന ചിന്ത. ഒന്നും ആരുടേയും ഇഷ്ടപൂര്‍ത്തീകരണത്തിനായി ജന്മമെടുക്കുന്നതല്ല. ഓരോന്നിനും അതിന്റേതായ അനന്യതയും ആത്മാവും ഉണ്ടാകും. ഇഷ്ടമുള്ളവരോട് ഇഷ്ടം പ്രകടിപ്പിക്കാനുളള ഏറ്റവും നല്ലവഴി അവരെ അവരുടെ ഇഷ്ടങ്ങളിലേക്ക് വിടുക എന്നതാണ്. അതെ, സ്വതന്ത്രമാക്കി നമുക്ക് സ്വന്തമാക്കാം – ശുഭദിനം.
➖➖➖➖➖➖➖➖