സായാഹ്ന വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘

വാർത്തകൾ വിരൽത്തുമ്പിൽ

    *
 ➖➖➖➖➖➖➖➖

◾ നീറ്റ് – നെറ്റ് പരീക്ഷ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്റ് വളയല്‍ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

◾ നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ക്രമക്കേടിന് എതിരെ കോണ്‍ഗ്രസ് ലക്നൗവില്‍ നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു.

◾ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോര്‍ന്നുവെന്ന് സിബിഐ കണ്ടെത്തി. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്.

◾ പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജമ്മുകശ്മീരില്‍ യോഗദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള നന്മക്കായുള്ള പ്രതിനിധി ആയാണ് യോഗയെ ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, കിരണ്‍ റിജിജു, സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ദില്ലിയിലെ യോഗദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

◾ സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമപ്രധാന സ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യോഗ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

◾ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമായി മാറിയെന്ന് നിയമസഭയില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. നാളെ ഉച്ചക്ക് ശേഷം സ്ഥലം സന്ദര്‍ശിക്കുമെന്നും മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകുമെന്നും അതിന്റെ പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

◾ ഒ.ആര്‍.കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ. കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന ദേവസ്വം വകുപ്പ് പകരമെത്തുന്ന നിയുക്ത മന്ത്രി ഒ.ആര്‍ കേളുവിന് നല്‍കാത്തതിനെതിരെയാണ് ആദിവാസി ഗോത്ര മഹാ സഭ നേതാവ് എം ഗീതാനന്ദന്‍ രംഗത്തെത്തിയത്. ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാനാണെന്ന് ഗീതാനന്ദന്‍ ആരോപിച്ചു.

◾ ഒ.ആര്‍.കേളു സി പി എമ്മിന്റെ തമ്പ്രാന്‍ നയത്തിന്റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകള്‍ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പട്ടികവര്‍ഗക്കാരോടുള്ള നീതി നിഷേധമാണിത്. കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

◾ കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്നും കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണമെന്നും സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ലേയെന്നും, ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

◾ കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഫ്‌ളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി.

◾ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. കാത് ലാബിലെ ഫ്ലൂറോസ്‌കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ ഘടിപ്പിക്കല്‍ എന്നിവയാണ് മുടങ്ങിയത്. ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു.

◾ കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്കെതിരായ നടപടിയുടെ കാര്യത്തില്‍ സിനഡില്‍ വിയോജിപ്പ് ഉണ്ടെന്ന് സ്ഥിരീകരിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര. ദില്ലിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര.

◾ ഇടതുപക്ഷത്തിന്റെ ഇന്നത്തെ സമ്പൂര്‍ണ തകര്‍ച്ചയുടെ കാരണം പിണറായി വിജയനും സിപിഎമ്മും നടത്തിയ അമിത വര്‍ഗീയ പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയതയെ പ്രീണിപ്പിച്ച് സ്വയംനശിക്കുന്ന അവസ്ഥയിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് ഊര്‍ജ്ജം കിട്ടിയിട്ടുണ്ട്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

◾ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആര്‍എസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്നും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ ആണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും മുഖപ്രസംഗത്തില്‍ ആരോപണം. മൈക്രോ ഫിനാന്‍സ് കേസില്‍ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണെന്നും സുപ്രഭാതം എഡിറ്റോറിയലില്‍ ചോദിക്കുന്നു. പാര്‍ലമെന്റിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകള്‍ പരിശോധിക്കണമെന്നും സുപ്രഭാതം മുഖ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

◾ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനില്‍ക്കുമെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥാ പുസത്കത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയെന്നായിരുന്നു ആരോപണം. സൂര്യനെല്ലി കേസിലെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യുസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

◾ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വൈദ്യുതിയാണ് വിഛേദിച്ചത്. നാല് മാസത്തെ വൈദ്യുതി ബില്‍ കുടിശ്ശികയായ 53,201 രൂപ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് എന്‍ ഷംസുദീന്‍ എം എല്‍ എയും കത്തു നല്‍കി.

◾ തക്കാളി വില മുകളിലേക്ക്. പൊതുവിപണിയില്‍ 100 രൂപയും ഹോര്‍ട്ടി കോര്‍പ്പിന്റെ ഔട്ട് ലറ്റുകളില്‍ 110 രൂപ വരെയുമായി വില. കൊച്ചിയില്‍ തക്കാളിക്ക് 105 രൂപയെങ്കില്‍ തിരുവനന്തപുരത്തെ സ്റ്റാളില്‍ 80 രൂപയാണ് വില. പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്.

◾ ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പുഴയില്‍ കന്നുകാലികളുടെ ജഡം കണ്ടത്.

◾ ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി രതീഷും അമ്മയും അറസ്റ്റില്‍. അഭിഭാഷകനെ പറ്റിച്ച പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് രതീഷ് നല്‍കിയത്. ഏറ്റുമാനൂര്‍സ്വദേശി രതീഷ്, അമ്മ ഉഷ അശോകന്‍ എന്നിവരെയാണ് വടക്കന്‍ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.. ഹൈക്കോടതി അഭിഭാഷകനായ വിനോദാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതി നല്‍കിയത്.

◾ വാഹനാപകടത്തില്‍ 18കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ ബിനു ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കരിയാത്തന്‍പാറ ആദര്‍ശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സ്‌കൂട്ടര്‍ അരികിലേക്ക് ഒതുക്കുകയായിരുന്നു. ഇതിനിടയില്‍ തെന്നി വീഴുകയും ഇതേ ദിശയില്‍ വന്ന ചരക്കുലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.

◾ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി അമല്‍ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡില്‍ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന ലോറിയില്‍ ബൈക്ക് ഇടിച്ചാണ് അപകടം.

◾ കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.

◾ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

◾ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരില്‍ നിന്നും പിടിയിലായി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജിപ്മര്‍ ആശുപത്രിയില്‍ 10 പേര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്.

◾ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നൈ ഹൈക്കോടതി. സര്‍ക്കാര്‍ പുതപ്പ് മൂടി ഒളിക്കേണ്ടെന്നും ഇതൊന്നും നിസ്സാരമല്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണെന്നും ദുരന്തത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് കൃത്യമായി അറിയിക്കണമെന്നും കോടതി അറിയിച്ചു. അനധികൃതമദ്യം ഒഴുകുന്ന വഴി എങ്ങനെ എന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു.ഇതിലെല്ലാം സര്‍ക്കാരിന് എന്ത് മറുപടിയാണ് നല്‍കാനുള്ളതെന്നും കോടതി ചോദിച്ചു.

◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നല്‍കി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തില്‍ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജി കേള്‍ക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്.

◾ മഹാരാഷ്ട്രയില്‍ എന്‍സിപി (എസ്പി) വിഭാഗം സ്ഥാനാര്‍ത്ഥി നിലേഷ് ലങ്കയോട് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സുജയ് വിഖേ പാട്ടില്‍ ഇവിഎം പരിശോധിക്കാന്‍ അടച്ചത് 18.9 ലക്ഷം രൂപ. 40 ഇവിഎമ്മുകളുടെ പരിശോധന നടത്തുന്നതിനായാണ് ഇത്. വോട്ടിങ് മെഷിന്റെ മൈക്രോ കണ്‍ട്രോളര്‍ പരിശോധിക്കാനാണ് സുജയ് വിഖേ പാട്ടില്‍ വന്‍തുക കെട്ടിവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് സുജയ് വിഖേ പാട്ടീല്‍ പരാജയപ്പെട്ടത്.

◾ പാകിസ്ഥാനില്‍ ഖുറാനെ അപമാനിച്ചെന്നാരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഖുറാനെ അവഹേളിച്ചുവെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.

◾ ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ഓസ്‌ട്രേലിയ. മഴ കളി മുടക്കിയ മത്സരത്തില്‍ 28-റണ്‍സിനാണ് ഓസീസിന്റെ ജയം. ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റിന് 100 റണ്‍സ് എന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആ ഘട്ടത്തില്‍ ഓസീസിന് 72-റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതോടെ സൂപ്പര്‍ എട്ട് മത്സരം ജയത്തോടെ തുടങ്ങാന്‍ മാര്‍ഷിനും സംഘത്തിനും കഴിഞ്ഞു.

◾ കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് കീഴടക്കി. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങള്‍ തുലച്ച മത്സരത്തില്‍ ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്.

◾ കേരളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി കൊച്ചി ആസ്ഥാനമായ പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്. ഓഹരി 20 ശതമാനം കുതിച്ചതോടെയാണ് മുത്തൂറ്റ് ഫിനാന്‍സിനെ മറികടന്ന് ഫാക്ട് ഈ നേട്ടം സ്വന്തമാക്കിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഫാക്ടിന്റെ വിപണി മൂല്യം 70,553 കോടി രൂപയാണ്. മുത്തൂറ്റ് ഫിനാന്‍സിന്റേത് 69,947 രൂപയും. 58,549 കോടി രൂപ വിപണി മൂല്യവുമായി കൊച്ചിന്‍ ഷിപ്പ്യാഡാണ് മൂന്നാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാര്‍ ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടിയതും ജൂണ്‍ 22ന് കൂടുന്ന ജി.എസ്.ടി കൗണ്‍സില്‍ മീറ്റിംഗില്‍ വളം കമ്പനികള്‍ക്ക് ജി.എസ്.ടി ഒഴിവാക്കുമെന്ന പ്രതീക്ഷയുമാണ് ഫാക്ട് ഉള്‍പ്പെടെയുള്ള വളം കമ്പനി ഓഹരികളെ മുന്നേറ്റത്തിലാക്കിയത്. ഇതാദ്യമായാണ് ഫാക്ടിന്റെ വിപണി മൂല്യം 70,000 കോടി കടക്കുന്നത്. ഇതിനു മുമ്പ് മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാവിലത്തെ വ്യാപാരത്തിനിടയില്‍ തന്നെ ഓഹരി 20 ശതമാനം മുന്നേറി 1,090.35 എന്ന സര്‍വകാല റെക്കോഡിലെത്തി. ഓഹരി വില ആദ്യമായാണ് 1,000 രൂപ മറികടക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫാക്ട് ഓഹരികള്‍ മുന്നേറ്റത്തിലാണ്. 2018 നവംബര്‍ ഒന്നിന് വെറും 36.85 രൂപയായിരുന്ന ഓഹരിയാണ് 1,090 രൂപയിലെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ 2,883 ശതമാനത്തിലധികം നേട്ടമാണ് ഫാക്ട് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ നേട്ടം 161 ശതമാനവും. ഫാക്ടിന്റെ 90 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ്. 10 ശതമാനം ഓഹരികള്‍ മാത്രമാണ് പൊതു ഓഹരിയുടമകളുടെ കൈവശമുള്ളത്.

◾ വാട്‌സ്ആപ്പില്‍ വിഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വിഡിയോ കോളുകള്‍ക്ക് പുതിയ മുഖം കൈവരും. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13. ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്ഡേറ്റുകള്‍ വരിക. ഇതോടെ വാട്സ്ആപ്പ് വിഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഇഫക്ടുകളും, ഫേഷ്യല്‍ ഫില്‍ട്ടറുകളും ഉപയോഗിക്കാം. വാട്സ്ആപ്പ് 2.24.13 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ വിഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിഡിയോ കോളുകളില്‍ ഫേഷ്യല്‍ ഫില്‍ട്ടറുകള്‍, സ്മൂത്തെനിങ് സ്‌കിന്‍ ടൂള്‍, ലോ ലൈറ്റ് മോഡ് എന്നിവ പയോഗിക്കാനുള്ള സംവിധാനവും ഉണ്ടാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) എഡിറ്റ് ചെയ്യാനും സംവിധാനമുണ്ടാകും. ഭാവിയില്‍ വാട്സ്ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനിലും ബാക്ക്ഗ്രൗണ്ട് എഡിറ്റിങ് സംവിധാനമെത്തും. അതേസമയം ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഇവ പുതിയ അപ്‌ഡേറ്റുകളില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

◾ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പാരഡൈസ് ‘ട്രെയിലര്‍’ പുറത്ത്. ദര്‍ശന രാജേന്ദ്രനും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരുക്കിയത് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെയാണ്. ചിത്രം ഈ മാസം 28ന് തിയറ്ററിലെത്തും. ശ്രീലങ്ക പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെയെത്തുന്ന മലയാളി ദമ്പതികളിലൂടെയാണ് ചിത്രം പോകുന്നത്. ശ്രീലങ്കന്‍ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകര്‍ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകര്‍ കളറിംഗും നിര്‍വഹിച്ചിരിക്കുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വലിയ രീതിയിലുള്ള നിരൂപക പ്രശംസ നേടിയിരുന്നു. ഇരുപത്തിയെട്ടാമത് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്‌കാരവും സ്പെയിനിലെ 23-ാമത് ലാസ് പല്‍മാസ് ദേ ഗ്രാന്‍ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഫ്രാന്‍സിലെ മുപ്പതാമത് വെസൂല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രീ ദു ജൂറി ലീസിയന്‍ പുരസ്‌കാരവും പതിനേഴാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്സില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളില്‍ നാമനിര്‍ദേശവും പാരഡൈസിന് ലഭിച്ചിരുന്നു.

◾ സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ ‘മറുവശ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘മറുവശം.’ കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി. ജയശങ്കര്‍, ഷഹീന്‍ സിദ്ധിക്ക്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശ്രീജിത്ത് രവി, അഥിതി മോഹന്‍ , അഖില്‍ പ്രഭാകരന്‍, സ്മിനു സിജോ, നദി ബക്കര്‍, റ്റ്വിങ്കിള്‍ ജോബി, ബോബന്‍ ആലുമ്മൂടന്‍, ക്രിസ്സ് വേണുഗോപാല്‍. ഹിസ്സാന്‍, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം, പ്രിന്‍സ്, റോയ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

◾ ഇലക്ട്രിക് വാഹനം ശീലമാക്കിയ അവതാരകയും നടിയുമായ മന്ദിര ബേദി പഴയ നെക്‌സോണ്‍ ഇ വി യില്‍ നിന്നും പുതു വാഹനത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. വോള്‍വോ സി 40 റീചാര്‍ജ് ഇവിയാണ് താരത്തിന്റെ ഗാരിജിലേക്കു എത്തിയിരിക്കുന്നത്. 2020 ല്‍ ടാറ്റയില്‍ നിന്നും ആദ്യ ഇലക്ട്രിക് വാഹനം സ്വന്തമാക്കിയ മന്ദിര ബേദി, നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും തിരഞ്ഞെടുത്തത് മറ്റൊരു ഇലക്ട്രിക് എസ്യുവി. 62.95 ലക്ഷം രൂപയാണ് വോള്‍വോയുടെ ഈ വാഹനത്തിനു എക്സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ സി 40 റീചാര്‍ജ് ഇവി എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. വോള്‍വോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് എസ്യുവിയാണിത്. ആദ്യനോട്ടത്തില്‍ എക്സ് സി 40 യോട് സമാനമാണ് വാഹനത്തിന്റെ മുന്‍ഭാഗം. റിയറിന്റെ കൂപ്പെ ഡിസൈന്‍ സ്ലിം ആയ ടെയില്‍ ലാമ്പുകള്‍ നല്‍കി റീഡിസൈന്‍ ചെയ്തിട്ടുണ്ട്. ഡ്യൂവല്‍ മോട്ടോറാണ് വാഹനത്തില്‍. ഒന്ന് മുന്‍ ആക്സിലിലും രണ്ടാമത്തേത് റിയറിലുമാണ്. 78 കിലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തിനു കരുത്ത് നല്‍കുന്നത്. 530 കിലോമീറ്ററാണ് റേഞ്ച്. ഇരു മോട്ടോറുകളില്‍ നിന്നുമാണ് നാലു ടയറുകളിലേക്കും പവര്‍ എത്തുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 408 പി എസ്, 660 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. സി 40 റീചാര്‍ജിനു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്‍ഡ് മതിയാകും.

◾ വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക് എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്‍ഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്ത നിര്‍വൃതി അനുഭവിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി!. ‘മരണക്കൂട്ട് :ഒരു ‘ശവംവാരി’യുടെ ആത്മകഥ’. വിനു പി, നിയാസ് കരിം. മാതൃഭൂമി. വില 180 രൂപ.

◾ ദൈനംദിന ജീവിതത്തില്‍ യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നു. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. 2014 സെപ്റ്റംബര്‍ 27ന് 69-മത് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോഗാദിനം. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചു. യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഇത് യോഗ ഓരോരുത്തരുടെയും ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കും. വഴക്കം, കരുത്ത്, സഹിഷ്ണുത എന്നിവ വര്‍ധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുന്നത് ഗുണകരമാണ്. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനും യോഗയ്ക്ക് സാധിക്കും. ശാരീരിക ആരോഗ്യത്തിനപ്പുറം യോഗ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കുന്നതിന് പ്രാണായാമം (ശ്വാസനിയന്ത്രണം), ധ്യാനം തുടങ്ങിയ പരിശീലനങ്ങള്‍ മികച്ചതാണ്. ആത്മീയതയില്‍ വേരൂന്നിയ യോഗ ആന്തരിക സമാധാനം നല്‍കുന്നു. വ്യക്തികളെ സ്വയം അവബോധത്തിലേക്കും സ്വയം തിരിച്ചറിവിലേക്കും നയിക്കുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.53, പൗണ്ട് – 105.67, യൂറോ – 89.25, സ്വിസ് ഫ്രാങ്ക് – 93.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.57, ബഹറിന്‍ ദിനാര്‍ – 221.62, കുവൈത്ത് ദിനാര്‍ -272.39, ഒമാനി റിയാല്‍ – 217.01, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 61.01.