വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ
2023 | ഡിസംബർ 10 | ഞായർ | 1199 | വൃശ്ചികം 24 | ചോതി
???➖➖➖
© Copy rights reserved.
ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.
➖➖➖➖➖➖➖➖
◾കാനത്തിന് വിട നല്‍കാനൊരുങ്ങി കേരളം. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇന്ന് രാവിലെ 11-ന് ജന്മനാടായ കാനത്തെ വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാനത്തെ വീട്ടിലെത്തും

◾മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ‘രക്ഷാപ്രവര്‍ത്തനം’ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ പോലും പാര്‍ട്ടിയിലെ ക്രിമിനലുകള്‍ പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഭരണ സംവിധാനവും പാലൂട്ടി വളര്‍ത്തുന്ന ക്രിമിനലുകള്‍ ഏറ്റവും ഒടുവില്‍ അവരെ തന്നെ തിരിഞ്ഞു കൊത്തുവാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

◾പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേരളത്തിന്റെ ശാപമാണെന്ന് എം.എം മണി എംഎല്‍എ. വി.ഡി.സതീശന് ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നും വിവരക്കേട് മാത്രമേ അദ്ദേഹം പറയൂവെന്നും മണി പരിഹസിച്ചു. അതേസമയം രമേശ് ചെന്നിത്തല മാന്യനായ പ്രതിപക്ഷ നേതാവായിരുന്നുവെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

◾ശബരിമല ദര്‍ശന സമയം നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്.

◾ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 90,000ല്‍ നിന്ന് 80,000 ആക്കി കുറച്ചു. ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ കൂടിയാലോചനക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാന്‍ തീരുമാനമായത്.

◾ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സ്വദേശിനിയായ പത്മശ്രീയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുന്‍പേ ഉണ്ടായിരുന്ന കുട്ടിയെ കുഴഞ്ഞുവീണ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അതേസമയം മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ബെന്നി വെഞ്ഞാറമൂട് പൊലീസിന് മൊഴി നല്‍കി.

◾നവ കേരള സദസില്‍ മര്‍ദ്ദനമേറ്റ സി.പി.എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാര്‍ട്ടി വിട്ടത്. കൊച്ചി മറ്റെന്‍ ഡ്രൈവില്‍ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് ആള് മാറി മര്‍ദ്ദനമേറ്റത്. ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നവകേരള സദസ്സ് വേദിയില്‍ പ്രതിഷേധിച്ചിരുന്നു. ഇവരില്‍പ്പെട്ട ആളാണ് റയീസെന്നു കരുതിയായിരുന്നു മര്‍ദനം. അതേസമയം നവ കേരള സദസ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്റെ രണ്ട് പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎസ് എ പ്രവര്‍ത്തകരായ ഹനീന്‍, റിജാസ് എന്നിവരെ സെന്‍ട്രല്‍ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

◾നവ കേരള സദസ്സിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. ഫാറൂഖിന്റെ ഫോണ്‍ പിടിച്ചെടുക്കാനും പോലീസ് നടപടികള്‍ സ്വീകരിച്ചു.

◾കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഹനീഫ ഷബ്നയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

◾ഹമാസുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ വിവാദം. തന്റെ പേരില്‍ നല്‍കിയ മറുപടി തന്റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും പിന്നീട് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

◾കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്‌കകരിച്ച് പോലിസ്. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്‌കരണം. വീട്ടില്‍ നിന്ന് ബാങ്കിലെ രേഖകള്‍ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.

◾സി കെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയെന്ന് ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി ദേവഗൗഡ. ദേശീയ പ്രസിഡന്റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി.

◾ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ് 108 ആംബുലന്‍സിന്റെ റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കി.

◾എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സ്വപ്ന സുരേഷിനോട് തളിപ്പറമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ഭീഷണിയുള്ളതിനാല്‍ ചോദ്യം ചെയ്യലിനായി കണ്ണൂര്‍ തളിപ്പറമ്പില്‍ ഹാജാരാകാനാവില്ലെന്നും കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷ നല്‍കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

◾ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും എന്‍.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികള്‍ക്കായി കേരളത്തിലെത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ. ചെയര്‍പേഴ്‌സണുമായ കെ. സുരേന്ദ്രന്‍ അറിയിച്ചു.

◾ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

◾സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകള്‍ തുടരുന്നതിന് കാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

◾28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തുടക്കം. ഐഎഫ്എഫ്കെ ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിട പിടിക്കുന്നതാണെന്ന് ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

◾മൂന്നാമത് പി ജി ദേശീയ പുരസ്‌കാരം ബുക്കര്‍ പുരസ്‌കാര ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്നതാണ് ഈ പുരസ്‌കാരം.

◾വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

◾ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നല്‍കാം. ഐറിസ് സ്‌കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. വിരലടയാളവും ഐറിസ് സ്‌കാനും ഇല്ലെങ്കിലും എന്റോള്‍ ചെയ്യാം. ഇങ്ങനെ എന്റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറില്‍ രേഖപ്പെടുത്തണം.

◾മിഷോം ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ കേരളത്തിന്റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിന്‍ നന്ദി അറിയിച്ചത്. തമിഴ്നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതലെന്നാണ് കേരളത്തിന്റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.

◾പാര്‍ലമെന്റില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

◾ദുബായ് നഗരത്തിലെ ബര്‍ദുബൈയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ജനുവരി മൂന്ന് മുതല്‍ ജബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കും.

◾വനിതാ ട്വന്റി20 പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 80 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 52 പന്തുകള്‍ ബാക്കിയിരിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് നേടി.

◾ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് വൈകീട്ട് 7.30ന് ആരംഭിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖര്‍ക്ക് അവധി നല്‍കിയ പരമ്പര സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്.

◾പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിസിഐയുടെ ആസ്തി 18,700 കോടി രൂപ. രണ്ടാമത് നില്‍ക്കുന്ന ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്തിയേക്കാള്‍ 28 മടങ്ങാണിത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് 658 കോടി രൂപയുടെ ആസ്തിയെയുള്ളൂ. ലോകത്തെ ഏറ്റവും മൂല്യമേറിയ ട്വന്റി 20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലാണ് ബിസിസിഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്.

◾ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന പെരുമയുള്ള എം.ആര്‍.എഫിന്റെ വിപണിമൂല്യം 50,000 കോടി രൂപ പിന്നിട്ടു. എന്‍.എസ്.ഇയിലെ കണക്കുപ്രകാരം 50,045.48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഓഹരി വിലയുള്ളത് എക്കാലത്തെയും ഉയരമായ 1.18 ലക്ഷം രൂപയിലും; 52-ാം ആഴ്ചയിലെയും ഉയരമാണിത്. ഇന്ത്യയിലെ ടയര്‍ നിര്‍മ്മാതാക്കള്‍ക്കിടയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് എം.ആര്‍.എഫ്. 50,313 കോടി രൂപ വിപണിവിഹിതവുമായി ബാലകൃഷ്ണ ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ എം.ആര്‍.എഫ് ഒന്നാംസ്ഥാനം നേടിയേക്കുമെന്നാണ് വിലയിരുത്തല്‍. അപ്പോളോ ടയേഴ്‌സ് (29,109 കോടി രൂപ), സിയറ്റ് (9,400 കോടി രൂപ), ജെ.കെ. ടയര്‍ (8,576 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. അഞ്ചുവര്‍ഷം മുമ്പ് 51,970 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 1,18,000 രൂപയായത്. 5 വര്‍ഷത്തിനിടെ എം.ആര്‍.എഫ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 84 ശതമാനത്തോളം. ഓഹരി വില ഒന്നിന് ഒരുലക്ഷം രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ ഓഹരിയുമാണ് എം.ആര്‍.എഫ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 30 ശതമാനത്തോളവും മൂന്ന് മാസത്തിനിടെ എട്ട് ശതമാനത്തോളവും നേട്ടം എം.ആര്‍.എഫ് ഓഹരി നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. എം.ആര്‍.എഫിന്റെ ആകെ 42.41 ലക്ഷം ഓഹരികളാണ് ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ 2023ലെ പട്ടികയില്‍ രണ്ടാംസ്ഥാനമാണ് എം.ആര്‍.എഫിനുള്ളത്. മിഷലിന്‍ ആണ് ഒന്നാംസ്ഥാനത്ത്.

◾നാഗചൈതന്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തണ്ടേല്‍’. സംവിധായകന്‍ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രവുമാണ് തണ്ടേല്‍. സായ് പല്ലവിയാണ് നായികയായി എത്തുന്നത്. നാഗാര്‍ജുനയും വെങ്കടേഷും അടക്കമുള്ള മുതിര്‍ന്ന താരങ്ങളെല്ലാം പൂജാ ചടങ്ങിന് എത്തിയ വീഡിയോയും ഉണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നാഗചൈതന്യയുടെ ജോഡിയായി സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യയുടെ എന്‍എച്ച് 23ന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താന്‍ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി നായികയാകുന്നത്. നയന്‍താരയ്ക്ക് പിന്നാലെ സായ് പല്ലവി ബോളിവുഡിലേക്കും എത്തുകയാണ്. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ നായികയായിട്ടാണ് ഹിന്ദിയില്‍ വേഷമിടുകുക. പ്രാധാന്യം സായ് പല്ലവിയുടെ നായിക കഥാപാത്രത്തിനായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം സുനില്‍ പാണ്ഡയാണ്.

◾പത്ത് മില്യണ്‍ വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് ‘മലൈകോട്ടൈ വാലിബന്‍’ ചിത്രത്തിന്റെ ടീസര്‍. ‘കണ്‍കണ്ടത് പൊയ്..’ എന്ന് പറഞ്ഞ് തുടങ്ങുന്ന ടീസറില്‍ ആദ്യം കാണിക്കുന്നത് മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കമ്മല്‍ ആണ്. കാതില്‍ ചുറ്റികിടക്കുന്ന മഞ്ഞനിറത്തിലുള്ള കല്ല് പതിപ്പിച്ച പ്രത്യേകതയുള്ള കമ്മല്‍ ശ്രദ്ധ നേടിയിരുന്നു. ടീസറിനൊപ്പം കമ്മലും വൈറലായതോടെ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പങ്കുവച്ച ഇതിന് പിന്നിലെ കഥയുടെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ”ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍. ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്തിന്റെയും നിര്‍ദേശപ്രകാരം ചെയ്ത കമ്മലാണ്. ഈ കമ്മല്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. പേര് ശിവാനന്ദന്‍. അച്ഛന്‍ സ്വര്‍ണപ്പണിക്കാരനാണ്. കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കില്‍ ആണ് വര്‍ക്ക്. ആഭരണത്തിന് റഫ് ഫീല്‍ വേണം, കൈകൊണ്ടു നിര്‍മിച്ചതാകണം എന്നാണ് ലിജോ സാര്‍ പറഞ്ഞത്. അപ്രകാരം ആണ് ഈ കമ്മല്‍ ഉണ്ടാക്കിയത്. സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. ടീറിന്റെ ആദ്യ ഷോട്ടില്‍ തന്നെ ഈ കമ്മല്‍ കാണിക്കുന്നുണ്ട്. ഞങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്” എന്നാണ് സേതു ശിവാനന്ദന്‍ പറയുന്നത്. അതേസമയം, ജനുവരി 25ന് ആണ് മലൈകോട്ടൈ വാലിബന്‍ തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്.

◾രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാണ കമ്പനിയായ കാവസാക്കി തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളായ ഡബ്ളിയു 175 അര്‍ബന്‍ റെട്രോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിള്‍ റെട്രോ-ക്ലാസിക് രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡബ്ളിയു 175 നെ അപേക്ഷിച്ച് കമ്പനി ഇതിന് 12,000 രൂപ കുറവാണ്. സെമി-ഡബിള്‍ ക്രാഡില്‍ ഫ്രെയിം അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് എത്തുന്നത്. ഈ ബൈക്കില്‍ കമ്പനി ചില പുതിയ അപ്‌ഡേറ്റുകള്‍ നടത്തിയിട്ടുണ്ട്. കവാസാക്കി ഡബ്ളിയു 175 സ്ട്രീറ്റ് ബൈക്കില്‍ അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും ഉണ്ട്. കവാസാക്കിയുടെ ഈ ബൈക്ക് ഇന്ത്യന്‍ ബൈക്ക് വീക്കില്‍ 2023ല്‍ ലോഞ്ച് ചെയ്തിരുന്നു. 13 ബിഎച്ച്പി കരുത്തും 13.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 177 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കവാസാക്കിയുടെ പുതുതായി പുറത്തിറക്കിയ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അതേ സമയം 12 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. 1.35 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഈ മാസം മുതല്‍ ഈ മോഡലിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കളര്‍ ഓപ്ഷനുകളില്‍, കാന്‍ഡി ആന്‍ഡ്രോയിഡ് ഗ്രീന്‍, മെറ്റാലിക് മൂണ്‍ ഡസ്റ്റ് ഗ്രേ നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.

◾ലാസറിന്റെ ആഖ്യാനത്തിലൂടെ പ്രജാമണ്ഡ ലത്തിന്റെ ജീവിതകഥയും വഴിപിരിയാതെ കൂടെ സഞ്ചരിക്കുന്നു. ഒപ്പം മാളയുടെ നിത്യ ജീവിതത്തിന്റെ ശരിപകര്‍പ്പും നമുക്ക് ഈ രചനയിലൂടെ കാണാം. ഇതില്‍ മണ്‍മറഞ്ഞു പോയ രാഷ്ട്രീയനേതാക്കള്‍ തന്നെ കഥാപാത്രമായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കല്പിത കഥാപാത്രങ്ങള്‍ ഏറെയൊന്നുമില്ല. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളീയ ജീവിതത്തിന്റെയും നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും രീതികള്‍, ചരിത്രത്തെ പിന്തുടര്‍ന്നുകൊണ്ട് അവതരിപ്പിക്കുന്നു. ‘വന്ദേമാതരം’. കെ സി വര്‍ഗ്ഗീസ് കണ്ണമ്പുഴ. കറന്റ് ബുക്സ് തൃശൂര്‍. വില 161 രൂപ.

◾ദിവസത്തില്‍ പത്ത് മണിക്കൂര്‍ ഭക്ഷണക്രമം മാനസികാവസ്ഥ, ഉര്‍ജ്ജം, വിശപ്പ് എന്നിവ മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. യുകെ കമ്മ്യൂണിറ്റി റിസര്‍ച്ച് പ്രോജക്റ്റില്‍ നിന്നുള്ള പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നുള്ള ഗവേഷകരുടെ യൂറോപ്യന്‍ പോഷകാഹാര സമ്മേളനത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇടയ്ക്കിടെയുള്ള ഡയറ്റിങ് നടത്തുന്നതിനെക്കാള്‍ ഭക്ഷണം കഴിക്കുന്നത് ഒരു നിശ്ചിത സമയപരിധിയിലേക്ക് പരിമിതപ്പെടുത്തുന്നത് ആരോഗ്യത്തിനും ഭാരം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണെന്നുമാണ് കണ്ടെത്തല്‍. ദൈനംദിന ഭക്ഷണക്രമം 10 മണിക്കൂറിനുള്ളില്‍ പരിമിതപ്പെടുത്തി ബാക്കിയുള്ള 14 മണിക്കൂര്‍ ഉപവാസവും നടത്തണം. ഉദാഹരണത്തിന്, രാവിലെ ഒമ്പത് മണിക്ക് ഭക്ഷണം കഴിച്ചാല്‍ വൈകീട്ട് ഏഴ് മണിക്ക് ഭക്ഷണം കഴിഞ്ഞ് അന്നത്തെ ഭക്ഷണം അവസാനിപ്പിക്കണം. ഇങ്ങനെ ശീലിക്കുന്നതാണ് ഭാരം കുറക്കുന്നതിനുള്‍പ്പെടെ സ്വീകരിക്കുന്ന മറ്റ് മാര്‍ഗങ്ങളെക്കാള്‍ ഫലം ചെയ്യുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തില്‍ സ്ഥിരമായി ഭക്ഷണം ക്രമീകരിക്കുന്നതാണെന്ന് ലണ്ടനിലെ കിംഗ്‌സ് കോളജില്‍ നിന്നുള്ള ഡോ. സാറാ ബെറി പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പോസീറ്റിവ് ഫലങ്ങള്‍ ലഭിക്കാന്‍ അധികമായി ഭക്ഷണക്രമീമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശുഭദിനം
കവിത കണ്ണന്‍
ആ നാട്ടില്‍ എല്ലാ വര്‍ഷവും കുതിരപന്തയം നടക്കാറുണ്ട്. പക്ഷേ, മത്സരിക്കാനുള്ള കുതിരകളെയെല്ലാം അവര്‍ അയല്‍രാജ്യത്ത് നിന്നും കൊണ്ടുവരികയാണ് പതിവ്. എന്നാല്‍ ഇത്തവണ കൂട്ടത്തില്‍ നാട്ടില്‍ നിന്നുളള ഒരു കുതിര കൂടിയുണ്ടായിരുന്നു. ആ കുതിരക്കാരന്റെ കയ്യില്‍ ഒരു വടിയും അതിനറ്റത്ത് കുറച്ച് പുല്ലും ഉണ്ടായിരുന്നു. മത്സരം തുടങ്ങിയ ഉടന്‍ വടി കുതിരയുടെ വായുടെ തൊട്ടുമുന്നിലേക്ക് പിടിച്ചു. എത്രവേഗത്തിലോടിയിട്ടും ആ കുതിരക്ക് പുല്ല് തിന്നാന്‍ പറ്റുന്നില്ലായിരുന്നു. പക്ഷേ, മത്സരത്തില്‍ മറ്റ് കുതിരകളെയെല്ലാം തോല്‍പിച്ച് അയാളുടെ കുതിര ജേതാവായി മാറി. മത്സരം കഴിഞ്ഞപ്പോള്‍ അയാള്‍ കുതിരക്ക് വയറുനിറയെ പുല്ല് കൊടുത്തു. എങ്ങനെ ഈ കുതിര ജേതാവായി മാറിയെന്ന് ചോദിച്ചവരോട് അയാള്‍ പറഞ്ഞു: ഇന്നലെ ഞാന്‍ കുതിരക്ക് തീറ്റകൊടുത്തില്ല. എങ്ങനെയും പുല്ല് തിന്നണമെന്ന അതിന്റെ ആഗ്രഹമാണ് എന്റെ കുതിരയെ മുന്നിലേക്കെത്തിച്ചത്. നിയതമായ ലക്ഷ്യവും നിരന്തരമായ പരിശ്രമവുമില്ലാതെ ഒരാളും എവിടേയും എത്തില്ല. അവനവന്റെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ രൂപീകരിക്കുക. കൂടെയോടുന്നവരെ നോക്കരുത്. അപരനെ നോക്കിനടന്നാല്‍ അവന്റെ വഴികളും വേഗവും അനുകരിക്കാന്‍ സാധ്യതയുണ്ട്. തീര്‍ച്ചപ്പെടുത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കരുത്. ഒരാളും ഒരുരാത്രികൊണ്ട് വിജയശ്രീലാളിതരായവരല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സ്വയം പരുവപ്പെടുത്തി മുന്നേറിയവരാണ്. യാത്ര തുടങ്ങിയാല്‍ അവസാനിക്കേണ്ടിടത്തേ അവസാനിക്കാവൂ. യാത്ര തുടങ്ങിയോ എന്നതല്ല, എത്തിയോ എന്നത് തന്നെയാണ് പ്രധാനം. നമുക്ക് തിരിഞ്ഞുനോക്കാതെ തളരാതെ മടിക്കാതെ ഓടാന്‍ പരിശീലിക്കാം – ശുഭദിനം.
➖➖➖➖➖➖➖➖