08.12.2023
മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു, മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റി
?️സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം തന്നെ സ്ഥാനമൊഴിയാൻ മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അദ്ദേഹം ഇപ്പോൾ അത് അംഗീകരിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. മേജർ ആർച്ച് ബിഷപ് എന്ന സ്ഥാനം ഒഴിയുമ്പോഴും കർദിനാൾ എന്ന നിലയിലുള്ള ചുമതലകളിൽ തുടരും. ഇതോടൊപ്പം, എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് മാർ ആൻഡ്രൂസ് താഴത്തിനെ വത്തിക്കാൻ ഒഴിവാക്കുകയും ചെയ്തു. മാർ ബോസ്കോ പുത്തൂരിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
ജനുവരിയിൽ നടക്കുന്ന സീറോ മലബാർ സിനഡിൽ പുതിയ സീറോ മലബാർ സഭയുടെ അധ്യക്ഷനായ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കും. അതുവരെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനു ചുമതല നൽകിയിട്ടുണ്ട്. അപ്പസ്തോലിക് കൗൺസിലറുടെ കാര്യത്തിലും സിനഡിൽ പുതിയ തീരുമാനമുണ്ടാകും.
യുവ ഡോക്ടറുടെ ആത്മഹത്യ: സുഹൃത്ത് റുവൈസ് കസ്റ്റഡിയില്‍
?️തിരുവനന്തപുരത്തെ യുവ ഡോക്‌ടറുടെ ആത്മഹത്യയിൽ സുഹൃത്ത് യുവ ഡോക്‌ടർ ഇ.എ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. പൊലീസ് കേസെടുത്തതോടെ, റുവൈസ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നതായാണ് സൂചന. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പു പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയും റുവൈസിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലോ കോളെജിൽ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ചു; 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
?️കോഴിക്കോട് ഗവ.ലോ കോളെജിൽ കെഎസ്‌യു പ്രവർത്തകനെ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരേ കേസ്. 6 പ്രവർത്തകർക്കെതിരെയാണ് കേസ്. ഇവർക്കെതിരേ വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ശ്യാം, റിത്തിക്ക്, അബിന്‍, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിയിക്കുന്നത്. ബുധനാഴ്ച ക്ലാസിനിടെ സഞ്ജയ് എന്ന വിദ്യാർഥിയെ വിളിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ മർദിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കാതെ ബിജെപി
?️നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 5 ദിവസമെത്തുമ്പോഴും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി നേതൃത്വം. ഇന്നലെ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിനുശേഷവും പുതിയ മുഖ്യമന്ത്രിമാർ ആരൊക്കെയെന്നതിൽ നേതൃത്വം മൗനം തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ എല്ലാ വശങ്ങളും വിലയിരുത്തി ഉചിതമായ തീരുമാനമുണ്ടാകുമെന്നു മാത്രമാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.
ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്‍റെ പേരുണ്ടെന്നു പൊലീസ്
?️മെഡിക്കൽ കോളെജിലെ യുവ ഡോക്റ്റർ എ.ജെ. ഷഹന ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളെജ് പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന ഡോ. ഇ.എ. റുവൈസ് അഴിക്കുള്ളിൽ. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റുവൈസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി
?️നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മെമ്മറി കാർഡ് അനധികൃതമായി ആരോ പരിശോധിച്ചതിനാൽ ഹാഷ് വാല്യു മാറിയതായി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് വിധി. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും കേസിലെ പ്രതിയായ നടൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി മുഖവിലക്കെടുത്തില്ല.
കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയും മരിച്ചു
?️കളമശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോണാണ് ( 76) മരിച്ചത്. രാജഗിരി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. സ്ഫോടനത്തിൽ മരിച്ച ജോണിന്‍റെ ഭാര്യയാണ്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഒക്റ്റോബർ 29ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സെന്‍ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിൻ പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. അന്വേഷണം നടക്കുകയാണ്.
”സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവനോട് താൻ പോടോ എന്ന് പറയണം”, മുഖ്യമന്ത്രി
?️തിരുവനന്തപുരത്തെ യുവ ഡോക്‌ടർ ഷഹ്നയുടെ ആത്മഹത്യ യൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾ പഠിക്കണമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. സമൂഹത്തിനൊന്നാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്, നിയമവും അതിനൊപ്പം ശക്തമാവണം. അതിനായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റു
?️തെലങ്കാന മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് എ. രേവന്ത് റെഡ്ഡി അധികാരമേറ്റു. എൽ ബി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴ്ഇസൈ സൗന്ദരരാജൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. അധികാരമേറ്റയുടനെ മുഖ്യമന്ത്രിയുടെ വസതിയുടെ പേര് പ്രഗതി ഭവൻ എന്നതിനു പകരം പ്രജാ ഭവൻ എന്നാക്കി മാറ്റി. ഓഫിസിനു മുൻപിലെ ബാരിക്കേഡുകളും നീക്കം ചെയ്തു.
‘അഭിപ്രായം വ്യക്തിപരം’: വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ
?️പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ സർക്കാരിന് വിശദീകരണം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ്. ഷാനവാസ്. സര്‍ക്കാരിന്‍റെ ചോദ്യ പേപ്പര്‍ തയാറാക്കാനുള്ള യോഗത്തില്‍ നയമോ അഭിപ്രായമോ അല്ല. ചര്‍ച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സര്‍ക്കാര്‍ നയത്തെയോ മൂല്യ നിര്‍ണയ രീതിയെയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച സമ്പൂർണ അവധി
?️കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച (08/12/2023) അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രളയത്തിൽ മുങ്ങി ചെന്നൈ; മരണം 17 കടന്നു
?️മിചൗങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ചെന്നൈയിൽ മരണം 17 ആയി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ചെന്നൈയിൽ ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ വിവിധ മേഖലകളിലായി 61,000 ത്തിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
ശബരിമല കീഴ്ശാന്തിയുടെ സഹായി രാംകുമാര്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു
?️ശബരിമല കീഴ്ശാന്തിയുടെ സഹായി രാംകുമാര്‍ (42) ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശിയാണ്. കീഴ്ശാന്തി നാരായണന്‍ നമ്പൂതിരിയുടെ സഹായിയായിരുന്നു രാംകുമാര്‍. വ്യാഴാഴ്ച പുലര്‍ച്ചെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ 2.30ന് മരണം സ്ഥിരീകരിച്ചു. പരേതനായ ജയറാം- രമീല ദമ്പതികളുടെ മകനാണ് രാംകുമാര്‍. ഭാര്യ: മഹേശ്വരി മക്കള്‍: അയ്യപ്പന്‍, യോഗീശ്വരി.
വയനാട് ചുരത്തിൽ കടുവയിറങ്ങി
?️വയനാട് ചുരത്തിൽ കടുവയിറങ്ങി. ചുരം ഒൻപതാം വളവിന് താഴെ ഇന്നലെ പുലർച്ചെ ഒന്നരയോടെ കടുവയെ കണ്ടത്. ലോറി ഡ്രൈവറാണ് കടുവയെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി.
ചുരത്തിൽ കടുവയെ കണ്ടത് അപൂർവ സംഭവമാണ്. ലക്കിടിയിലെ വനത്തിൽനിന്നായിരിക്കാം ഒമ്പതാം വളവിലേക്ക് കടുവ വന്നതെന്നാണ് നിഗമനം. ട്രാഫിക് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതിനാൽ രാത്രിയിൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
വിവാഹസത്കാരത്തിൽ ഭക്ഷ്യവിഷബാധ; അതിഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
?️വിവാഹ സത്കാരത്തിൽ പങ്കെടുത്തതിനു പിന്നാലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ അതിഥിക്ക് നഷ്ടപരിഹാരം നൽകാൻ എറണാകുളം ഉപഭോതൃ തർക്ക പരിഹാര കോടതിയുടെ വിധി. ഭക്ഷ്യവിഷബാധയോറ്റ എക്സൈസ് ഉദ്യോഗസ്ഥനായ ഉന്മേഷിന് 40,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. ഭക്ഷണം വിളമ്പിയ സെന്‍റ് മേരീസ് കേറ്ററിങ് ഉടമകളാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ഗിഫ്റ്റ് സിറ്റി: നവകേരള സദസില്‍ പ്രഖ്യാപനമുണ്ടായേക്കും
?️കേരളത്തിന്‍റെ വികസനത്തില്‍ ചരിത്രമാറ്റം കുറിക്കുമെന്നു പ്രതീക്ഷിക്കുന്ന ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി പദ്ധതി (ഗിഫ്റ്റ് സിറ്റി) യാഥാർഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചി. ഏഴ് മുതല്‍ ജില്ലയില്‍ നടക്കുന്ന നവകേരള സദസില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് വാണിജ്യ, വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. അങ്കമാലിക്കടുത്തുള്ള അയ്യമ്പുഴയിലാണ് ഗിഫ്റ്റ് സിറ്റി രൂപപ്പെടുത്തുക. ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം
?️മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഒരേ ഹര്‍ജിയില്‍ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് വീണ്ടും ഉത്തരവിടാന്‍ മറ്റൊരു സിംഗിൾ ബെഞ്ചിന് സാധിക്കില്ലെന്നു ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന സിംഗിൾ ബെഞ്ച് ജഡ്ജിനോട് കേസില്‍ വിശദമായ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കി. അന്തിമ ഉത്തരവ് വരുന്നതുവരെ തോമസ് ഐസക്കിന് സമന്‍സ് അയയ്ക്കാന്‍ ഇഡിക്കു സാധിക്കില്ല.
ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു
?️കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശിയും ഇടക്കുന്നം മുക്കാലിയിയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ചക്കാലപ്പറമ്പിൽ നിജോ തോമസ് (33), 26-ാം മൈൽ പുൽപ്പാറ പി.പി ബിനു(44) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച മൂന്നു ജില്ലകളിൽ യെലോ അലർട്ട്; ഇടിമിന്നലിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
?️സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ടാണ്.ഇതു കൂടാതെ ഡിസംബർ 7,10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; ഡിസംബർ 8, 9 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
147-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ 2024 ജനുവരി 1, 2 തീയതികളില്‍ പെരുന്ന എന്‍എസ്‌എസ് ആസ്ഥാനത്ത്
?️147-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ 2024 ജനുവരി 1, 2 തീയതികളില്‍ ചങ്ങനാശേരി പെരുന്ന എന്‍എസ്‌എസ് ആസ്ഥാനത്ത് നടക്കും. ജനുവരി 1ന് രാവിലെ 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും,തുടർന്ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. പ്രസിഡന്‍റ് ഡോ. എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും.
ലൈംഗികത പ്രകടമാകുന്ന കണ്ടന്‍റുകൾ സൂക്ഷിക്കേണ്ടതെങ്ങനെ: നിർദേശങ്ങളുമായി ഹൈക്കോടതി
?️ലൈംഗികത പ്രകടമാകുന്ന കണ്ടന്‍റുകൾ തെളിവ് എന്ന നിലയിൽ കോടതിയിലെത്തുമ്പോൾ എങ്ങനെ സൂക്ഷിക്കണമെന്നതിൽ മാർഗ നിർദേശങ്ങളുമായി കേരളാ ഹൈക്കോടതി. പീഡന കേസുകളിലടക്കം ഹാജരാക്കുന്ന ഇത്തരം തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ആവശ്യമെങ്കിൽ ഇത്തരം തൊണ്ടിമുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കാം. ലോക്കറിൽ സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് വേണം. തെളിവുകൾ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം.
അയോധ്യ ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടവരിൽ സച്ചിൻ, കോലി, അംബാനി, അദാനി, ബച്ചൻ…
?️അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനു ക്ഷണിക്കപ്പെട്ട എണ്ണായിരം പേരിൽ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും വിരാട് കോലിയും. ബോളിവുഡ് താരം അമിതാഭ് ബച്ചൻ, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെടുന്നു. രാമക്ഷേത്രത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കു കരുത്തു പകർന്ന ദൂരദർശനിലെ രാമായണം സീരിയലിൽ രാമനും സീതയുമായി അഭിനയിച്ച അരുൺ ഗോവിൽ, ദീപിക ചിഖ്‌ലിയ എന്നിവരെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ട്.
മഹുവയ്ക്കെതിരേയുള്ള റിപ്പോർട്ട് വെള്ളിയാഴ്ച സഭയിൽ വച്ചേക്കും
?️പാർലമെന്‍റിൽ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേയുള്ള റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി വെള്ളിയാഴ്ച സഭയിൽ വച്ചേക്കും. മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടാണ് സഭയിൽ വയ്ക്കുക. ഡിസംബർ നാലിന് റിപ്പോർട്ട് സഭയിൽ വയ്ക്കുമെന്നായിരുന്നു അജണ്ടയിൽ ഉണ്ടായിരുന്നത്. എന്നാൽ അന്ന് റിപ്പോർട്ട് വച്ചില്ല. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനം എടുക്കാവൂ എന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പന്നൂന്‍ വധശ്രമം: എഫ്ബിഐ അടുത്തയാഴ്ച ഇന്ത്യയിലേക്ക്
?️യുഎസ് ആഭ്യന്തര സുരക്ഷാ ഏജൻസി എഫ്ബിഐയുടെ ഡയറക്റ്റർ ക്രിസ്റ്റഫർ റേ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് എഫ്ബിഐ മേധാവിയുടെ സന്ദർശനം. ഇന്ത്യയിലെ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ നടത്തിയ ശ്രമം യുഎസ് സുരക്ഷാ ഏജൻസികൾ തകർത്തെന്ന് ഒരു യുഎസ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.
ക്യാനഡയിൽ ഹിന്ദി സിനിമ പ്രദർശിപ്പിച്ച തിയെറ്ററുകൾ ഒഴിപ്പിച്ചു
?️ക്യാനഡയിൽ ഹിന്ദി സിനിമ പ്രദർശിപ്പിച്ച തിയറ്ററുകളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം അജ്ഞാത വസ്തു സ്പ്രേ ചെയ്തതായി റിപ്പോർട്ട്. തിയെറ്ററിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് തിയെറ്ററുകൾ എല്ലാം തന്നെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച മൂന്നു തിയെറ്ററുകളിലാണ് ഒരേ രീതിയിലുള്ള സംഭവം നടന്നത്. വോഗനിലുള്ള സിനിമാ കോംപ്ലക്സ്, ബ്രാംപ്റ്റണിലെ തിയെറ്റർ, സ്കാർബോറോ ടൗൺ സെന്‍ററിലെ തെയറ്റർ എന്നിവിടങ്ങളിലാണ് അജ്ഞാത സംഘം പൊടി വിതറിയത്. വോഗനിൽ മാസ്കും തലമൂടിയുള്ള വസ്ത്രവും ധരിച്ചെത്തിയ രണ്ടു പേർ തിയെറ്ററിനുള്ളിൽ അജ്ഞാത വസ്തുക്കൾ സ്പ്രേ ചെയ്തു. അൽപ്പ സമയത്തിനകം തിയെറ്ററിനുള്ളിലുണ്ടായിരുന്നവർക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു.
ഏഷ്യൻ കപ്പിനു തൊട്ടു മുൻപ് ഖത്തർ കോച്ചിനെ പുറത്താക്കി
?️ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനു ഖത്തർ ആതിഥ്യം വഹിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസിനെ പുറത്താക്കി. റയൽ മാഡ്രിഡിന്‍റെയും പോർച്ചുഗലിന്‍റെയും ഇറാന്‍റെയും പരിശീലകനായിരുന്ന ക്വിറോസിന്‍റെ നാലു വർഷ കാലാവധി കഴിയും മുൻപാണ് പുറത്താക്കൽ. 2022 ലോകകപ്പിൽ ക്വിറോസിന്‍റെ പരിശീലനത്തിൽ കളിച്ച ഖത്തർ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. സ്പെയിനിൽനിന്നുള്ള മാർക്കേസ് ലോപ്പസിനെയാണ് ഖത്തർ ദേശീയ ടീമിന്‍റെ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബ്ബായ എസ്പാന്യോളിനെ പരിശീലിപ്പിച്ചിട്ടുള്ള ലോപ്പസ്, നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ വക്രയുടെ പരിശീലകനാണ്. ആസ്പയർ അക്കാഡമിയുമായും സഹകരിച്ചിട്ടുണ്ട്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5755 രൂപ
പവന് 46040 രൂപ