വേനൽ ആരംഭിച്ചതോടെ വാരങ്ങളിലെ ഇഞ്ചി ചെടികൾ മൂപ്പ് എത്തി തുടങ്ങിയതോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ വാരങ്ങളിൽ നിന്നും തണ്ടുകൾ വെട്ടി മാറ്റിയാണ് സ്ത്രീ പുരുഷ തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുപ്പ് നടത്തുന്നത്. കാലാവസ്ഥ യോജിച്ചതോടെ ഈ വർഷം കാര്യമായ രോഗ കീടബാധയില്ലാതെ ഭേദപ്പെട്ട വിളവ് കിട്ടിയെന്ന് കർഷകർ പറയുന്നു. പുരുഷന്മാർ കിളച്ചുമാറ്റുന്ന ഇഞ്ചി മണ്ണും വേരുകളും കളഞ്ഞു വൃത്തിയാക്കുന്ന ജോലിയാണ് സ്ത്രീ തൊഴിലാളികൾ ചെയ്യുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. വിളവെടുത്ത ഒരു കിലോ പച്ച ഇഞ്ചി 55 രൂപ മുതൽ 75 രൂപ വരെ വിലക്കാണ് വിൽപ്പന നടത്തുന്നത്. തുടർ കൃഷിക്കായുള്ള വിത്ത് ഇഞ്ചി മാറ്റി വച്ചതിനുശേഷം. ശേഷിക്കുന്ന ഇഞ്ചി തൊലി ചുരണ്ടി ഉണക്കി ചുക്ക് ആക്കുന്ന രീതിയിലേക്കാണ് കൂടുതൽ കർഷകരും തയ്യാറെടുക്കുന്നത്. ഇപ്പോൾ ചുക്കിന് 180 മുതൽ 220 രൂപ വരെയാണ് ഒരു കിലോയ്ക്ക് ലഭിക്കുന്ന വില. ചുക്ക് ആക്കി മാറ്റിയാൽ കൂടുതൽ വില കിട്ടുമെന്നും സൂക്ഷിച്ചുവയ്ക്കാനും വില കൂടുമ്പോൾ വിപണിയിൽ ഇറക്കാൻ കഴിയും എന്ന മേന്മയും കർഷകർ കാണുന്നു. പത്തു കിലോ ഇഞ്ചി ഉണക്കിയാൽ അഞ്ച് കിലോയിൽ താഴെ മാത്രമാണ് ചുക്ക് ലഭിക്കുക എന്ന് കർഷകർ പറഞ്ഞു. സ്ത്രീ തൊഴിലാളികൾക്ക് ചാക്ക് ഒന്നിന് നിശ്ചിത രൂപ നിരക്കിലാണ് ഇഞ്ചി ചുരണ്ടി തരുന്നതിന് കൂലി നൽകുന്നത്. ചുക്ക് ആക്കി മാറ്റാൻ ഒരാഴ്ചയോളം തൊലി ചുരുണ്ടിയ ഇഞ്ചി മണ്ണും ചെളിയും കളഞ്ഞ് കഴുകി വൃത്തിയാക്കി ഉണക്കി എടുക്കേണ്ടതുണ്ട്. വിളവെടുത്ത പാടങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകളും ടാർപായകളും വിരിച്ചും ഒഴിഞ്ഞുകിടക്കുന്ന കോൺക്രീറ്റ് മുറ്റങ്ങളും പാറകളും ഇഞ്ചി ഉണക്കിയെടുക്കുന്നതിന് കർഷകർ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യാപാരികൾ കർഷകരിൽ നിന്ന് പച്ച ഇഞ്ചിയും മൊത്തവിലയ്ക്ക് വാങ്ങി കൊണ്ടുപോകുന്നവരും ധാരാളം എത്തുന്നുണ്ട്. നെൽപ്പാടങ്ങളിലും പറമ്പുകളും ഏക്കറിന് 40,000 മുതൽ 50000 വരെ രൂപ പാട്ടം നൽകിയാണ് ഇഞ്ചി കൃഷി ചെയ്തിരിക്കുന്നത്. ഒരേ സ്ഥലത്ത് തന്നെ ആവർത്തിച്ച് കൃഷി ചെയ്താൽ ചില പ്രത്യേക ഫംഗസ്, വൈറസ് രോഗങ്ങൾ പടരുന്നതിനാൽ ദ്രുതവാട്ടം പോലുള്ള അസുഖങ്ങൾ ഒഴിവാക്കുന്നതിനും ഓരോ പ്രാവശ്യവും കൃഷി ചെയ്യുന്നതിന് പുതിയ കൃഷി സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നതെന്ന് തിരുവഴിയാട് ഭാഗത്ത് കൃഷി ചെയ്യുന്ന കർഷകർ പറയുന്നു.