ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 6 നാണ് അപകടം.

മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 6 നാണ് അപകടം. 34 യാത്രക്കാ‍രും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. മാവേലിക്കര സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

പീരുമേടില്‍നിന്നും മുണ്ടക്കയത്തുനിന്നുമാണ് ഫയ‍ർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിയത്. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിരവധി യാത്രക്കാ‍ർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഏതാനും സമയത്തേക്ക് ഗതാഗതം തടസപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച്‌ ബസ് നിയന്ത്രണംവിട്ട് 20 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. മരങ്ങളില്‍ തട്ടി ബസ് നിന്നതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം അപകടത്തില്‍പെട്ടെന്നാണ് സൂചന. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.