*
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനു തുടക്കം
?️രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്തളത്തിലേക്ക് ഹെലികോപ്റ്ററിൽ യാത്ര. അതിനു ശേഷം റോഡ് ഷോ കഴിഞ്ഞ് ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ വിശ്രമം.
സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
?️ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാവും. എസ്. ശ്യാം സുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.എ. അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായും ടി. നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. 5 അഡിഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്.
10 വർഷങ്ങൾക്കു ശേഷം പാഠ്യപദ്ധതി പരിഷ്ക്കരണവുമായി സംസ്ഥാന സർക്കാർ
?️10 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ച് സർക്കാർ. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലായി തയാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ അവഗണന: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം
?️കേന്ദ്രസർക്കാരിന്‍റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സമരം നടത്താനൊരുങ്ങി ഇടതുമുന്നണി. ഫെബ്രവരി 8 ന് ഡൽഹിയിൽ വെച്ച് സമരം നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും എംപിമാരും എംഎൽഎമാരും പങ്കെടുക്കും.കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണനയെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു. ഡൽഹിയിൽ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്നാണ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനം: ഗുരുവായൂരിൽ ഗതാഗത ക്രമീകരണങ്ങൾ
?️ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സുഗമമാക്കാൻ പൊലീസ് നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരങ്ങളൊരുക്കി.ബുധൻ രാവിലെ 6നു ശേഷം തൃശൂർ ഭാഗത്തു നിന്നും കൂനംമൂച്ചി വഴി ഗുരുവായൂർക്ക് പോകേണ്ട വാഹനങ്ങൾ ചൂണ്ടലിൽ നിന്നും കുന്നംകുളത്ത് എത്തി കോട്ടപ്പടി വഴി പോകണം. ഈ സമയം കൂനംമൂച്ചിയിൽ നിന്നും അരിയന്നൂരിലേക്ക് വാഹനങ്ങളൊന്നും പ്രവേശിക്കുവാൻ അനുവദിക്കില്ല.രാവിലെ 6 മണിക്കു ശേഷം ഔട്ടർ റിങ് റോഡിന്‍റെ തെക്കു ഭാഗത്തേക്ക് വാഹനങ്ങളൊന്നും പ്രവേശിക്കാൻ പാടില്ല. പ്രൈവറ്റ് ബസുകൾക്ക് ആവശ്യമെങ്കിൽ പടിഞ്ഞാറേ നടയിൽ കമ്പിപ്പാലത്തിനടുത്ത് താത്കാലികമായി ക്രമീകരിച്ചിട്ടുളള മായാ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാം.
തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
?️പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധികളിൽ വരുന്ന പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാൽ മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനം; ഉദ്ഘാടനത്തിനൊരുങ്ങി 4000 കോടിയുടെ പദ്ധതികള്‍
?️കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വന്‍കിട പദ്ധതികള്‍.
അയോധ്യ ആഘോഷത്തിൽ
?️അയോധ്യയിലെ രാമക്ഷേത്രത്തിൽ 22ന് ഉച്ചയ്ക്ക് 12.20നാകും പ്രാണ പ്രതിഷ്ഠ നടക്കുകയെന്നു ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി. ഉച്ചയ്ക്ക് രണ്ടിനു ചടങ്ങുകൾ പൂർത്തിയാകും. പ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നു തുടക്കമാകും. 18ന് വിഗ്രഹം ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കും. 20,21 തീയതികളിൽ ദർശനമുണ്ടാവില്ല. 23 മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. വാരാണസിയിൽ നിന്നുള്ള മുതിർന്ന വേദജ്ഞൻ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ മുഖ്യ കാർമികത്വത്തിലാണു ചടങ്ങുകൾ. 121 വേദപണ്ഡിതർ പരികർമികളാകും. 350 വർഷം മുൻപ് ഛത്രപതി ശിവജിയുടെ പട്ടാഭിഷേകച്ചടങ്ങിന് കാർമികത്വം വഹിച്ച ഗംഗാ ഭട്ടിന്റെ പരമ്പരയിലെ ഇപ്പോഴത്തെ കണ്ണിയാണ് ഋഗ്വേദ പാരമ്പര്യം പിന്തുടരുന്ന മഥുരനാഥ് ദീക്ഷിത്.
രാഹുലിന് ആശ്വാസം
?️യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രേഖപ്പെടുത്തിയ കേസുകളിൽ ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ഇന്നു രാവിലെ ചുമത്തിയ പുതിയ 2 കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അതേസമയം, ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക. നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഇന്നതെ അറസ്റ്റ്. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏകീകൃത കുർബാനയിൽ പരിഹാരമില്ല
?️ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സിനഡിൽ തീരുമാനം. മാർപാപ്പയുടെ വീഡിയോ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സിനഡ് രേഖാമൂലം സർക്കുലർ പുറപ്പെടുവിച്ചു.എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. പുതിയ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ മെത്രാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സർക്കുലർ കൂടിയാണിത്.
എറണാകുളം ലോ കോളെജില്‍ പ്രധാനമന്ത്രിക്കെതിരായ കെഎസ്‌യു ബാനർ അഴിച്ചുമാറ്റി പൊലീസ്
?️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നു പോവുന്ന എറണാകുളം ലോ കോളെജ് ക്യാമ്പസിൽ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്ത് പൊലീസ്.കെഎസ്‌യു പ്രവർത്തകർ സ്ഥാപിച്ച ബോർഡാണ് പൊലീസ് നീക്കം ചെയ്തത്.2 കെഎസ്‌യു പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ ക്യാംമ്പസിൽ വിദ്യാർഥികൾ ഒത്തുകൂടിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.’മോദി ഗോ ബാക്ക്’ എന്നെഴുതിയ ബോർഡാണ് ഉച്ചയോടെ ക്യാമ്പസിൽ പ്രവർത്തകർ സ്ഥാപിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്: കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
?️യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.അഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.രാഹുൽ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റിനു പിന്നാലെ തുടങ്ങിയ സംഘർഷം കൂടുതൽ ശക്തമാകുകയാണ്.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിച്ചു
?️കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഹൈക്കമാൻഡ് പുനഃസംഘടിപ്പിച്ചു. 23 ൽ നിന്നും 36 അംഗങ്ങളായാണ് സമിതി പുനഃക്രമീകരിച്ചിരിക്കുന്നത്. സ്ത്രീ പ്രാതിനിധ്യവും വർപ്പിച്ചിട്ടുണ്ട്.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് പാർട്ടി വിട്ട കെ.വി തോമസ്, പി.സി ചാക്കോ എന്നിവരെ ഒഴിവാക്കി. നേരത്തേ രാജിവെച്ച വി.എം സുധീരൻ വീണ്ടും രാഷ്ട്രീയ കാര്യ സമിതിയിൽ ഇടംപിടിച്ചു. ചെറിയാൻ ഫിലിപ്പ്, ശശി തരൂർ തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
സർക്കാർ അവഗണന നേരിടാൻ ട്രേഡ് യൂണിയന്‍റെ വഴിയേ ഡോക്യുമെന്‍ററി സംവിധായകർ
?️സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്‍റെ നയം മാറ്റം കാരണം അവഗണന നേരിടുന്ന എംപാനൽഡ് ഡോക്യുമെന്‍ററി സംവിധായകർ പ്രശ്ന പരിഹാരത്തിന് ട്രേഡ് യൂണിയന്‍റെ വഴി തേടുന്നു. ഡോക്യുമെന്‍ററി ഡയറക്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരള (ഡിഡിഎഫ്‌കെ) ഉദ്ഘാടന യോഗം കേന്ദ്ര, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേരുകയും ചെയ്തു. സിഐടിയുവുമായി അഫിലിയേറ്റ് ചെയ്താണ് സംഘടന പ്രവർത്തിക്കുന്നത്.സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു.സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കൂട്ടായ ആശങ്കകൾ സർക്കാരിന്‍റെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം കാണാനും ഒരുമിച്ചു നിൽക്കുക എന്ന ആശയമാണ് ട്രേഡ് യൂണിയൻ രൂപീകരണത്തിനു പിന്നിലെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. ബന്ധപ്പെട്ട എല്ലാവർക്കും മികച്ച അവസരങ്ങൾ ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം
?️സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ നേരിട്ട് ഹാജരായാണ് മന്ത്രി ജാമ്യമെടുത്തത്.2018 ലെ ഡിവൈഎഫ്ഐ മാർച്ചിനിടെ കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത കേസിൽ ഏഴാം പ്രതിയാണ് റിയാസ്. പത്ത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. സംഘർഷത്തിൽ 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
”മാർക്സിസം പഠിപ്പിക്കാൻ എംടി വരേണ്ട, വാക്കുകൾ ആവർത്തിച്ച് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു”; ജി. സുധാകരൻ
?️എം.ടി. വാസുദേവൻ നായർക്കെതിരേ വിമർശനവുമായി ജി. സുധാകരൻ. മാർക്സിസം പറയാൻ എംടി വരേണ്ട കാര്യമില്ലെന്നായിരുന്നു സുധാകരൻ പരാമർശം. എംടി എന്തോ പറഞ്ഞപ്പോഴേക്കും സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായെന്നും സിപിഎം അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ ജനകീയ പ്രശ്നങ്ങളെടുത്തിട്ടുള്ള ഒരു നിലപാടുണ്ട് ചരിത്രപരമായി. പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭങ്ങളുണ്ടാവാം. ഭരണം കൊണ്ടുമാത്രം ജനങ്ങളുടെ പ്രശ്നം തീരില്ല. ഇത് മാർക്സിസമാണ്. അത് പഠിച്ചവർക്കറിയാം. മാർക്സിസം പഠിക്കാത്തമാർക്സിസ്റ്റാണിവിടെയുള്ളത്. അത് വായിച്ചു പഠിക്കണം. അത് പറയാൻ എംടി വരണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മല്യയെയും നീരവിനെയും കുടുക്കാനൊരുങ്ങി ഇന്ത്യ
?️കോടികളുടെ തട്ടിപ്പുകേസിൽ പ്രതികളായതിനു പിന്നാലെ രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടി രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇന്ത്യ. വിവിധ തട്ടിപ്പു കേസുകളിൽ പ്രതികളായവരെ പിടി കൂടുന്നതിനായി ഇഡി-സിബിഐ- എൻഐഎ ഉന്നതതല സംഘം ഉടൻ തന്നെ ബ്രിട്ടനിലേക്ക് പുറപ്പെടും. യുകെയിൽ ഇവർക്കുള്ള സ്വത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് സംഘം ശ്രമിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ലണ്ടനിലെ ഇവരുടെ സ്വത്തിനെയും മറ്റു ബാങ്ക് ഇടപാടുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ യുകെ അധികൃതരുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്.
സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് ബിഹാർ കോടതിയുടെ സമൻസ്
?️സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ്. ഫെബ്രുവരി 13 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈന്നെയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദപരാമർശം. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു പരാമർശം.
മഥുര പള്ളി: സർവെയ്ക്കുള്ള ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ
?️മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ കോടതി നിരീക്ഷണത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് 2023 ഡിസംബര്‍ 14 ലെ ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍വേയ്ക്കെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിധി.
വേൾഡ് മലയാളി ഫെഡറേഷന്‍റെ ബാങ്കോക്ക് കൺവെൻഷൻ
?️ലോക മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ തായ്ലാൻഡ് ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘടനം ചെയ്യും. ജനുവരി 27, 28 തീയതികളിൽ ബാങ്കോക്കിലെ അംബാസഡർ ഹോട്ടലാണ് കൺവെൻഷൻ വേദി. 164 രാജ്യങ്ങളിൽ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.
വി.ഡി. സതീശനെപ്പോലെ ഇത്ര വലിയ തോൽവി വേറേയില്ല; ഇ.പി. ജയരാജൻ
?️പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെപ്പോലെ ഇത്ര വലിയ തോൽവി വേറേയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. നശീകരണ വാസന പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. സ്ഥിരം കേസ് കൊടുക്കാൻ നടക്കുന്ന താടിയും മുടയും വളർത്തിയ ചിലരുടെ പിൻഗാമിയായി സതീശൻ മാറരുതെന്നും അദ്ദേഹം പറഞ്ഞു.രാമൻ നായർ നന്നായി രാമായണം വായിക്കുമെന്ന് രാമൻ നായർ തന്നെ പറയുന്നു എന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ.
”ചിത്രയ്‌ക്കെതിരേ ആക്രമണം നടത്തുന്നവർ ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നവർ”; വി. മുരളീധരന്
?️ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണ് പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളം സഹിഷ്ണുതയുടെ പര്യായമാണെന്നാണല്ലേ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരൊടെക്കെ പറയുന്നത്. ചിത്രയ്ക്കു നേരേ നടത്തുന്ന ആക്രമണം അതിനു യോജിക്കുന്നതാണോ- മുരളീധരന് ചോദിച്ചു.
കുട്ടനാട്ടിൽ കുടിവെള്ള ക്ഷാമം
?️കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനി യുഎസ്ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചു. മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു.അഡോപ്റ്റ് എ വില്ലെജ് പദ്ധതിയുടെ ഭാഗമായി, യുഎസ്ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ ടീമിന്റെ നേതൃത്വത്തിലാണ് ജലശുദ്ധീകരണ പ്ലാന്റുകള്‍ തദ്ദേശവാസികള്‍ക്ക് സമര്‍പ്പിച്ചത്.
എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു
?️എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്‍റെ വീട്ടിലായിരുന്നു താമസം. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു13-ാം വയസിലായിരുന്നു ആദ്യ കഥയെഴുതുന്നത്. കെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. 3 മക്കളുണ്ട്.
പട്ടത്തിന്‍റെ നൂല് കുരുങ്ങി കഴുത്ത് മുറിഞ്ഞു; രാജസ്ഥാനിൽ 12 വയസുകാരൻ മരിച്ചു
?️പട്ടത്തിന്‍റെ നൂല് കുരുങ്ങി കഴുത്തിൽ മുറിവേറ്റ് രാജസ്ഥാനിൽ 12 വയസുകാരൻ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്ര ഭീലാണ് മരണപ്പെട്ടത്. കൂട്ടുകാർക്കൊപ്പം വീടിന്‍റെ മുകൾ നിലയിൽ പട്ടം പറത്തുകയായിരുന്നു സുരേന്ദ്ര ഭീൽ. പട്ടത്തിന്‍റെ നൂലുകളിൽ ചില്ല് പൊടിച്ചു പശയിൽ കലർത്തി പുരട്ടിയിരുന്നു. നൂല് കഴുത്തിൽ കുരുങ്ങിയതോടെ സുരേന്ദ്ര ഭീലിന്‍റെ കഴുത്തു മുറിഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ചാണ് പട്ടം പറത്തൽ സംഘടിപ്പിച്ചത്.
വൈ.എസ്. ശർമിള ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷ
?️വൈ. എസ്. ശർമിളയെ ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രസിഡന്‍റായി നിയമിച്ചു. വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ മകളുമായ ശർമിള ജനുവരി നാലിനാണ് കോൺഗ്രസിൽ ചേർന്നത്. അവരുടെ നേതൃത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിൽ ലയിച്ചു. അതിനു പിന്നാലെയാണ് പുതിയ പദവിയും കോൺഗ്രസ് നൽകിയിരിക്കുന്നത്. ശർമിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ആയതോടെ സഹോദരീ സഹോദരന്മാർ പരസ്പരം ഇരു ചേരികളിൽ പോരാടുന്നതിനാണ് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി
?️പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് മന്നിനെ ആക്രമിക്കാന്‍ അമേരിക്കൻ-കനേഡിയൻ പൗരനായ പന്നൂന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തി.
ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രനിരോധനം: തൽസ്ഥിതി അറിയിക്കാൻ കേന്ദ്രത്തിനും കേരളത്തിനും നിർദേശം
?️ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രി യാത്രനിരോധനത്തിൽ തൽസ്ഥിതി അറിയിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്രസർക്കാരും കേരളവും ഉൾപ്പെടെയുള്ള ഘടക കക്ഷികളോടാണ് സുപ്രീംകോടതി നിർദേശിച്ചത്. ബദൽപാത സംബന്ധിച്ച ചില നിർദേശങ്ങളുണ്ടെന്നും ഇതിൽ ഉടൻ തീരുമാനമറിയിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ബന്ദിപ്പൂർ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാൻ സുപ്രീംകോടതി 2019 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോടു നിർദേശിച്ചിരുന്നു. ഏപ്രിൽ മാസത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.
ട്രെയിൻ തടയൽ : ജിഗ്നേഷ് മേവാനിയടക്കം 30 പേരെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി
?️ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി അടക്കം 30 പേരെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് പി.എൻ. ഗോസ്വാമിയാണ് സംശയത്തിന്‍റെ ആനുകൂല്യം നൽകി കുറ്റവിമുക്തരാക്കിയത്. 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാന സർക്കാരിന്‍റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി മേവാനിയും സംഘവും രാജധാനി ട്രെയിൻ 20 മിനിറ്റോളം തടഞ്ഞ കേസിൽ അബമ്മദാബാദ് പോലീസാണ് കേസെടുത്തിരുന്നത്.
അയോധ്യ ക്ഷേത്രത്തിന്‍റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
?️അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പ്. പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാമെന്നും പ്രതിഷ്ഠാദിനത്തിൽ ആദ്യ വിഐപി ദർശനത്തിന് അവസരം നൽകാമെന്നും പറഞ്ഞാണ് തട്ടിപ്പ്. ‘റാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിലുള്ള മൊബൈൽ ആപ് വഴിയാണ് സൈബർ തട്ടിപ്പ്. അതേസമയം, പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്കു മാത്രമാണ് പ്രവേശനമെന്നും പൊലീസ് അറിയിച്ചു.
ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസിക്ക്
?️പോയവർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പർ താരം ലയണല്‍ മെസിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ട്, പിഎസ്ജിയുടെ ഫ്രെഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് മെസിക്ക് ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിക്കുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. മെസിക്കും ഹാളണ്ടിനും 48 പോയിന്റ് വീതമാണ് ലഭിച്ചത്. എംബാപ്പെ 35 പോയിന്റ് നേടി.
കലിംഗ സൂപ്പർ കപ്പ്; ഗോകുലവും ബ്ലാസ്റ്റേഴ്സും പുറത്ത്
?️കലിംഗ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ നിന്നു ഗോകുലം കേരളയും ബ്ലാസ്റ്റേഴ്സും പുറത്ത്. ഇന്നലെ ചെന്നൈയിനോട് പരാജയപ്പെട്ടതോടെയാണ് ഗോകുലം കേരള സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്. രണ്ടാം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയോടു പരാജയപ്പെട്ടാണ് മഞ്ഞപ്പടയുടെ മടക്കം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചെന്നൈയിൻ വിജയിച്ചത്. ആദ്യ പകുതിയിൽ കോണോർ ഷീൽഡ്സ് ചെന്നൈയിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ 64ാം മിനുട്ടിൽ ഇർഫാൻ അവരുടെ രണ്ടാം ഗോളും നേടി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5800 രൂപ
പവന് 46400 രൂപ