തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് വിമുഖതയെന്ന് ആക്ഷേപം

നെന്മാറ : എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വിമുഖത കാണിക്കുന്നതായി പരാതി.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എംപി ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം ചെലവില്‍ ഏഴ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ അനുമതി നല്കി ഫണ്ട് അനുവദിച്ചെങ്കിലും അയിലൂര്‍ പഞ്ചായത്ത് മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ മാത്രമേ അനുമതി നല്കിയുള്ളു. ആറുമാസം കഴിഞ്ഞിട്ടും ബാക്കി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുടന്തൻ ന്യായങ്ങള്‍ പറഞ്ഞ് ഫണ്ട് ലാപ്സാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ അയിലൂര്‍ പഞ്ചായത്ത് യുഡിഎഫ് പ്രതിപക്ഷ അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ ആരോപിച്ചു.
പഞ്ചായത്ത് അംഗങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ കൃഷിയിടമാണെന്നും ഹൈമാസ്റ്റ് സ്ഥാപിക്കാൻ നിര്‍ദേശിച്ച സ്ഥലമാണെന്നും തുടങ്ങിയ മുടന്തൻ ന്യായങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഭരണസമിതി യോഗം വേഗം അവസാനിപ്പിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. വന്യമൃഗ ശല്യമുള്ള മലയോര മേഖലകളിലെ തെരുവ് വിളക്കുകള്‍ കത്തിക്കാത്തതില്‍ പഞ്ചായത്തിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ യുഡിഎഫ് അംഗങ്ങള്‍.