29.12.2023
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
?️പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിടും. അതേ സമയം ഗവർണർക്കെതിരേയുള്ള പ്രതിഷേധം എസ്എഫ്ഐ ശക്തമാക്കിയേക്കും. എസ്എഫ്ഐയുമായുള്ള വാക്പോരിനു പിന്നാലെ ഗവർണർ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർ രാജി വച്ച ഒഴിവിലേക്ക് കെ.ബി. ഗണേഷ് കുമാർ, കടന്നപ്പിള്ളി രാമചന്ദ്രൻ എന്നിവരാണ് അധികാരമേൽക്കാൻ ഒരുങ്ങുന്നത്.
പ്രധാനമന്ത്രിക്കു മുന്നിൽ മിനി പൂരമൊരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം
?️തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രിക്കു മുന്നിൽ മിനിപൂരം ഒരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം. അടുത്തയാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കു മുന്നിൽ 15 ആനകളെ അണി നിരത്തി മിനി പൂരം നടത്താനാണ് തീരുമാനം. പൂരം പ്രദർശനത്തിന്‍റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നില നിൽക്കുന്ന തർക്കം വിവാദം സൃഷ്ടിച്ചിരുന്നു.ജനുവരി 3നാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. അന്നു പൂരം ഒരുക്കുന്നതിനായി ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. പൂരത്തിനായി കേന്ദ്രം ധനസഹായം പ്രഖ്യാപിക്കുന്നതിനും സാധ്യതയുണ്ട്.
ശബരിമല നടയടച്ചു; മകരവിളക്ക് പൂജയ്ക്കായി 30ന് തുറക്കും
?️ഈ വർഷത്തെ മണ്ഡല പൂജ പൂർത്തിയാക്കി ശബരിമല നടയടച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ക്ഷേത്രത്തിന്‍റെ നടയടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും.
കുസാറ്റ് ദുരന്തം; പ്രിൻസിപ്പലടക്കം ആറ് പേര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കും
?️മൂന്ന് വിദ്യാർഥികളടക്കം നാല് പേരുടെ ജീവൻ നഷ്ടപ്പെട്ട കുസാറ്റ് അപകടത്തിൽ 6 പേർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനം. പ്രൻസിപ്പാളിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന 2 അധ്യാപർക്കും മൂന്നു വിദ്യാർഥികൾക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. കൊച്ചി ശാസ്ത്ര സര്‍വകലാശാല സിന്‍റിക്കേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. പരിപാടി പൊലീസിനെ അറിയിക്കാത്തതില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും ഇന്ന് ചേര്‍ന്ന സിന്‍റിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസയക്കാനുള്ള തീരുമാനം.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷിക്കണം:മറിയകുട്ടി
?️രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മാറിയെന്ന ഇടുക്കി ജില്ലാ സിപിഎം സംസ്ഥാന സെക്രട്ടറി സി.വി. വർഗീസിന്‍റെ പ്രസ്തവനയ്ക്കെതിരേ മറിയക്കുട്ടി രംഗത്ത്. താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്നും പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിട്ടും സിപിഎം തിരിഞ്ഞുനോക്കിയില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി.ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സഹായിച്ചു, അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന വര്‍ഗ്ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് ചോദിച്ച മറിയക്കുട്ടി, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.
വീണ്ടും ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം
?️സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം പാളയം ജനറൽ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ചാണ് എസ്എഫ്ഐ പ്രവർകർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകുന്നവഴിയാണ് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
നടൻ വിജയകാന്ത് അന്തരിച്ചു
?️തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ വിജയകാന്തിന്‍റെ മരണം സ്ഥിരീകരിച്ചത്.തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരം കുറച്ചു കാലമായി അസുഖങ്ങളുടെ പിടിയിലായിരുന്നു. രണ്ടു തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത, മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.
ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ് ഈടാക്കും
?️ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർ ചാർജ് ആയി ഈടാക്കിയേക്കും. നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവഴിച്ച പണം തിരിച്ചു പിടിക്കാനാണ് സർ ചാർജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സർ ചാർജ് ചുമത്തുമെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മിഷൻ 9 പൈസ അനുവദിച്ചിട്ടുണ്ട്. പ്രതിമാസ ബില്ലിലും , രണ്ടു മാസം കൂടുമ്പോഴുള്ള ബില്ലിലും ഇതു ബാധകമായിരിക്കും.
മഹാത്മഗാന്ധിയെ അപമാനിച്ചു; എസ്എഫ്ഐ നേതാവിന് സസ്പെൻഷൻ
?️മഹാത്മഗാന്ധിയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി എസ്എഫ്ഐ നേതാവിന് സസ്പെൻഷൻ. ചൂണ്ടി ഭാരത് മാത ലോ കോളെജ് വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അദീൻ നാസറിനെയാണ് (25) സസ്പെൻഡ് ചെയ്തത്.കെഎസ്യു സംസ്ഥാന സെക്രട്ടറി അൽ അമീന്‍റെ പരാതിയിൽ അദീനെതിരെ എടത്തറ പൊലീസും കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും വാർത്തകളിലെയും ദൃശങ്ങളിൽ നിന്ന് അദീൻ തെറ്റുകാരനാണെന്ന് ബോധ്യമായെന്നും പിന്നാലെയാണ് നടപടിയെന്നും കോളെജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
ഹര്‍ഷിന കേസില്‍ 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
?️ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ 2 ഡോക്‌ടർമാരും 2 നഴ്സുന്മാരുമാണ് പ്രതികൾ. 750 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ 60 സാക്ഷികളാണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി അസിസ്റ്റന്‍റ് കമ്മീഷണർ വ്യക്തമാക്കി.
വനിതാ നേതാവിനെ അധിക്ഷേപിച്ച് ഗുരുവായൂർ ദേവസ്വം അംഗം
?️ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എൻസിപി ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ. മണ്ഡലം പ്രസിഡന്‍റ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്നും, നേരിട്ടു വിളിക്കാന്‍ അവർ എങ്ങനെ ധൈര്യപ്പെട്ടുവെന്നും ഗുരുവായൂർ ദേവസ്വം അംഗം കൂടിയായ രവീന്ദ്രന്‍ ചോദിച്ചു.ജില്ലാ, സംസ്ഥാന നേതാക്കള്‍ മാത്രം തന്നെ വിളിച്ചാല്‍ മതിയെന്നാണ് കൊല്ലം ജില്ലയിലെ വനിതയായ ഒരു മണ്ഡലം പ്രസിഡന്‍റിനു വേണ്ടി കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ് ഫോണിൽ വിളിച്ചപ്പോൾ രവീന്ദ്രന്‍ പറഞ്ഞത്
‘ബാബറി മസ്ജിദ് തകർത്താണ് രാമക്ഷേത്രം പണിതത്, ഉദ്ഘാടനത്തിന് കോൺഗ്രസ് പങ്കെടുക്കരുത്’
?️ബാബറി മസ്ജിദ് തകർത്താണ് രാമക്ഷേത്രം നിർമിച്ചതെന്നും അതിന്‍റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പാർട്ടി പങ്കെടുക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കോൺഗ്രസ് നേതാക്കളിൽ ആരെ ക്ഷണിച്ചാലും പങ്കെടുക്കരുത്. ബിജെപിക്ക് കൃത്യമായ അജണ്ടയുണ്ട്. ബിജെപി ഉയർത്തിപ്പിടിക്കുന്ന തീവ്ര ഹിന്ദുത്വ പ്രചരണങ്ങൾക്കെതിരെ ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയൊക്കെ ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങൾക്കൊണ്ട് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
പുതുവത്സരാഘോഷത്തിന് കനത്ത സുരക്ഷയുമായി കോട്ടയം പൊലീസ്
?️ഇത്തവണ ജില്ലയിലെ പുതുവത്സാരാഘോഷങ്ങള്‍ക്ക് ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്. ഇതിനായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.
എൻഎസ്എസ് കോളെജിലെ സംഘർഷം; എബിവിപി പ്രവർത്തകർ റിമാൻഡിൽ
?️പന്തളം എൻഎസ്എസ് കോളെജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകർ അറസ്റ്റിൽ. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത സുധി, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.ഡിസംബർ 21 നാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്.
യുവാക്കളുടെ ലൈസൻസ് റദാക്കി എംവിഡി!
?️ ഇരുചക്രവാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ യുവാക്കളുടെ ലൈസൻസ് റദാക്കി എംവിഡി. മുഹമ്മദ് റിസ്വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ് റദാക്കിയത്.സിനിമ കണ്ട് മടങ്ങുന്നതിനിടെ റീൽ ഷൂട്ടിന്‍റെ ഭാഗമായി ബൈക്കിലും സ്കൂട്ടറിലുമാണ് അഭ്യാസ പ്രകടനം നടത്തിയത്. ഇൻസ്റ്റഗ്രാമിൽ വീഡിയൊ വൈറലായതിനു പിന്നാലെയാണ് നടപടി.
മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: മരണം 13 ആയി
?️മധ്യപ്രദേശിലെ ഗുണയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 13 ആയി. 14 ഓളം യാത്രക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. ഗുണ- ആരോണ്‍ റൂട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയും തീ പിടുത്തമുണ്ടാവുകയായുമായിരുന്നു എന്ന് ഗുണ പൊലീസ് സൂപ്രണ്ട് വിജയകുമാര്‍ ഖത്രി പറഞ്ഞു.പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഇഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും
?️കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും. ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്.
എരുമേലിയിൽ ഭക്തരുടെ പ്രതിഷേധം
?️കാനന പാതവഴി കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് ശബരിമല തീർഥാടകർ. എരുമേലി കാളകെട്ടി അഴുതക്കടവിന് സമീപം മുണ്ടക്കയം പമ്പാവാലി സംസ്ഥാന പാത ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്.മകരവിളക്കിനു മുന്നോടിയായി മണ്ഡലകാല പൂജകൾക്കുശേഷം ശബരിമല അടച്ചതോടെ പെരിയാർ കടുവ സങ്കേതത്തിലൂടെയുള്ള കാനന പാത വനംവകുപ്പ് അടച്ചിരുന്നു. ഇതാണ് ഭക്തരെ ചൊടിപ്പിച്ചത്.
വിവാഹമണ്ഡപത്തിലേക്ക് പോകും വഴി കാറിന് തീ പിടിച്ചു
?️എറണാകുളം ഇടപ്പള്ളിയിൽ നവവധു സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു.വിവാഹമണ്ഡപത്തിലേക്ക് പോകും വഴിയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. സമീപത്തെ ചുമട്ടു തൊഴിലാളികളും ഫയർഫോഴ്സും പൊലീസും ചേർന്ന് തീ അണച്ചതോടെ വൻ അപകടം ഒഴിവായി. ആലപ്പുഴ സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇടപ്പള്ളി സിഗ്നലിന് സമീപമെത്തിയപ്പോൾ കാറിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ട ചുമട്ടുതൊഴിലാളികളാണ് ഇവരെ വിവരമറിയിച്ചത്.
വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്‌റ്റ്സ് ലിമിറ്റഡിലെ തീപിടുത്തം
?️വെള്ളൂർ കെപിപിഎല്ലിൽ വീണ്ടും തീപിടിക്കാനിടയായത് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത്. അടിയന്തരമായി സാങ്കേതികതികവുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ ആവശ്യപ്പെട്ടു.തുടരെ തുടരെ അഗ്നിബാധയുണ്ടാകുന്നത് സംശയം ജനിപ്പിക്കുന്നു. സ്ഥാപനത്തിന്റെ സുരക്ഷാപരിപാലനത്തിലുള്ള വൻ വീഴ്ചയാണ് ഇത് ചൂണ്ടികാട്ടുന്നത്. ആദ്യം ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നതാണ്. എന്നാൽ കൃത്യവും വ്യക്തവുമായ അന്വേഷണം നടത്തിയില്ല.
ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങില്ല: മന്ത്രി
?️ദര്‍ശനം കിട്ടാതെ ഒരു ഭക്തനും തിരിച്ചുപോകുന്ന അവസ്ഥ ശബരിമലയിലില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്. യഥാര്‍ഥഭക്തര്‍ തിരിച്ചുപോകില്ല. ഭക്തിയുടെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ സ്വയം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദര്‍ശനം സംബന്ധിച്ച് ആക്ഷേപമുണ്ടാകുന്നത് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ്. പ്രശ്നം പരിഹരിച്ച ശേഷവും ചിലര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇഫ്താർ വിരുന്നിലോ പലസ്തീൻ റാലിയിലോ പങ്കെടുത്തത് പ്രശ്നമല്ല:വി. മുരളീധരൻ
?️രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിക്ഷ പാർട്ടികൾ വിട്ടുനിൽക്കുമെന്ന പ്രസ്താവനയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇഫ്താർ വിരുന്ന് നടക്കുമ്പോഴോ പലസ്തീൻ അനുകൂല റാലി നടക്കുമ്പോളോ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിന് ആശയക്കുഴപ്പമില്ല. രാമക്ഷേത്രത്തിന്‍റെ കാര്യത്തിൽ മാത്രമാണ് കോൺഗ്രസിന് ആശയക്കുഴപ്പം. ഇത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
കാർ നീയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു; യാത്രക്കാരിക്ക് പരിക്ക്
?️കാർ നീയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാർ യാത്രക്കാരിക്ക് പരിക്ക്. എടത്വാ – തകഴി സംസ്ഥാന പാതയിൽ ചെക്കിടിക്കാട് മിൽമ ജങ്ഷന് സമീപത്ത് വെച്ചാണ് അപകടം. പത്തനംതിട്ടയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ ആലപ്പുഴ സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്.
യുപിഐ പേയ്മെന്റ്: ടാപ് & പേ സംവിധാനം ജനുവരിയില്‍
?️ജനുവരി 31ഓടെ എല്ലാ യുപിഐ ഇപാടുകാര്‍ക്കും ടാപ് & പേ സംവിധാനം ലഭിക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഒഫ് ഇന്ത്യ. നിലവില്‍ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനങ്ങള്‍ക്ക് ഇത് നടപ്പാക്കാന്‍ അന്തിമ തിയതി നിര്‍ദേശിച്ചിട്ടില്ല. പേയ്മെന്റ് കമ്പനികള്‍ക്ക് അവരുടെ ആപ്പില്‍ എപ്പോള്‍ വേണമെങ്കിലും യുപിഐ ടാപ്പ് & പേ ഫീച്ചര്‍ സൗകര്യം നടപ്പാക്കാം. ജനുവരി 31ന് മുമ്പായി എല്ലാ കമ്പനികളും ഇത് നടപ്പാക്കുമെന്നാണ് എന്‍പിസിഐയുടെ പ്രതീക്ഷ. ഭീം ആപ്പ്, പേടിഎം എന്നീ ആപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ സൗകര്യം ലഭ്യമാണെന്ന് എന്‍പിസിഐയുടെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു
?️മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് പാർട്ടി പ്രവേശനം നടത്തിയത്. അമ്പാട്ടി റായിഡു പാർട്ടിയിൽ ചേർന്ന കാര്യം വൈഎസ്ആർസിപി തന്നെയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ച് ഇറങ്ങിയിട്ടുണ്ട്. 2023 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് ശേഷം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും റായിഡു വിരമിച്ചിരുന്നു.
പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു
?️സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ ചെയർമാനുമായി സമിതിക്ക് അന്തിമരൂപമായി. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇന്ത്യക്ക് ഇന്നിങ്സ് തോൽവി
?️ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി. ഇന്നിങ്സിനും 32 റൺസിനുമാണ് ഇന്ത്യ തോൽവിയേറ്റ് വാങ്ങിയത്. 163 റണ്‍സ് കടവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 131 റൺസിന് പുറത്തായി. 76 റൺസെടുത്ത വിരാട് കോഹ്ലിയാണ് സ്കോർ 100 കടത്തിയത്. കോഹ്ലിയും 26 റൺസെടുത്ത ശുഭ്മൻ ഗില്ലും മാത്രമാണ് രണ്ടക്കം കടന്നത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണില്‍ തുടങ്ങും. സ്കോര്‍ ഇന്ത്യ 245,131, ദക്ഷിണാഫ്രിക്ക 408.
മെൽബണിൽ നിന്ന് വാർണർ മടങ്ങി
?️തന്റെ കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മെൽബണിൽ നിന്ന് മടങ്ങി. ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ആറ് റണ്‍സിനാണ് താരം പുറത്തായത്. മെല്‍ബണില്‍ തന്റെ അവസാന ഇന്നിങ്സിന് ശേഷം ആയതുകൊണ്ടുതന്നെ ആരാധകരോട് വിടപറഞ്ഞാണ് താരം പവലിയനിലേക്ക് മടങ്ങിയത്. ആരാധകർ എഴുന്നേറ്റ് നിന്ന് കൈയടിച്ച് പ്രിയതാരത്തിന് വിടവാങ്ങൽ നടത്തി. കയറുന്നതിനിടെ തന്റെ ഗ്ലൗസ് വാര്‍ണര്‍ മത്സരം കാണാനെത്തിയ കുഞ്ഞു ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഈ വീഡിയോ ആരാധകർ ആഘോഷമാക്കി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5890 രൂപ
പവന് 47120 രൂപ