ലോക്സഭാ തെരഞ്ഞെടുപ്പ്; പെട്രോൾ-ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും
?️ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. പരാമാവധി പത്തു രൂപ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനർ നിർണയിക്കുമെന്നാണ് വിവരം. അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാടും നിർണായകമാകും.
ഇന്ത്യയിലേറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി വീണ്ടും കേരളം
?️ഇന്ത്യയിലേറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി വീണ്ടും കേരളം . ജനസംഖ്യയിൽ അര ശതമാനത്തിനും താഴെ, 0.48ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രർ. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് 0.71ശതമാനം ആയിരുന്നത് 0.55ശതമാനം ആയി കുറഞ്ഞിരുന്നു, 2022-23ൽ വീണ്ടും കുറഞ്ഞ് 0.48ശതമാനത്തിലെത്തി എന്നാണ് നീതി ആയോഗിന്റെ കണക്ക്. കഴിഞ്ഞ നവംബർ 1ന് കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ കണ്ടെത്തിയ 64,006 ദരിദ്ര കുടുംബങ്ങളിൽ 30,658 പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
?️4000 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികൾ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കു തന്നെ വികസനകുതിപ്പാകുമെന്നും പുതിയ പദ്ധതികള്‍ വികസനത്തിന്‍റെ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ കേരളീയര്‍ക്കും എന്‍റെ നല്ല നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. കേരളത്തിന്‍റെ വികസനോത്സവത്തിൽ പങ്കെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൽ നിന്നുള്ള 200 ഓളം പേർക്ക് പ്രത്യേക ക്ഷണം
?️ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ 26ന് നടക്കുന്ന 75ാം റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള 200ഓളം പേർക്ക് പ്രത്യേക ക്ഷണം.കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ “മൻ കി ബാത്ത് ‘ റേഡിയോ പ്രഭാഷണത്തിൽ പരാമർശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീർഗാഥ 3.0 മത്സര വിജയികളും ഐഎസ്ആർഒ ദൗത്യങ്ങളിലെ ശാസ്ത്രജ്ഞരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.
കണ്ണനെ കൺനിറയെ കണ്ട്, മനം നിറഞ്ഞ് പ്രധാനമന്ത്രി
?️ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ 7.40 ഓടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ചേർന്ന് സ്വീകരിച്ചു. ചെയർമാൻ പ്രധാനമന്ത്രിയെ ഷാളണിയിച്ചു. കേരളീയ ശൈലിയിൽ മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.
വിവാഹവേദിയിൽ പ്രധാനമന്ത്രി
?️നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു.ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. ഏകദേശം 2 മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായൂരിൽ ചിലവഴിച്ചു.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
?️യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവിധ ജില്ലകളിൽ അന്വേഷിക്കേണ്ട കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിന്‍റെ മേൽനോട്ടം ക്രൈംബ്രാഞ്ച് ഡിഐജി ജയനാഥ് എസ്പി ജയശങ്കറിനാണ്.മ്യൂസിയം പൊലീസാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ പിന്നീട് കാസർകോടും തട്ടിപ്പ് നടന്നതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി അന്വേഷണം വേണ്ടിവന്നതിനാൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
തൃപ്രയാര്‍ ക്ഷേത്രദർശനം നടത്തി പ്രധാനമന്ത്രി
?️ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ 9 മണിക്ക് ശേഷം അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രം തന്ത്രി അടക്കം 5 പേര്‍ക്ക് മാത്രമായിരുന്നു ക്ഷേത്രത്തില്‍ അനുമതി.
‘കേന്ദ്രത്തിനെതിരായ സമരത്തിൽ ഒന്നിക്കാനില്ല’; മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യുഡിഎഫ്
?️സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത യുഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷമാവും മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക മറുപടി നൽകുക. യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരേ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണിയുടെ സമരം. സമരത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
‘വെയർ ഈസ് മൈ കെഎസ്ആർടിസി ആപ്പ് കൊണ്ടുവരും’; കെ.ബി. ഗണേഷ് കുമാർ
?️കെഎസ്ആര്‍ടിസിയിലെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണു പ്രധാന ലക്ഷ്യമെന്നും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി കോർപ്പറേഷനെ പ്രൊഫഷണലാക്കുമെന്നും പുതിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം
?️സെക്രട്ടേറിയേറ്റ് മാർച്ച് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. 4 കേസുകളിലാണ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 2 കേസുകളിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. സെക്രട്ടേറിയേറ്റ് മാർച്ച് കേസിലും ഡിജിപി ഓഫീസ് മാർച്ച് കേസിൽ കൂടി ജാമ്യം ലഭിച്ചു. ഇതോടെ രാഹുലിന് ജയിൽ മോചിതനാവാം.9 ദിവസം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് രാഹുൽ ജയിൽ മോചിതനാവുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ചു. അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചു. രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
?️ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.
വണ്ടിപ്പെരിയാറിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം
?️വണ്ടിപ്പെരിയാറിൽ 56-ാം മൈൽ അയ്യപ്പ കോളെജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ടു. റോഡിൽ നിന്നും 30 അടിയോളം താഴ്ചയുള്ള സംരക്ഷണ ഭിത്തിക്കപ്പുറത്തേക്ക് മുൻ ചക്രങ്ങൾ ഇറങ്ങിയാണ് ബസ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ ഇവിടെയുള്ള കോളെജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിന് 5 മണിയോടെയായിരുന്നു അപകടം. കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പിന്നീട് അഗ്നിരക്ഷാസേനയും പൊലീസും മോട്ടോർ വെഹിക്കിൾ വിഭാഗവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
45127 പേർക്കുകൂടി മുൻഗണനാ റേഷൻ കാർഡ്
?️സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; ഒരു കമാൻഡോയ്ക്ക് വീരമൃത്യു
?️മണിപ്പൂർ മോറെയിൽ വീണ്ടും വെടിവയ്പ്പ്. അക്രമികളും സുരക്ഷാ സേനയും തമ്മിലുള്ള എറ്റുമുട്ടലിൽ ഒരു കമാൻഡോയ്ക്ക് വീരമൃത്യു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഇന്നലെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ. ആക്രമണത്തിനു പിന്നിൽ കുക്കി വിഭാഗം എന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.
മോദി വീണ്ടും തമിഴ് നാട്ടിലേക്ക്
?️അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്നാട്ടിലെ രണ്ടുപ്രധാന ക്ഷേത്രങ്ങളിൽ സന്ദ്രർശനം നടത്തുമെന്ന് റിപ്പോർട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദർശിക്കുമെന്നാണ് സൂചന. രാമേശ്വരത്ത് നിന്നുള്ള തീർഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്രമേദി ചെന്നൈയിലെത്തുന്നുണ്ട്. ഇതിനു ശേഷം ക്ഷേത്രദർശനം നടത്തുമെന്നാണ് തമിഴ്നാട്ടിലെ ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം സംബന്ധിച്ച് അറിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ മറുപടി.
ഔദ്യോഗിക വസതി ഒഴിയാൻ മഹുവയ്ക്ക് വീണ്ടും നോട്ടീസ്
?️കഴിഞ്ഞ മാസം എംപി സ്ഥാനത്തു നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഇന്നലെ ആയിരുന്നു ഔദ്യോഗിക വസതി ഒഴിയാൻ നൽകിയ അവസാന തീയതി. എന്നാൽ മഹുവ മൊയ്ത്ര വസതി ഒഴിയാത്ത സാഹചര്യത്തിലാണ് എത്രയും വേഗം ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 2023 ഡിസംബർ 8നാണ് മഹുവയെ അയോഗ്യയാക്കിയത്. അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് അറിയിച്ചു. ജനുവരി 7നകം ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു ആദ്യം നൽകിയ നിർദേശം.
ചിത്രക്കെതിരേ വിമർശനം, പിന്നാലെ സൈബർ ആക്രമണം
?️സിനിമ ഗായകരുടെ സംഘടനയായ ‘സമ’യിൽ (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവിസ്) നിന്നും രാജിവച്ച് സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്ന് കാട്ടിയാണ് രാജി. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ സൂരജിനെതിരേ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.
കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു
?️മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിൽ ഒരു ചീറ്റകൂടി ചത്തു. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം 10 ആയി. 2022 ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയിൽ നിന്നും 20 ചീറ്റകളെ എത്തിച്ചത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ഇന്നലെ ചത്തത്. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തി. തുടർന്ന് ഉച്ചയോടെയാണ് ചീറ്റ ചത്തത്.
പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി ഗ്രൂപ്പുകൾ
?️രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസിൽ വീണ്ടും ഗ്രൂപ്പുകളുടെ പ്രതിഷേധം. സമിതിയിലെ ആളെണ്ണം കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുളളുവെന്നാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്ന വിമര്‍ശനം. പാര്‍ട്ടി വേദിയില്‍ ഒട്ടും സജീവമല്ലാത്തവരെ പോലും സമിതിയിലേക്ക് ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ വിമര്‍ശനം ഉന്നയിക്കുന്നു.
10 വർഷത്തിനുള്ളിൽ 10 ലക്ഷം സ്റ്റാർട്ടപ്പുകൾ, 10,000 യൂണികോണുകൾ: രാജീവ് ചന്ദ്രശേഖർ
?️ദേശീയ സ്റ്റാർട്ടപ് ദിനമായ ഇന്നലെ സംരംഭകരും സംരംഭകരാകാൻ തയാറെടുക്കുന്നവരുമായ യുവജനങ്ങളുമായി കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആശയവിനിമയം നടത്തി. മന്ത്രാലയത്തിൽ നടന്ന സംവാദത്തിനു പിന്നാലെ മന്ത്രി സന്ദർശകർക്കൊപ്പം നോയിഡയിലെ സ്റ്റാർട്ടപ് സംരംഭ സമുച്ചയം സന്ദർശിച്ചു. ഇന്ത്യയിലെ യുവാക്കൾ ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ പാതയിലൂടെയാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. അതിനാൽ, യുവ ഇന്ത്യക്കാർ ഇപ്പോൾ പുതിയ ഇന്ത്യയുടെ അംബാസഡർമാരാകുന്നു, അവർ പുതിയ ഇന്ത്യയുടെ ചിഹ്നമാണ്- യുവാക്കളുമായി നടത്തിയ സംവാദത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ അടിമുടി ദുരൂഹത
?️മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിന് കുരുക്കായി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട്. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനായില്ലെന്നാണ് ബംഗളൂരു ആർഒസിയുടെ കണ്ടെത്തൽ.
അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു
?️തമിഴ്നാട്ടിൽ നിന്നും അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടച്ചു. ഉന്നാവ് പൂർവ കോട്‌വാലിയിലെ ഖാർഗി ഖേഡ ഗ്രാമത്തിൽവെച്ചാണ് അപകടമുണ്ടായത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഉത്തർപ്രദേശിലെത്തിയ വാഹനത്തിന് ചെവ്വാഴ്ച രാത്രിയാണ് തീപിടിച്ചത്. ട്രക്കിൽ മൊത്തത്തിൽ തീപടർന്നിരിക്കുന്നതും പടക്കങ്ങൾ പൊട്ടുന്നതും കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീകെടുത്താൻ സാധിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പീഡന കേസ്: മുന്‍കൂര്‍ ജാമ്യം തേടി പി.ജി മനു സുപ്രീംകോടതിയില്‍
?️ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി. മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയിൽ. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാൾ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്നും തൊഴിൽമേഖലയിലെ ശത്രുക്കളാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും കാട്ടിയാണ് പി.ജി മനു ഹർജി സമർപ്പിച്ചത്.ഇതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹര്‍ജിയിൽ പറയുന്നു.
വരന്‍ എത്തിയത് ‘ഒട്ടകപ്പുറത്ത്’; അതിരുവിട്ട വിവാഹ ആഘോഷത്തില്‍ കണ്ണൂരിൽ യുവാവിനെതിരെ കേസ്
?️കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വരന്‍ വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ