?രാമജന്മ ഭൂമിയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ഇന്ന്. ഉച്ചയ്ക്കു 12.20 നു പ്രതിഷ്ഠാകര്‍മങ്ങള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങുകളിലെ മുഖ്യയജമാനന്‍. അയോധ്യയില്‍ ജയ്ശ്രീരാം വിളികളുമായി രാമഭക്തര്‍ നിറഞ്ഞൊഴുകി. കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ട്. പ്രതിഷ്ഠാ ചടങ്ങ് രാജ്യവ്യാപകമായ ഉല്‍സവമാക്കിയിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം കാണാന്‍ ഇന്ന് ഉച്ചയ്ക്ക് 2.30 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്
◾ആസാമിലെ സോനിത്പൂരില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരേ വീണ്ടും ആക്രമണം. യാത്ര തടയാന്‍ കൊടികളുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെ രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് ഫ്ളൈയിങ് കിസ് നല്‍കിയാണ് വാഹനത്തിലേക്കു തിരിച്ചുകയറിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വാഹനം തടഞ്ഞ് ചില്ലില്‍ പതിച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ചു കീറുകയും വാഹനത്തിലേക്ക് വെള്ളം ഒഴിക്കുകയും ചെയ്തു.
◾ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ അര്‍ധരാത്രി ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി. പ്രതികള്‍ ഞായറാഴ്ചതന്നെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഞായറാഴ്ച രാത്രി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ 11.45 നാണ് പ്രതികള്‍ കീഴടങ്ങിയത്.
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളില്‍ എന്‍ഫോഴ്സ്മെന്റ് മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കുന്നതു വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. ആര്‍ത്തിയാണ് അഴിമതിയിലേക്കു നയിക്കുന്നത്. അഴിമതിക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാന സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
◾വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനു കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുന്ന വരികളുണ്ടെന്നാണു റിപ്പോര്‍ട്ട്. മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.
◾ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 288. 91 ലക്ഷം രൂപ ലാഭമൂണ്ടാക്കി. ഈ കാലയളവില്‍ 18,901 സര്‍വീസാണു നടത്തിയത്. ഒരു കിലോമീറ്റര്‍ ഓടാന്‍ ശമ്പളം, ഇന്ധനം എന്നീ ഇനങ്ങളില്‍ 28. 45 രൂപ ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകള്‍ കഴിഞ്ഞ് കിലോമീറ്ററിന് എട്ടു രൂപ 21 പൈസ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭമല്ലെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പുതിയ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ബുധനാഴ്ച മന്ത്രിക്കു കൈമാറും.
◾കാരുണ്യ ഫാര്‍മസിക്കു മരുന്നു വിതരണം ചെയ്തതിന്റെ ഒമ്പതര കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് സണ്‍ ഫാര്‍മ കോടതിയെ സമീപിച്ചു.
◾മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ കൈവശമുള്ള 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. വീട് ഉള്‍പെടുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതില്‍നിന്ന് ഒഴിവാക്കി.
◾ഇന്ത്യയില്‍ വച്ചാലുടന്‍ വിറ്റുപോകുന്ന വില്‍പനചരക്കാണു ശ്രീരാമന്റെ പേരെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കൂട്ടരുടെ ഏറ്റവും വലിയ തുരുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ജയ്ശ്രീരാം എന്നു വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്നവരുടെ നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
◾വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നയിക്കുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകാന്‍ മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്ന എന്‍ നാഥിനെയാണ് അവതാരകയാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതിയും പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകും. മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പ്രാഥമികഘട്ട തെരഞ്ഞെടുപ്പ്.
◾നടി ഷക്കീലയെ മര്‍ദിച്ചതിന് വളര്‍ത്തുമകളായ ശീതളിനെതിരേ കേസെടുത്തു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യക്കും മര്‍ദനമേറ്റു. ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾നവകേരള സദസിനായി സര്‍ക്കാര്‍ ചെലവാക്കിയ തുക എത്രയെന്ന വിവരാവകാശ ചോദ്യത്തിനു മറുപടി നല്‍കാതെ അധികൃതര്‍. കണക്കു ലഭ്യമല്ലെന്നാണു സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദിനു ലഭിച്ച മറുപടി. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ആകെ എത്ര കേസുകളുണ്ടെന്ന ചോദ്യം ഡിജിപിയോട് ചോദിക്കണമെന്നാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്.
◾വീല്‍ചെയര്‍ ഭീഷണി വിവാദത്തില്‍ പാണക്കാട് മുഈന്‍ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കൈ വെട്ടും, കാലു വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ അംഗീകരിക്കാനാകില്ല. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിനു നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കോ സമൂഹത്തിനോ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
◾പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്കെതിരേ ഭീഷണി പ്രസ്താവന നടത്തിയതിന് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ ഇന്നലെ രാത്രി മലപ്പുറം പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു.
◾തിരുവല്ല ഡയറ്റില്‍ പരീക്ഷാത്തട്ടിപ്പു റിപ്പോര്‍ട്ടു ചെയ്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചെന്നു കേസുണ്ടാക്കി തന്നെ സസ്പെന്‍ഡു ചെയ്തതെന്നും അധ്യാപിക മിലീന ജെയിംസ്. വിദ്യാര്‍ത്ഥികള്‍ക്കു കോപ്പിയടിക്കാന്‍ ഒരു അധ്യാപിക ഉത്തരസൂചിക നല്‍കിയെന്ന വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിനുള്ള വൈരാഗ്യമെന്ന നിലയിലാണ് ആത്മഹത്യാശ്രമക്കേസെന്നാണ് ആരോപണം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ താന്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
◾ആള്‍ക്കൂട്ടത്തില്‍ പോലീസുകാരന് ഇന്‍സ്പെക്ടറുടെ മര്‍ദനം. വൈത്തിരി പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കീഴുദ്യോഗസ്ഥനെ തല്ലിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പോലീസുകാരന്‍ പരാതി നല്‍കിയിട്ടില്ല.
◾പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എസ് അനീഷ്യ പരവൂര്‍ നെടുങ്ങോലത്തെ വീട്ടില്‍ ജീവനൊടുക്കി. 41 വയസായിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്. അനീഷ്യയ്ക്ക് ജോലിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
◾വടകരയ്ക്കു സമീപം തിരുവള്ളൂരില്‍ യുവതി രണ്ടു മക്കളേയുംകൊണ്ട് കിണറില്‍ ചാടി മരിച്ചു. കുന്നിയില്‍ മഠത്തില്‍ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറു മാസം) എന്നിവരാണു മരിച്ചത്.
◾പോക്സോ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി അതിജീവിതയുടെ പിതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. പ്രതി ബംഗാള്‍ സ്വദേശി ഇന്‍സമാമുള്‍ ഹഖിനെതിരേ ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
◾കുന്നംകുളത്ത് പാറക്കുളത്തില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. പന്തല്ലൂര്‍ പാറക്കുളത്തിലാണ് സഹോദരിമാരായ ഹസ്നത് (13), മഷീദ (9) എന്നിവര്‍ മരിച്ചത്.
◾തൃപ്പൂണിത്തുറയില്‍ വീടു നിര്‍മാണത്തിനായി മണ്ണു നീക്കിയപ്പോള്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കണ്ണന്‍കുളങ്ങര ശ്രീനിവാസ കോവില്‍ റോഡിലെ കിഷോര്‍ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾അയോധ്യയില്‍ വന്‍ സുരക്ഷാ സന്നാഹം. പതിമ്മൂവായിരം സായുധ സേനയാണ് രംഗത്തുള്ളത്. സൂക്ഷ്മ പരിശോധനകള്‍ക്കുശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. പ്രദേശത്തു വ്യാപകമായി സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
◾അയോധ്യാ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ നാലു ന്യായാധിപന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രം ചടങ്ങിനെത്തും. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു അയോധ്യ കേസില്‍ വിധി പറഞ്ഞത്.
◾അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വ്യക്തമായി കാണുന്ന വിധത്തില്‍ ചിത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. വിഗ്രഹത്തിന്റെ മുഖവും മാറിടവും തുണികൊണ്ട് മറച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷമാണ് വിഗ്രഹത്തിന്റെ കണ്ണു തുറക്കുക.
◾രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. മസ്ജിദ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. അല്ലെങ്കില്‍ ആ സ്ഥലത്ത് കൃഷി നടത്തി വിളവ് ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു.
◾അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് ഉച്ചയ്ക്കു രണ്ടര വരെ അവധി പ്രഖ്യാപിച്ച ഡല്‍ഹി എയിംസ് ആശുപത്രി തീരുമാനം തിരുത്തി. ഒപി അടക്കം അടച്ചിട്ട് ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിശിത വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനം തിരുത്തിയത്.
◾അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ബീഹാറിലെ അരാരിയ ജില്ലയിലെ 21 കാരനായ ആലമിനെയാണ് അറസ്റ്റു ചെയ്തത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആണെന്ന പേരിലാണ് യുവാവ് ഭീഷണി മുഴക്കിയത്.
◾ഭാരത് ജോഡോ ന്യായ് യാത്രയെ ബിജെപി ഭയക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപി സര്‍ക്കാര്‍ ഭാരത് ജോഡോ ന്യായ് യാത്രയെ പരാജയപ്പെടുത്താന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. യാത്രക്കുനേരെ ആക്രമണങ്ങള്‍ നടത്തുന്നു. ബ്രിട്ടീഷുകാരെ ഭയക്കാത്ത കോണ്‍ഗ്രസിനോടാണു ബിജെപിയുടെ കളിയെന്നും ഖര്‍ഗെ പറഞ്ഞു.
◾കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യാം പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നേക്കും. പാര്‍ട്ടിയുടെ അടിയന്തര യോഗം നാളെ ചെന്നൈയില്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.
◾ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമത്തിനുശേഷം കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
◾ഗോവയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആഡംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. ഗൗരവ് കത്യാര്‍ എന്ന 29 കാരനാണ് അറസ്റ്റിലായത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ ദിക്ഷ ഗാംഗ്വാര്‍ കടലില്‍ മുങ്ങിമരിച്ചെന്നാണ് ഗൗരവ് കത്യാര്‍ പ്രചരിപ്പിച്ചത്. സൗത്ത് ഗോവയിലെ കോള്‍വയില്‍ മാരിയട്ട് ഇന്റര്‍നാഷണലിന്റെ ആഡംബര ഹോട്ടലില്‍ മാനേജരാണ് ഗൗരവ് കത്യാര്‍.
◾തമിഴ്നാട് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരന്‍ ഇടവക വികാരിയുടെ മുറിയില്‍ കൊല്ലപ്പെട്ടു. നാഗര്‍കോവില്‍ തിങ്കള്‍ ചന്തയ്ക്കു സമീപം മൈലോട് മടത്തുവിള സ്വദേശി കന്യാകുമാരി ഡിപ്പോയിലെ ജീവനക്കാരന്‍ സേവ്യര്‍ കുമാറാണ് (45) കൊല്ലപ്പെട്ടത്. വികാരി ഉള്‍പെടെ 15 പേര്‍ക്കെതിരേ കേസെടുത്തു. പള്ളി കമ്മിറ്റി മുന്‍ അംഗമായിരുന്ന സേവ്യറും ഇപ്പോഴത്തെ കമ്മിറ്റി അംഗങ്ങളുമായി തര്‍ക്കമുണ്ടായിരുന്നു.
◾ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കും. ഫെബ്രുവരി 18 നും മാര്‍ച്ച് ഒമ്പതിനും ഇടയിലാണ് മിസ് വേള്‍ഡ് മല്‍സരം. ജി -20 വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍. മിസ് വേള്‍ഡ് ഫൈനല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് ഒമ്പതിനാണ്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മല്‍സരം നടക്കുന്നത്.
◾മാലദ്വീപില്‍ രോഗിയെ കൊണ്ടുപോകാന്‍ എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനത്തിനു വിലക്ക്. രോഗബാധിതനായ 14 കാരന്‍ മരിച്ചു്. മാലദ്വീപിന് ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കേണ്ടെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു നിര്‍ദേശിച്ചെന്നാണു റിപ്പോര്‍ട്ട്.
◾വ്യാഴത്തിന്റെ മനോഹര ചിത്രങ്ങളുമായി നാസ. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങള്‍ക്കു മുകളില്‍നിന്ന് 23,500 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ജൂണോ ബഹിരാകാശ പേടകം പകര്‍ത്തിയ ചിത്രങ്ങളാണിവ. വ്യാഴത്തിന്റെ നീലയും വെളുപ്പും നിറങ്ങളിലുള്ള വാതകപ്രവാഹങ്ങള്‍ ചിത്രത്തില്‍ കാണാം.
◾ബഹറിന്‍ തുറമുഖത്ത് രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച ബഹ്റൈന്‍ ഹാര്‍ബറിലാണ് സംഭവം. സമുദ്ര മൈനുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനയുടെ കപ്പലുകളാണ് കൂട്ടിയിടിച്ചത്.
◾കടലില്‍ ഓയില്‍ തീം അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. സാഹസിക വിനോദ സഞ്ചാരമെന്ന നിലയിലാണ് ‘ദി റിഗ്’ എന്ന പേരില്‍ അല്‍ ജരീദ് ദ്വീപിനും അല്‍ബരി എണ്ണപ്പാടത്തിനും സമീപം പാര്‍ക്ക് സജ്ജമാക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു വേണ്ടി ഓയില്‍ പാര്‍ക്ക് ഡവലപ്പ്‌മെന്റ് കമ്പനിയാണ് പാര്‍ക്ക് നിര്‍മിക്കുക. സമുദ്ര കായിക വിനോദങ്ങളും സാഹസിക വിനോദങ്ങളും ഇവിടെയുണ്ടാകും.
◾ബാലണ്‍ദ്യോറിന്റെയും ഫിഫ ദി ബെസ്റ്റിന്റേയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അര്‍ഹരല്ലെന്നല്ല പറയുന്നതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ഈ രണ്ടു പുരസ്‌കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയത്.
◾വ്യോമയാന വിപണിയില്‍ കൂടുതല്‍ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എയര്‍ലൈനായ ആകാശ എയര്‍. ഇത്തവണ വമ്പന്‍ ഓര്‍ഡറുകളാണ് ആകാശ എയര്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് 150 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് കമ്പനി ഓര്‍ഡര്‍ നല്‍കിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഈ വിമാനം ഉപയോഗിക്കുന്നതാണ്. ഈ ദശാബ്ദം അവസാനിക്കുന്നതോടെ ലോകത്തെ ഏറ്റവും മികച്ച 30 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടം നേടാനാണ് ആകാശ എയറിന്റെ ലക്ഷ്യം. 2022-ലാണ് ആകാശ എയര്‍ വ്യോമയാന വിപണിയിലേക്ക് കടന്നുവന്നത്. അന്ന് വെറും 2 വിമാനങ്ങള്‍ മാത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍, കമ്പനിക്ക് 22 എണ്ണം വരുന്ന 737 മാക്സ് ജെറ്റുകള്‍ ഉണ്ട്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍, അയോധ്യ എന്നീ 18 ഓളം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആകാശ എയര്‍ സര്‍വീസ് നടത്തുന്നത്. ഒന്നര വര്‍ഷം കൊണ്ട് ആഭ്യന്തര വ്യോമയാന രംഗത്ത് 4 ശതമാനം വിപണി വിഹിതം നേടാന്‍ ആകാശ എയറിന് സാധിച്ചിട്ടുണ്ട്.
◾മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തനെത്തിയ ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. ഗുണ്ടുര്‍ കാരം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നാണ് നേരത്തെ പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒടിടിയില്‍ എപ്പോഴായിരിക്കും ഗുണ്ടുര്‍ കാരം സിനിമ എത്തുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ളിക്സില്‍ മഹേഷ് ബാബു നായകനായ ചിത്രം ഫെബ്രുവരി ഒമ്പതിനോ 16നോ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്. മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമന്‍ നിര്‍വഹിച്ച പാട്ടുകള്‍ ഹിറ്റാകുകയാണ്.
◾അനൂപ്മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം വരുന്നു. മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത് നടന്നു. ഷീലു എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്. ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തില്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ഹോണ്ടയുടെ അടുത്ത അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ഹോണ്ട എന്‍എക്സ്500നുള്ള ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് കമ്പനി ഹോണ്ട എന്‍എക്സ്500 പുറത്തിറക്കുന്നത്. 10,000 രൂപ ടോക്കണ്‍ തുക നല്‍കി ഇന്ത്യയിലുടനീളമുള്ള ഏത് ബിഗ് വിംഗ് ഡീലര്‍ഷിപ്പിലും എന്‍എക്സ്500ന്റെ ബുക്കിംഗ് നടത്താം. അഡ്വഞ്ചര്‍ ടൂറര്‍ ലൈനപ്പില്‍ ആഫ്രിക്ക ട്വിന്‍, ട്രാന്‍സാല്‍പ് 750 എന്നിവയ്‌ക്കൊപ്പം എന്‍എക്സ്500 ചേരും. സിബി500എക്സില്‍ നിലവിലുള്ള ലിക്വിഡ്-കൂള്‍ഡ് 471സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഹോണ്ട എന്‍എക്സ്500ന് കരുത്ത് പകരുന്നത്. എഞ്ചിന്‍ 47.5 എച്ച്പി കരുത്തും 43 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതിന് 196 കിലോഗ്രാം ഭാരമുണ്ട്, അടുത്തിടെ പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ന്റെ ഏതാണ്ട് അതേ ഭാരമുണ്ട്. സീറ്റ് ഉയരം 830 എംഎം ആണ്. ബ്രേക്കിന്റെ കാര്യത്തില്‍, മോട്ടോര്‍സൈക്കിളില്‍ മുന്നില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമാണ് ഉപയോഗിക്കുന്നത്.
◾സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ‘ചന്ദ്രയാന്റെ ജൈത്രയാത്ര’. സിപ്പി പള്ളിപ്പുറം. എച്ആന്‍ഡ്സി ബുക്സ്. വില 120 രൂപ.
◾ഈ തണുപ്പു കാലത്ത് രാവിലെ തന്നെ ഒരു കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ നെയ്യ് കോഫി കുടിച്ച് ദിവസം ആരംഭിച്ചാലോ? തണുപ്പുകാലത്ത് നെയ്യ് ഒഴിച്ച് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം. കട്ടന്‍ കാപ്പി കുടിക്കുന്നതിനെക്കാള്‍ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീര്‍ഘനേരം ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ഊര്‍ജം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കും. കൊഴുപ്പ് ഉണ്ടെങ്കില്‍ തടി കൂടുമെന്നാണ് പൊതുധാരണ. എന്നാല്‍ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളുമുണ്ട്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. അതിനാല്‍ തടികൂടുമെന്ന പേടിയും വേണ്ട. ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് കൊണ്ടാണ് സാധാരണ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകള്‍ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. ചൂട് കാപ്പി ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരത്തില്‍ തന്നെയൊരു ഊഷ്മളത ഉണ്ടാകും. നെയ്യ് ഒഴിച്ചാകുമ്പോള്‍ ഇത് ഇരട്ടിയാകും. നെയ്യ് കാപ്പിക്ക് ഉള്ളില്‍ നിന്ന് സ്വാഭാവികമായും ചൂട് നിലനിര്‍ത്താന്‍ കഴിയും. സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാന്‍. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേര്‍ത്ത് കുടിക്കാം.
ശുഭദിനം