കൊച്ചി: പത്ത് വയസ്സുകാരി വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ശിക്ഷ മറ്റൊരു ദിവസമോ ഇന്ന് ഉച്ചക്ക് ശേഷമോ ഉണ്ടാകും. ശിക്ഷാ വിധിയില്‍ വാദം കോടതിയിലെ മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷമായിരിക്കും. സനുമോഹന് മേല്‍ ചുമത്തിയ എല്ലാവകുപ്പുകളും കോടതി ശരിവെച്ചു.
2021 മാര്‍ച്ച് 21നാണ് കേസിന് ആധാരമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിട്ടുകയായിരുന്നു.
ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനു മോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃക്കാക്കര പൊലീസിന് കൈമാറി. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ കുറ്റസമ്മത മൊഴി. 98 സാക്ഷികളെ പ്രൊസിക്യൂഷന് വിസ്തരിച്ചിട്ടുണ്ട്.