🔘🔘🔘🔘🔘🔘🔘🔘🔘🔘
വാർത്തകൾ വിരൽത്തുമ്പിൽ
*
2024 | ജൂൺ 16 | ഞായർ |
1199 | മിഥുനം 2 | അത്തം l 1445 l ദുൽഹജ്ജ് 09
➖➖➖➖➖➖➖➖
◾ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാല്‍, പോലീസുകാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കുവൈത്ത് ദുരന്തത്തില്‍ ദുരന്തത്തില്‍ മരിച്ച തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്റെ സംസ്‌കാരം ഇന്ന്. കോന്നി സ്വദേശി സജു വര്‍ഗീസ്, കീഴ്വായ്പ്പൂര്‍ സ്വദേശി സിബിന്‍ എബ്രഹാം എന്നിവരുടെ സംസ്‌കാരം നാളെ നടക്കും.
◾ ദൗര്‍ഭാഗ്യകരമായ സംഭവമാണ് കുവൈത്തില്‍ ഉണ്ടായ അപകടം എന്ന് തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമയും എന്‍ബിടിസി മാനേജിങ് ഡയറക്ടറുമായ കെജി എബ്രഹാം. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഭാഗത്ത് തെറ്റില്ല, എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് തങ്ങള്‍ ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുകയും നല്‍കുമെന്നും കെജി എബ്രഹാം ഉറപ്പ് നല്‍കി. ചികിത്സയില്‍ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും കമ്പനി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അപകട സമയത്ത് വേണ്ടപോലെ ഇടപെട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ച കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു.
◾ കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ വേണ്ടി തുടരെത്തുടരെ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ബി.ജെ.പി. നേതാവ് വി മുരളീധരന്‍. പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കില്‍ അവരുടെ മൃതദേഹങ്ങള്‍ പട്ടടയില്‍ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മുതലാളിമാരുമായി അത്താഴവിരുന്ന് കഴിക്കില്ലായിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മരിച്ചവരുടെ സംസ്‌കാരത്തില്‍ എത്തണമായിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണെന്നും എല്ലാം വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ലോക കേരള സഭ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി. വിമാനക്കൂലി മുതല്‍ എന്‍.ആര്‍.ഐ ക്വാട്ടയിലെ ചൂഷണം വരെ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഇതര സംസ്ഥാന മലയാളികളും ആവശ്യപ്പെട്ടു.
◾ ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ വിട്ടയച്ചു. രണ്ടുമാസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ ശ്യാം നാഥ് തിരിച്ചെത്തുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 18 ജീവനക്കാരെ ഇപ്പോഴും ഇറാന്‍ വിട്ടിട്ടില്ല. ഏപ്രില്‍ 13ന് തടവിലാക്കപ്പെട്ട ശ്യാംനാഥിനെ ജൂണ്‍ 12നാണ് തിരികെ വിട്ടത്. ബാക്കിയുള്ളവരുടെ മോചനം ഉടനെ ഉണ്ടാകട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും ശ്യാംനാഥ് പറഞ്ഞു.
◾ ആലപ്പുഴയിലെ സിബിസി വാര്യര്‍ സ്മൃതി പരിപാടി പരിപാടിയില്‍ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നുവെന്നുമുള്ള വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോള്‍ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരന്‍ വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ വന്നില്ലല്ലോ, അതെന്താണ് വാര്‍ത്തയാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
◾ നര്‍ത്തകനും, കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് നെടുമങ്ങാട് എസ്സി/എസ്ടി കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.
◾ കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തമ്മില്‍ തല്ലി. സംഭവത്തില്‍ സുധീഷ്, ബോസ്‌കോ എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. പോലീസുകാര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിയാണ് നടപടി എടുത്തത് . ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് രണ്ട് പോലീസുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾ സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
◾ 2023-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ പുരസ്‌കാരത്തിന് സംസ്‌കൃത പണ്ഡിതന്‍ ഡോ. കെ.ജി. പൗലോസ് അര്‍ഹനായി. ഇംഗ്ലീഷ് ഭാഷയില്‍ ഇരുപതും മലയാളത്തില്‍ അമ്പതിലേറെയും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
◾ 2024-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ശ്യാംകൃഷ്ണന്‍ ആര്‍. അര്‍ഹനായി. അദ്ദേഹത്തിന്റെ ‘മീശക്കള്ളന്‍’ എന്ന ചെറുകഥാസമാഹാരത്തിനാണ് അവാര്‍ഡ്. 2024-ലെ കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം മലയാള വിഭാഗത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ്.
◾ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടി എന്ന ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ.ഉമ്മുസല്‍മയുടെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. 2021 മേയ് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മിനിട്ട്സും കരാറുകളും വ്യാജമായി ഉണ്ടാക്കി പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. സെക്രട്ടറി അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ് . ഇതിലൂടെ ബ്ലോക്ക് പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.
◾ ശോഭാ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസ് നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. ബിജെപിയിലേക്ക് പോകാന്‍ ജയരാജന്‍, ദല്ലാള്‍ നന്ദകുമാര്‍ മുഖേന ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയില്‍ പറയുന്നു.
◾ കെ.സി. വേണുഗോപാലിന്റെ മദ്യം കഴിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോണ്‍ഗ്രസ്. ഗ്ലാസില്‍ കട്ടന്‍ ചായയുമായി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം മദ്യം കഴിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരണം നല്‍കി. വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി.
◾ കര്‍ണാടകസംസ്ഥാന സര്‍ക്കാര്‍ ഇന്ധന വില കൂട്ടി . വില്‍പന നികുതിയാണ് വര്‍ധിപ്പിച്ചത്. പുതിയ നികുതി വര്‍ധന അനുസരിച്ച് പെട്രോളിന് 3 രൂപയും ഡീസലിന് 3.5 രൂപയും കൂടും.
◾ ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ അബൂജ്മാണ്ഡ് വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
◾ ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ അളകനന്ദാ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
◾ മോദി സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാമെന്നും കിച്ചടി മുന്നണിയെന്ന് ഇന്ത്യ സഖ്യത്തെ പരിഹസിച്ച മോദിയുടെ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഭൂരിപക്ഷമില്ലാത്ത മോദി ഭയന്നാണ് ഭരിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്് നന്ദി പറഞ്ഞ് എന്‍.സി.പി. നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലികളും റോഡ്ഷോയും നടത്തിയിടത്തെല്ലാം മഹാവികാസ് അഘാഡി സഖ്യത്തിന് വിജയിക്കാനായതിനാലാണ് മോദിക്ക് ശരദ് പവാര്‍ നന്ദി പറഞ്ഞത്. മഹാവികാസ് അഘാഡി നേതാക്കളായ ശരദ് പവാര്‍, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാന്‍ എന്നിവരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതൊന്നും ഈ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ഒറ്റവരവില്‍ മോദിയെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ ഡിഎംകെ സഖ്യത്തിന്റെ വിജയാഘോഷവേദിയിലാണ് എംകെ സ്റ്റാലിന്റെ പ്രതികരണം.
◾ മണിപ്പൂര്‍ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
◾ ടി20 ലോകകപ്പില്‍ മഴ വീണ്ടും വില്ലനായി. ഇന്ത്യ-കാനഡ മത്സരം മേശം കാലാവസ്ഥമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. സൂപ്പര്‍ എട്ടില്‍ നേരത്തെ തന്നെ പ്രവേശിച്ച ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യമത്സരം അഫ്ഗാനിസ്ഥാനുമായാണ്.
◾ മഴ ദീര്‍ഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ 10 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തില്‍ നമീബിയയെ 41 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് 3 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ യൂറോ കപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ട് ഹംഗറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. മറ്റൊരു മത്സരത്തില്‍ സ്‌പെയ്‌നിന് ക്രൊയേഷ്യക്കെതിരെ മിന്നുന്ന തുടക്കം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിനിന്റെ തുടക്കം. മൂന്നാമത്തെ മത്സരത്തിന്റെ 23-ാം സെക്കന്റില്‍ വലകുലുക്കി ഞെട്ടിച്ച അല്‍ബേനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ആദ്യ കടമ്പ മറികടന്നു.
◾ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും പ്രാരംഭ ഓഹരി വില്‍പ്പനകളുടെ പെരുമഴക്കാലം എത്തുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 30,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ഡസണിലധികം കമ്പനികളാണ് സെബിയുടെ അനുമതി നേടി തയ്യാറായിരിക്കുന്നത്. ഇതിനൊപ്പം 25,000 കോടി രൂപയുടെ വമ്പന്‍ ഐ.പി.ഒയുമായി കൊറിയന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും 7,250 കോടി ലക്ഷ്യമിട്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓലയും കൂടി എത്താനൊരുങ്ങുകയാണ്. കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സ്, അഫ്‌കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ്, സ്റ്റാന്‍ലി ലൈഫ് സ്റ്റൈല്‍സ്, വാറീ എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ്, ശിവ ഫാര്‍ചെം, ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ്, വണ്‍ മൊബിക്വിക് സിസ്റ്റംസ്, ഡി.ജെ ഡാര്‍ക്ള്‍ ലോജിസ്റ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ അടുത്ത മാസങ്ങളില്‍ ഐ.പി.ഒയുമായി വിപണിയിലെത്തും. ഇരുചക്ര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓലയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 18 കമ്പനികള്‍ക്കാണ് സെബിയില്‍ നിന്ന് ഇതിനകം അനുമതി ലഭിച്ചത്. ഇവയെല്ലാം ചേര്‍ന്ന് 30,000 കോടി രൂപ സമാഹരിക്കും. ഇതു കൂടാതെ 37 കമ്പനികള്‍ ഐ.പി.ഒയ്ക്കായി സെബിയെ സമീപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഇക്‌സിഗോയുടെ ഐ.പി.ഒയാണ് വിപണിയില്‍ അവസാനം എത്തിയത്. ഇന്ത്യന്‍ വിപണി കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്. 2022 മേയില്‍ നടന്ന എല്‍ഐസിയുടെ 21,008 കോടി രൂപയുടെ ഐ.പി.ഒ ആയിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും വലുത്. ഐ.പി.ഒ വഴി മുന്നൂറ് കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) ആണ് ഹ്യുണ്ടായ് സമാഹരിക്കുക.
◾ മോഹന്‍ലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ് ആണ്. കണ്ണപ്പയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനെ വേറിട്ട ഗെറ്റപ്പും ടീസറില്‍ കാണാന്‍ സാധിക്കും. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം.
◾ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘കെജിഎഫ്’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2025 ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കരീന കപൂര്‍ നായികയാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സായ് പല്ലവിയുടെയും പേര് നായികയായി ഉയര്‍ന്നു വന്നിരുന്നു. പിന്നീടാണ് നയന്‍താരയാണ് നായികയാവുക എന്ന വാര്‍ത്തകള്‍ എത്തിയത്. യാഷിന്റെ സഹോദരിയായി കിയാര അദ്വാനി എത്തും. ചിത്രത്തിലെ പ്രതിനായിക വേഷത്തിലാണ് ഹുമ ഖുറേഷി എത്തുക. ചിത്രം ഒരു ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. പീക്കി ബ്ലൈന്‍ഡേഴ്സ് സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും യുകെയിലുമായിട്ടാണ് ചിത്രീകരണം. 150 മുതല്‍ 200 ദിവസം വരെയാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.
◾ ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്റെ ജനപ്രിയ ജൂപ്പിറ്റര്‍ 110 സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പ് വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ മോഡല്‍ അതിന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറും കാഴ്ചയില്‍ ആകര്‍ഷകവുമാക്കുന്നതിന് കാര്യമായ സൗന്ദര്യാത്മക മെച്ചപ്പെടുത്തലുകള്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനിന്റെ കാര്യത്തില്‍, പ്രാഥമിക അപ്‌ഡേറ്റുകളിലൊന്ന് പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലൈറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു എല്‍ഇഡി സജ്ജീകരണം സംയോജിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം, കൂടുതല്‍ ആധുനികമായ രൂപം നല്‍കുന്നതിനായി പുതിയ വര്‍ണ്ണ ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉണ്ടെങ്കിലും, പുതുക്കിയ ജൂപ്പിറ്റര്‍ 110 അതിന്റെ നിലവിലെ എഞ്ചിന്‍ സജ്ജീകരണം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേ 109.7 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെ തുടരാനാണ് സാധ്യത. ഈ എഞ്ചിന് 7.77 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 8.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് സിവിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. പുതിയ ജൂപ്പിറ്റര്‍ 110-ന്റെ ഹാര്‍ഡ്വെയര്‍ സജ്ജീകരണവും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്, രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകള്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്നത് തുടരും, ഉയര്‍ന്ന-സ്പെക്ക് മോഡലുകളില്‍ ഡിസ്‌ക് ബ്രേക്കിനുള്ള ഓപ്ഷനും.
◾ ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകള്‍. ഈ കഥകളില്‍ കലയുടെ മിന്നല്‍പ്രകാശം യാഥാര്‍ത്ഥ്യങ്ങളെ അവയുടെ ഉള്ളറകളില്‍ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളില്‍ ഉണ്മയുടെ നാനാര്‍ഥങ്ങള്‍ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളില്‍ വന്നപ്പോള്‍തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അത്ഭുതമേ മുതല്‍ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകള്‍. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി’. വിനു ഏബ്രഹാം. ഡിസി ബുക്സ്. വില 153 രൂപ.
◾ മാനസിക സമ്മര്‍ദ്ദം കൂടിയാല്‍ എത്ര വ്യായാമം ചെയ്തിട്ടും കാര്യമില്ല, വയര്‍ ചാടും. ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും കൊഴുപ്പ് അടിവയറ്റില്‍ അടിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഒരു സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് കലോറി കൂടുതലുള്ള ഭക്ഷണങ്ങളോടുള്ള വിശപ്പും ആസക്തിയും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യായാമം ചെയ്യുന്നതോ ഭക്ഷണം ക്രമീകരിക്കുന്നതോ ഫലപ്രദമാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കരളിനെയും കുടലിനെയും തുടങ്ങി മറ്റ് അടിവയറ്റിലെ അവയവങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നതാണ് അടിവയറ്റിലെ കൊഴുപ്പ്. പേശികള്‍ക്ക് താഴെയുള്ള കോശങ്ങളുടെ പാളിയായ ഓമെന്റത്തിലാണ് ഈ കൊഴുപ്പ് സംഭരിക്കുന്നത്. കൊഴുപ്പ് വര്‍ധിക്കുന്നതിനൊപ്പം ആ കോശങ്ങള്‍ കഠിനമാകുകയും അരക്കെട്ടിന് വലിപ്പം വെക്കുകയും ചെയ്യുന്നു. അടിവയറ്റിലെ കൊഴുപ്പ് സാധാരണയുള്ളതിനെക്കാള്‍ അപകടകരമാണ്. ഇത് സൈറ്റോകൈനുകള്‍ എന്ന് അറിയപ്പെടുന്ന പ്രോട്ടീനെ പുറപ്പെടുവിക്കുന്നു. ഈ പ്രോട്ടീനുകള്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ശുഭദിനം
കവിത കണ്ണന്‍
വിഷേോദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറുടെ അടുത്തെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, വായ്പ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ ഡോക്ടറോട് പങ്ക് വെച്ചു. ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു: നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ.. അങ്ങനെ അയാള്‍ താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറെ കാണാന്‍ വന്നു. അയാള്‍ പറഞ്ഞു: ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും അസുഖബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്. ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു. ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്? തന്റെ അസുഖമിപ്പോള്‍ ഭേദമായതായി സ്വയം പ്രഖ്യാപിച്ച് അയാള്‍ അവിടെ നിന്നിറങ്ങി. എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല. ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് നമുക്ക് താല്‍പര്യമില്ലെങ്കിലും നാമത് അംഗീകരിച്ചേ പറ്റൂ.. ദുഃഖിക്കാനൊരു കാരണവുമില്ലാതെ ഒരു ദിനവും ആര്‍ക്കുമുണ്ടാകില്ല. സന്തോഷിക്കാനൊരു കാരണവുമില്ലാത്ത ഒരു ദിനവും ഉണ്ടാകില്ല. എന്തിനാണ് വില കൊടുക്കുന്നത് എന്നതിലാണ് കാര്യം.. നമുക്കായി ഈശ്വരന്‍ ഒരുക്കിവെച്ച ഒരു സദ്യയുണ്ടാകും… അത് ആസ്വദിച്ച് കഴിക്കുക… അതില്‍ സന്തോഷം കണ്ടെത്തുക… അതില്‍ തൃപ്തരാകുക – ശുഭദിനം.
➖➖➖➖➖➖➖➖