വാർത്താകേരളം

[25.12.2023]           

പ്രത്യാശയുടെ സന്ദർഭം; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും
?️പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്മസ് ആശംസകൾ നേർന്നു. ഏതു വിഷമകാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ലകാലം ഉണ്ടാകുമെന്ന സങ്കൽപ്പത്തിന്‍റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നും മുഴുവൻ കേരളീയർക്കും ക്രിസ്മസിന്‍റെ നന്മ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിനു തിളക്കമേകട്ടെയെന്നും സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നതായി ഗവര്‍ണർ പറഞ്ഞു.

ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി
?️ക്രിസ്മസ് ദിനത്തിൽ വസതിയിൽ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മതമേലധ്യക്ഷൻമാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വിരുന്നിൽ കേരളത്തിൽ നിന്നുള്ള സഭാധ്യക്ഷർ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. ക്രൈസ്തവ വിഭാഗത്തെ ഒപ്പംനിർത്താൻ കേരളത്തിൽ സഹയാത്ര നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കുന്നത്.

ക്രിസ്മസിന് ഏകീകൃത കുര്‍ബാന മതിയെന്ന് സർക്കുലർ
?️ക്രിസ്മസിന് സിനഡ് കുര്‍ബാന ചൊല്ലണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതക്ക് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്‍റെ കത്ത്. ഇതനുസരിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂരും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സിനഡ് കുര്‍ബാന ചൊല്ലണമെന്ന മാര്‍പ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്നാണ് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്‍റെ കത്തില്‍ ആവശ്യപ്പെടുന്നത്. സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണ്. അതിരൂപതയിലെ കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് ഡിസംബര്‍ ഏഴിന് മാര്‍പ്പാപ്പ വ്യക്തമായ നിര്‍ദേശം നല്‍കിയതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക ക്രിസ്മസിന് തുറക്കില്ല
?️ക്രമസമാധാന പ്രശ്നം മുൻ നിർത്തി ക്രിസ്മസ് ദിനത്തിലും എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി അടച്ചിടും. ഏകീകൃത കുർബാന അർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകും വരെ പള്ളി അടച്ചിടുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മാർപാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചർച്ചയിൽ സമവായത്തിലെത്തിയെങ്കിലും ഈ ക്രിസ്മസിന് ബസിലിക്കയും അതിനോട് അനുബന്ധിച്ചുള്ള പള്ളികളും അടച്ചിടാനാണ് തീരുമാനം.

സത്യപ്രതിജ്ഞ ഡിസംബർ 29 ന്, വകുപ്പുകൾ തീരുമാനിക്കുക മുഖ്യമന്ത്രി
?️മുന്നണി ധാരണ പ്രകാരം മന്ത്രിമാരായിരുന്ന ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജിവച്ചതായും പകരം പുതിയ മന്ത്രിമാർ ഡിസംബർ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മുൻ ധാരണ പ്രകാരം 2 ഘടകകക്ഷി നേതാക്കളായ കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മന്ത്രിമാരാവും. വകുപ്പുകൾ തീരുമാനിക്കുക മുഖ്യമന്ത്രിയാവും. അതിൽ ഇടതു മുന്നണി ഇടപെടില്ല. മുന്നണിയിലെ കക്ഷികള്‍ക്ക് അവസരം നല്‍കുക എന്നത് മന്ത്രിസഭാ രൂപീകരണ വേളയില്‍ തീരുമാനിച്ചിരുന്നു. അത് പ്രകാരമാണ് മന്ത്രിമാർ രണ്ടര വർഷത്തിനു ശേഷം രാജിവച്ചത്.

ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വച്ചു
?️മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി മന്ത്രിമാരായ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും രാജി സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് ഇരുവരും രാജിക്കത്ത് കൈമാറി. കെ.ബി. ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രിസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇടതു മന്ത്രിസഭ അധികാരമേറ്റപ്പോഴുള്ള ധാരണ പ്രകാരമാണ് മാറ്റം.

സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
?️കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിലേക്കെടുത്തതിൽ വിയോജിപ്പ് പരസ്യമാക്കി കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാർ.എൽഡിഎഫ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സതീശൻ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും പ്രതികരിച്ചു.

ക്രിസ്‌മസ് ആഘോഷങ്ങളിൽ നിയന്ത്രണവുമായി മധ്യപ്രദേശ്
?️മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയോ വേഷം ധരിക്കുകയോ ചെയ്യരുതെന്ന വിവാദ ഉത്തരവുമായി മധ്യപ്രദേശ്. ഷാജാപൂർ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർ വിവേക് ദുബെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 14ന് പുറത്തിറങ്ങിയ ഉത്തരവിൽ കുട്ടികൾ മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുവാദത്തോട് കൂടി മാത്രമേ ക്രിസ്മസ് സംബന്ധമായ ആഘോഷങ്ങളിൽ പങ്കെടുക്കാവൂ എന്നും സാന്താക്ലോസിന്റേതടക്കമുള്ള വേഷങ്ങൾ ധരിക്കാവൂ എന്നുമാണ് പറയുന്നത്. ജില്ലയിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായാണ് നിർദേശം. ആരുടെയും മതവികാരങ്ങൾ വ്രണപ്പെടാതിരിക്കാനും പരാതികൾ ഉണ്ടാകാതെയിരിക്കാനുമാണ് ഇത്തരമൊരു നിർദേശമെന്നാണ് അധികൃതരുടെ വാദം.

സംസ്ഥാനത്ത് നാലുപേർക്കുകൂടി ജെഎൻ1 സ്ഥിരീകരിച്ചു
?️സംസ്ഥാനത്ത് നാലുപേർക്കുകൂടി ജെഎൻ1 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലെത്തി. 425 പേർക്ക് കൂടി കൊവിഡും ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

നവകേരള സദസിൽ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നത് വിലക്കി
?️നവകേരള സദസിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ ഓട്ടോറിക്ഷ തൊഴിലാളിയായ യുവതിയെ തൊഴിലെടുക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി. കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനിയായ രജിനിയെയാണ് തൊഴിലെടുക്കാൻ സമ്മതിക്കാത്തത്. കഴിഞ്ഞ എട്ടുവർഷമായി കാട്ടായികോണം സ്റ്റാൻഡിലാണ് രജനി ഓട്ടോറിക്ഷ ഓടിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുപോലെ ഓട്ടോയുമായെത്തിയ രജിനിയെ സിപിഎം-സിഐടിയു പ്രവർത്തകരാണ് തടഞ്ഞത്. നവകേരള സദസിന് വരണമെന്നുള്ള നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ചാണ് തടഞ്ഞതെന്ന് രജനി ആരോപിച്ചു. കേസുമായി മുന്നോട്ടു പോയാൽ ചുമട്ടുത്തൊഴിലാളിയായ സഹോദരൻ രാജേഷിനെ നാളെമുതൽ ജോലിക്ക് കയറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശങ്ങളും രജിനി പുറത്തുവിട്ടു.

2024 മുഖ്യമന്ത്രിക്ക് ഉറക്കമില്ലാത്ത നാളുകളെന്ന് സുധാകരൻ
?️2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്ന് മുന്നറിയിപ്പു നൽകി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. പിണറായിക്ക് കൊലയാളി മനസാണ്. അദ്ദേഹം സൈക്കോ പാത്താണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.നവകേരള സദസിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. സിറ്റിങ് ജഡിജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഡിജിപി കസേരയിലിരിക്കുന്നത് അർഹതയില്ലാത്തയാളാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂർ പൂരം തടസമില്ലാതെ നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും: മന്ത്രി കെ രാധാകൃഷ്ണൻ
?️തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ സർക്കാർ ഇടപ്പെടുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പൂരം ത്യശൂരിൻ്റെ വികാരമാണ്. പൂരം നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. ദേവസ്വം ഭാരവാഹികളുമായി ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം പ്രദർശന വാടകവിഷയം കോടതിയുടെ പരിഗണനയിലാണ്. വാടക വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിപ്രായങ്ങൾ കേട്ടു. പൂരം നടത്തിപ്പിന് തടസമില്ലാത്ത വിധം പ്രശ്ന പരിഹാരം തീർപ്പാക്കാൻ സർക്കാർ ഇടപെടും. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ജനുവരി നാലിനാണ് കോടതി വിഷയം പരിഗണിക്കുന്നത്.

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡില്‍
?️കെഎസ്ആർടിസി പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. 9.055 കോടി രൂപയായിരുന്നു ശനിയാഴ്ചത്തെ മാത്രം വരുമാനം. ഇതോടെ ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം
?️ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായികമന്ത്രാലയം. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ്ങിനെയാണ് ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇതിൽ ഗുസ്തിതാരങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഗുസ്തി ഫെഡറേഷന്‍ നടത്തിപ്പിന് പാനൽ രൂപവത്കരിക്കാൻ നിർദേശം
?️ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടത്തിപ്പിനായി ഒരു താത്കാലിക പാനൽ രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് നിർദേശം നൽകി കായിക മന്ത്രാലയം. കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം പുതിയ അഡ്ഹോക്ക് കമ്മിറ്റിയാണ് നിർവഹിക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുമായുള്ള തർക്കത്തേതുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് തീരുമാനം.

ഐഎസ്എൽ: അധിക സർവീസുകളുമായി മെട്രൊ റെയിൽ
?️ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്നതിനാല്‍ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രൊ അധിക സർവീസ് ഒരുക്കുന്നു. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംക്‌ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സർവീസ് 11.30ന് ആയിരിക്കും. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രൊയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാന്‍ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിച്ചിൽ
?️തിരുവനന്തപുരം ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു. തൊഴിലാളികൾക്കു മേലെയാണ് മണ്ണിടിഞ്ഞു വീണത്. പത്ത് അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. അപകട സമയത്ത് രണ്ടു പേരാണ് കുഴിയിലുണ്ടായിരുന്നത്. കുഴിയിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഏറെ വൈകിയാണ് കുഴിയിലേക്ക് മണ്ണിടിഞ്ഞ വിവരം പുറത്തറിഞ്ഞത്.

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് ബിജെപിയിൽ
?️കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ഞായറാഴ്ച വൈകിട്ട്‌ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽനിന്ന് അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അടുത്ത അനുയായിയായ രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് സുധാകരൻ പക്ഷം ചേർന്നത്. പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായി.

വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം
?️തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നടപടിയെടുത്ത് സിപിഎം. ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആരോപണ വിധേയനായതിനു പിന്നാലെ പാർട്ടി സജിമോനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷത്തിനു ശേഷം സജിമോൻ പാർട്ടിയിലേക്ക് തിരിച്ചെത്തുകയും ചുമതലകളേറ്റെടുക്കുകയുമായിരുന്നു.

ശബരിമലയിൽ അരവണയ്ക്ക് നിയന്ത്രണം
?️ശർക്കരയ്ക്ക് ക്ഷാമം നേരിടുന്നതിനാൽ ശബരിമലയിൽ ഭക്തർക്ക് അരവണ നൽ‌കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് അഞ്ച് ടിൻ അരവണ മാത്രമേ നൽ‌കുന്നുള്ളൂ. ശനിയാഴ്ച രാവിലെ മുതൽ അരവണ ഉത്പാദനം മുടങ്ങിയിരുന്നു. മണ്ഡലപൂജ കഴിയുന്നതു വരെ നൽകുന്നതിനുള്ള അരവണയുടെയും അപ്പത്തിന്‍റെയും ഉത്പാദനം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. എന്നാൽ ശർക്കരയുടെ ക്ഷാമം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. രണ്ടുലക്ഷത്തി എഴുപതിനായിരം ടിൻ അരവണയാണ് പ്രതിദിനം തയാറാകുന്നത്.

മുഖ്യമന്ത്രി സാഡിസ്റ്റെന്ന് കെ.സി. വേണുഗോപാൽ
?️കേരള പൊലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിപിഎമ്മിന്‍റേയും പൊലീസിന്‍റേയും ആക്രമണത്തിൽ പരിക്കേറ്റ് എസ്പി ഫോർട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയർ ഇന്ത്യയുടെ കോഴിക്കോട്- ബം​ഗളൂരു പ്രതിദിന സർവീസ് ജനുവരി 16 മുതൽ ആരംഭിക്കും
?️എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ജനുവരി 16 മുതൽ ആരംഭിക്കാൻ തീരുമാനം. ബംഗളൂരുവിൽ നിന്നും വൈകിട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബം​ഗളൂരുവിലെത്തും. ഇത്തരത്തിലാണ് സമയ ക്രമീകരണം.പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ്, ​ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും.

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
?️തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.

കണ്ണൂരിൽ ആക്രി തരംതിരിക്കുന്നതിനിടെ സ്ഫോടനം: 3 പേർ‌ക്ക് പരിക്ക്
?️പാട്യം മൂഴിവയലിൽ ആക്രി തരംതിരിക്കുന്നതിനിടെ സ്ഫോടനം. ആക്രി സാധനങ്ങൾ തരം തിരിച്ചിരുന്ന അസം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികൾക്കും പരിക്കേറ്റു. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രിയിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി തുറന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.സ്ഫോടനത്തിൽ സയിദിന്‍റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലും കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എരുമേലിയിൽ തീർഥാടകുടെ പ്രതിഷേധം
?️മണിക്കൂറുകളായി ശബരിമലയിലേക്ക് വാഹനം കടത്തിവിടുന്നില്ലെന്ന് ആരോപിച്ച് എരുമേലിയിൽ തീർഥാടകരുടെ റോഡ് ഉപരോധം. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് ഗതാഗതം ക്രമീകരിച്ചിരുന്നു. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കും വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ച് മാത്രം വാഹനം കടത്തിവിട്ടാൽ മതിയെന്ന നിലപാടിലാണ് പൊലീസ്.

ചെങ്കടലിൽ ഇന്ത്യൻ കപ്പലിനു നേരെ ഡ്രോൺ ആക്രമണം
?️തെക്കൻ ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിനെതിരേ ഡ്രോൺ ആക്രമണം. ഇന്ത്യൻ പതാകയേന്തിയ എംവി സായ് ബാബ എന്ന ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല. 25 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച നടത്തിയ ആക്രമണത്തിനു പിന്നിൽ ഹൂതി ഭീകരരാണെന്ന് യുഎസ് ആരോപിച്ചിട്ടുണ്ട്. ഇന്ത്യൻ നാവിക സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കപ്പൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. നോർവീജിയൻ കെമിക്കൽ/ ഓയിൽ ടാങ്കറിനെതിരേയും ആക്രമണമുണ്ടായി.

ജമ്മു കശ്മീരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു
?️ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ഞായറാഴ്ച പള്ളിയിൽ നിസ്കരിക്കുന്നതിനിടെയാണ് മുൻ സീനിയർ സൂപ്രണ്ടായിരുന്ന മൂഹമ്മദ് ഷാഫിക്കു നേരെ ഭീകരർ വെടിയുതിർത്തത്. പുൽവാമയിലും ജമ്മുകശ്മീരിലും കർശനമായ സുരക്ഷാ പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. വാഹനങ്ങളും കാൽനടക്കാരെയും പരിശോധിക്കുന്നുണ്ട്. ശ്രീനഗറിലെ പ്രധാന കവലകളിലെല്ലാം മൊബൈൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

മഞ്ഞിൽ തണുത്ത് കുളിർന്ന് ഊട്ടി
?️തണുപ്പിൽ കുളിർന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഊട്ടി. ഒരു ഡിഗ്രീ സെൽഷ്യസ് വരെ അന്തരീക്ഷോഷ്മാവ് താഴ്ന്നതോടെ മഞ്ഞിൽ ഉറഞ്ഞു നിൽക്കുകയാണ് ഊട്ടി. സാധാരണ ജീവിതത്തെ കടുത്ത ശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഊട്ടി ഹിൽ സ്റ്റേഷനോടു ചേർന്നുള്ള പ്രദേശങ്ങളെല്ലാം മൂടൽമഞ്ഞ് മൂടിയ അവസ്ഥയിലാണ്. തണുപ്പു കടുത്തതോടെ പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയിലാണ് വിനോദസഞ്ചാരികൾ.

ചത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
?️ചത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാറ്റേകല്യൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിനടുത്തുള്ള കുന്നിൽ വൈകുന്നേരം 5:30 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കളുടെയും ആയുധങ്ങളുടെയും ശേഖരം പിടിച്ചെടുത്തു. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നവജാതശിശുവിന്‍റെ മൃതദേഹം വീട്ടിലെ ബക്കറ്റിൽ
?️തൃ‌ശൂർ അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് കു‌ട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിന്‍റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി.

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ
?️വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ ചരിത്ര വിജയം നേടി ഇന്ത്യൻ ടീം. വനിതാ ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയിച്ചത്. അവസാന ദിനത്തിൽ വെറും 28 റൺസ് മാത്രം നേടിയാണ് ഓസീസിന്‍റെ അഞ്ച് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തിയത്. ഓസീസ് ഉയർത്തിയ 75 റൺസ് എന്ന ലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് ലോകകപ്പ് ചാംപ്യന്മാര്‍
?️മാഞ്ചസ്റ്റര്‍ സിറ്റിയുടെ മകുടത്തിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ബ്രസീല്‍ ക്ലബ് ഫ്‌ളുമിനന്‍സിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാര്‍. സൗദി അറേബ്യ വേദിയായ കലാശക്കളിയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു സിറ്റി എതിരാളികളെ തറപറ്റിച്ചത്. സിറ്റിക്കായി അര്‍ജന്‍റൈന്‍ താരം ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഫില്‍ ഫോഡനും സിറ്റിക്കായി വലചലിപ്പിച്ചപ്പോള്‍ ഫ്‌ലൂമിനന്‍സ് താരം നിനോയുടെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ സ്‌കോര്‍ നാലില്‍ എത്തിച്ചത്. സിറ്റിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്.

ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം
?️ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. ഏകപക്ഷീയമായ 2 ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ്‌ മുംബൈയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 11ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയും വലകുലുക്കി. കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാമത്തെ മത്സരമായിരുന്നു ഇത്. മത്സരത്തിൽ ജയിച്ചതോടെ ബ്ലാസ്റ്റേഴ്‌സ്‌ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5820 രൂപ
പവന് 46560 രൂപ