വാർത്താകേരളം


                     

[11.12.2023]           

ക്രിസ്മസിന് ഏകീകൃത കുര്‍ബാന: ബിഷപ് ബോസ്കോ പുത്തൂർ
?️ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂർ. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുർബാന നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന് പറയാറുണ്ടല്ലോ. അതിനാല്‍ തന്നെ ഒരുമയോടെ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഏറ്റുമുട്ടലിനില്ല, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും.

നവകേരള ബസിനു നേരെ ‘ഷൂ ഏറ്’
?️മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മരണത്തെ ‌തുട‌ർന്നു നിർത്തിവച്ച നവകേരള സദസ് പുനരാരംഭിച്ചതിനു തൊട്ടു പിന്നാലെയാണു സംഭവം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിൽ ഓടക്കാലിയിൽ വച്ചാണ് കെഎസ്‌യു പ്രവർത്തകർ ബസിനു നേരെ ഷൂ എറിഞ്ഞത്. ഇതേത്തുടർന്നു പ്രതിഷേധകാർക്കു നേരെ പൊലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചവരെ മർദിക്കുന്ന അവസ്ഥയുമുണ്ടായി. പൊലീസ് നോക്കി നിൽക്കെയായിരുന്നു മർദനം.

ഗവർണർക്കെതിരെ വിദ്യാർഥി പ്രതിഷേധം
?️വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും കലാലയങ്ങളിലേക്ക്‌ സംഘപരിവാർ അജണ്ട ഒളിച്ചുകടത്താനും ശ്രമിക്കുന്ന ഗവർണർ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ നീക്കങ്ങൾക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ചടങ്ങിനെത്തിയ ഗവർണർക്കെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ രണ്ടുവട്ടം കരിങ്കൊടി കാട്ടി. യങ്‌ ഇന്ത്യൻ കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രീസ്‌ ഇന്ത്യയുടെ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്‌. വൈകിട്ട്‌ നാലോടെ വഴുതക്കാട്‌ ഹോട്ടലിന്‌ മുന്നിലായിരുന്നു ആദ്യ കരിങ്കൊടി പ്രതിഷേധം.

വിഷ്ണുദേവ് സായി ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി
?️ഗോത്ര വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തിസ്ഗഡ് മുഖ്യമന്ത്രിയാകും. ഇന്നലെ ചേർന്ന എംഎൽഎമാരുടെ യോഗമാണ് അമ്പത്തൊമ്പതുകാരൻ വിഷ്ണുദേവിനെ നേതാവായി തെരഞ്ഞെടുത്തത്. നാളെയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞയുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ടയുടൻ എംഎൽഎമാരുടെ സംഘത്തിനൊപ്പം ഗവർണറെ കണ്ട വിഷ്ണുദേവ് സായി സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു.

രാജസ്ഥാൻ, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ സസ്പെൻസ്
?️ഛത്തിസ്ഗഡിലെ അപ്രതീക്ഷിത മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ ശ്രദ്ധ രാജസ്ഥാനിലേക്കും മധ്യപ്രദേശിലേക്കും. മധ്യപ്രദേശിൽ തിങ്കളാഴ്ച എംഎൽഎമാരുടെ യോഗം ചേരും. 15 മാസത്തെ ഇടവേളയൊഴിച്ചാൽ 18 വർഷമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന ശിവരാജ് സിങ് ചൗഹാന് ഒരു അവസരം കൂടി ലഭിക്കുമെന്നായിരുന്നു നേരത്തേ സൂചന. എന്നാൽ, റാം റാം എന്നെഴുതി, തൊഴുകൈകളോടെ നിൽക്കുന്ന ചിത്രം ചൗഹാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വിരമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം, രാജസ്ഥാനാണ് ബിജെപിയെ കുഴപ്പിക്കുന്നത്. ദേശീയ നേതൃത്വവുമായി അകന്നുനിൽക്കുന്ന മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മാറ്റിനിർത്തുക എളുപ്പമല്ല. ഇന്നലെയും ഒരു വിഭാഗം എംഎൽഎമാർ വസുന്ധരയെ വീട്ടിലെത്തി കണ്ടു. ഇവിടെ മഹന്ത് ബാബാ ബാലക്നാഥ് യോഗിയുടെ പേരും വസുന്ധരയ്ക്കു പകരമായി ഉയർന്നു കേൾക്കുന്നുണ്ട്.

ആധാർ മാർഗനിർദേശങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി
?️വിരലടയാളം എടുക്കാനാവാത്തവർക്ക് ഐറിസ് സ്കാൻ രേഖ പ്രകാരം ആധാർ നൽകാമെന്നു കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്രം ആധാർ മാര്‍ഗനിര്‍ദേശങ്ങളിൽ മാറ്റം വരുത്തി. വിരലുകൾ ഇല്ലാത്തതിനാൽ ആധാർ നിഷേധിക്കപ്പെട്ട കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്പിൽ ജോസിമോൾ പി. ജോസ് എന്ന യുവതിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ട് ജോസിമോൾക്ക് ആധാർ ലഭ്യമാക്കിയിരുന്നു. കേന്ദ്രസർക്കാരിന്‍റെ പുതിയ നിർദേശപ്രകാരം ഇനിമുതൽ വിരലയടയാളം നൽകാൻ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാൻ ചെയ്‌ത്‌ ആധാർ നൽകണം. ഐറിസ് നൽകാൻ കഴിയാത്തവർക്ക് വിരലടയാളം മാത്രം മതി.

കനലോർമയിൽ കാനം
?️അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു. മുഖ്യമന്ത്രിമാരും മറ്റും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായെത്തിയത്. ഇന്നലെ
പുലർച്ചെ രണ്ടുമണിയോടെയാണ് തിരുവനന്തപുരത്തു നിന്നുള്ള വിലാപയാത്ര കാനത്തെ വസതിയിൽ എത്തിയത്. പ്രിയ നേതാവിന് വിട ചെല്ലാൻ നാടൊന്നിച്ച് എത്തിക്കൊണ്ടിരുന്നു.

വടകരയിൽ തെരുവുനായ ആക്രമണം
?️വടകരയിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേർക്ക് കടിയേറ്റത്. നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത്.
ഒരു സ്ത്രീക്കും മൂന്നു പുരുഷൻമാർക്കുമാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയർന്നിട്ടുണ്ട്.

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
?️സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് ചുമതല ബിനോയ് വിശ്വത്തിന് നൽകിയത്. ചികിത്സയുടെ ഭാഗമായി അവധിയെടുത്ത് മാറി നിൽക്കുന്ന വേളയിൽ താത്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചയാൾ കൂടിയാണ് ബിനോയ്. കേന്ദ്ര സെക്രട്ടറിയേറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ സർവീസ് 14 മുതൽ
?️തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 14 മുതല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് ആരംഭിക്കും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ്.
തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.45ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടു നിന്ന് രാത്രി എട്ടു മണിയോടെ പുറപ്പെടുന്ന വിമാനം (IX 2341) 9.05ന് തിരുവനന്തപുരത്തെത്തും. സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്ക് 3,000 രൂപ മുതലാണ്. തലസ്ഥാന നഗരത്തെയും കോഴിക്കോടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസ് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ‌.

അനന്തരവൻ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മായാവതി
?️തന്‍റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബിഎസ്പി നേതാവും മുൻ ഉത്തർപ്രദേശ് മുഖമന്ത്രിയുമായ മായാവതി. ഞായറാഴ്ച ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. ബിഎസ്പി നേതാവ് ഉദയ് വീർ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിഎസ്പിയുടെ ചുമതല മായാവതി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് നിലവിൽ ആകാശ് ആനന്ദിന് നൽകിയിട്ടുള്ളത്. നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ വിധി
?️ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തുടർച്ചയായ 16 ദിവസം വാദം കേട്ടശേഷം സെപ്റ്റംബർ അഞ്ചിന് കേസ് വിധി പറയാൻ മാറ്റിയിരുന്നു. 370 ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര നടപടി ഭരണഘടനാപരമായി സാധുവാണോ എന്നാണ് കോടതി പരിശോധിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി. ഗിരി എന്നിവരാണു കേന്ദ്ര സർക്കാരിനും 370 നീക്കിയതിനെ അനുകൂലിക്കുന്നവർക്കും വേണ്ടി ഹാജരായത്.

ഉത്തർപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം
?️ഉത്തർപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് കുട്ടിയടക്കം എട്ടുപേർ വെന്തുമരിച്ചു. ശനിയാഴ്ച രാത്രി ബറേലിയിൽ ഭോജിപുരയ്ക്ക് സമീപം നൈനിറ്റാൾ ഹൈവേയിലാണ് അപകടം സംഭവിച്ചത്. സെൻട്രൽ ലോക്കായ കാറിൽ കുടുങ്ങിയ ഏഴ് മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചയുടനെ വലിയ പൊട്ടിത്തെറിയുണ്ടായി. സമീപത്തു താമസിക്കുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു.

ചികിത്സാ ആവശ്യങ്ങൾക്കായി ധീരജ് വധ്വാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
?️യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിഎച്ച്എഫ്എൽ പ്രമോട്ടർ ധീരജ് വധ്വാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ചികിത്സാ ആവശ്യങ്ങൾക്കായാണ് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന്‍റെ ഓപ്പറേഷൻ നടത്താനും തുടർന്നുള്ള വിശ്രമത്തിനുമായിട്ട് എട്ടാഴ്ചയാണ് നൽകിയിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്ന് പല സമയങ്ങളിലായി 34615 കോടി രൂപ വകമാറ്റിയെന്ന കേസിലാണ് ധീരജ് വധ്വാൻ അറസ്റ്റിലായത്.

കൊച്ചിയുടെ പുതുവത്സരാഘോഷത്തിനു തുടക്കമാകുന്നു
?️കൊച്ചിയുടെ ആഘോഷരാവുകൾക്ക് നിറം പകർന്നുകൊണ്ട് കാർണിവൽ ആഘോഷങ്ങൾ തുടങ്ങുന്നു. മുൻവർഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഡിസംബർ 31 ലെ പുതുവത്സരാഘോഷ പരിപാടികൾ പുലർച്ചെ നാലുമണി വരെ ഉണ്ടാകും. കാർണിവൽ ആഘോഷങ്ങള്‍ക്കായി റോ-റോ സർവീസ് അടക്കം വർദ്ധിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ റോ-റോ സർവീസ് ഒരെണ്ണം മാത്രമായിരുന്നു. ഇത്തവണ രണ്ടാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചി സബ് കലക്ടർ ചെയർമാനായിട്ടുള്ള ജനകീയ സമിതിക്കാണ് ഇത്തവണ കൊച്ചിൻ കാർണിവലിന്‍റെ നടത്തിപ്പ് ചുമതല. പ്രാദേശിക ക്ലബുകളും പരിപാടി ഏറ്റെടുത്ത് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
?️സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടെ ഏഴു മുതൽ 11 സെന്‍റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സമ്പത്തിൽ ഫിഫയെ മറികടക്കാൻ ബിസിസിഐ
?️ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടന ഫിഫയുടെ ആസ്തി മറികടക്കാന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡിന് ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. ബിസിസിഐയുടെ ആസ്തി വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ഈ സൂചന ലഭിക്കുന്നത്. നിലവില്‍ ബിസിസിഐയുടെ ആസ്തി 18,700 കോടി രൂപയാണ്. അതായത് ഏകദേശം 2.25 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. 6.976 ബില്യണ്‍ ഡോളറാണ് ഫിഫയുടെ ആസ്തി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ബിസിസിഐക്ക് ഫിഫയെ മറികടക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരം ഉപേക്ഷിച്ചു
?️ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്നത്. എന്നാൽ, മഴ കാരണം ടോസ് ഇടാനോ ഒരു പന്തു പോലും എറിയാനോ സാധിക്കാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ബ്രസീലിനെ ഫിഫ വിലക്കുമോ?
?️ടീമെന്ന നിലയിലും ഫുട്‌ബോള്‍ ഭരണത്തിന്‍റെ കാര്യത്തിലും ബ്രസീല്‍ ഇപ്പോള്‍ നടുക്കയത്തിലാണ്. ബ്രസീലിലെ ഫുട്‌ബോള്‍ ഭരണത്തില്‍ കോടതി ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ വഷളായത്. ഫിഫ ചട്ടപ്രകാരം ഫുട്‌ബോള്‍ ഭരണത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടാകരുത്. എന്നാല്‍, ഇവിടെ കോടതി ഇടപെട്ടതോടെ ബ്രസീലിയന്‍ ഫുട്‌ബോളിന് വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് എഡ്‌നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവില്‍ ല്‍, എഡ്‌നാള്‍ഡോ ഇപ്പോള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ വിധിയും എതിരായാലേ ഫിഫയ്ക്ക് ഇടപടേണ്ടതായിട്ടുള്ളൂ. മേല്‍ക്കോടതിയുടെ തീരുമാനം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എഡ്‌നാള്‍ഡോയ്ക്കുള്ളത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 42160 രൂപ