പ്രഭാത വാർത്തകൾ*_

?➖?➖?➖?➖?️➖?️

         _*

            _*2024 ജനുവരി 01*_
            _*1199 ധനു 16*_
        _*1445 ജമാദുൽ ആഖിർ 18*_


                   _*തിങ്കൾ*_

?➖?➖?➖?➖?➖?

? കേരളീയം ?
———————>>>>>>>>>

പുതുവത്സരാശംസകൾ

?️ ഒമ്പത് ഐ.പി.എസുകാരെ സ്ഥലംമാറ്റിയും ഏഴു പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും വി.ഐ.പി സുരക്ഷ വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ ജി.ജയ്ദേവിന് റെയില്‍വേ പൊലീസ് എസ്.പിയുടെ അധിക ചുമതല നല്‍കിയും ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി.റെയില്‍വേ എസ്.പി കെ.എസ്. ഗോപകുമാറിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം (തിരുനന്തപുരം റേഞ്ച്) എസ്.പിയായി നിയോഗിച്ചു. കേരള പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ (അഡ്മിനിട്രേഷൻ) ആര്‍. സുനീഷ് കുമാറിനെ വനിത-ശിശു സെല്‍ എ.ഐ.ജിയായി നിയമിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയൻ കമാൻഡന്‍റ് ഐശ്വര്യ ഡോഗ്രയെ പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ (അഡ്മിനിട്രേഷൻ) ആയും കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ കമാൻഡന്‍റ് എൻ. അബ്ദുല്‍ റഷീദിനെ ദക്ഷിണമേഖല ട്രാഫിക് എസ്.പിയായും ദക്ഷിണമേഖല വിജിലൻസ് എസ്.പി ആര്‍. ജയശങ്കറിനെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രല്‍ യൂനിറ്റ് -നാല് എസ്.പിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രല്‍ യൂനിറ്റ് -ഒന്ന് എസ്.പി വി. സുനില്‍കുമാറിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സപ്ലൈകോ വിജിലൻസ് എസ്.പിയായാണ് നിയമനം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രല്‍ യൂനിറ്റ് -നാല് എസ്.പി കെ.കെ. അജിയെ ദക്ഷിണമേഖല വിജിലൻസ് എസ്.പിയായി നിയോഗിച്ചു. വനിത-ശിശു സെല്‍ എ.ഐ.ജി ആയിരുന്ന എ.എസ് രാജുവിനെ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായും ആര്‍.ആര്‍.ആര്‍.എഫ് കമാൻഡന്‍റ് കെ.ഇ. ബൈജുവിനെ പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ (ട്രെയിനിങ്) വിഭാഗത്തിലേക്കും മാറ്റി.സ്ഥാനക്കയറ്റം ലഭിച്ച ബി.വി. വിജയഭാരത് റെഡ്ഢിയെ ടെലികോം എസ്.പിയായും ടി. ഫറാസിനെ ആര്‍.ആര്‍.ആര്‍.എഫ് കമാൻഡന്‍റായും തപോഷ് ബസുമതാരിയെ സ്പെഷല്‍ ഓപറേഷൻ ഗ്രൂപ് എസ്.പിയായും ഷാഹുല്‍ ഹമീദിനെ ഇന്ത്യൻ റിസര്‍വ് ബറ്റാലിയൻ കമാൻഡന്‍റായും നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ കേരള ആംഡ് വനിത പൊലീസ് ബറ്റാലിയൻ കമാൻഡന്‍റായും കെ. പവിത്രനെ കേരള ആംഡ് പൊലീസ് -നാല് ബറ്റാലിയൻ കമാൻഡന്‍റായും ജുവനപുഡി മഹേഷിനെ കെ.എ.പി അഞ്ച് ബറ്റാലിയൻ കമാൻഡന്‍റായും നിയമിച്ചു.

?️ പുതുവര്‍ഷരാവില്‍ ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ്.എഫ്.ഐ. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്.ബീച്ചില്‍ പുതുവര്‍ഷാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ ഗവര്‍ണറുടെ കോലം കത്തിച്ച്‌ പ്രതിഷേധിച്ചത്.ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച്‌ കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചില്‍ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍.

?️ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം സ്റ്റേഷൻ ഇനി തിരുവനന്തപുരം സൗത്തെന്നും, കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്തെന്നുമാണ് അറിയപ്പെടുക.ഇതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം അംഗീകരിച്ചെന്ന് വ്യക്തമാക്കി സംസ്ഥാന ഗതാഗത സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം കത്തയച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ റെയില്‍വേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം. നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളായി വികസിപ്പിക്കുകയാണ് ലക്ഷ്യം.തിരുവനന്തപുരത്തിന് എട്ട് കിലോമീറ്റര്‍ ദൂരെയാണ് കൊച്ചുവേളി. ഏഴ് കിലോമീറ്റര്‍ ദൂരെയാണ് നേമം. ഇവ രണ്ടും വികസിക്കുന്നതോടെ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ക്ക് സുഗമയാത്ര ഉറപ്പാക്കാനാകും. തിരുവനന്തപുരം സെൻട്രല്‍ കേന്ദ്രീകരിച്ച്‌ സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഈ രണ്ട് സ്റ്റേഷനുകള്‍ വികസിപ്പിക്കാൻ തീരുമാനിച്ചത്. നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വിസ് ആരംഭിക്കുന്നതും യാത്ര അവസാനിപ്പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് കൊച്ചുവേളി അപരിചിതമായതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ യാത്ര ഉപേക്ഷിക്കുകയാണ്. ‘തിരുവനന്തപുരം’ എന്ന് കൂടി ചേര്‍ത്ത് നേമവും കൊച്ചുവേളിയും പേര് മാറുന്നതോടെ ഈ ആശയക്കുഴപ്പം പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

?️ ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന്. ജനുവരി 9ന് രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തും.അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവര്‍ണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.സെപ്റ്റംബര്‍ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബില്‍ അയക്കുമെന്നയിരുന്നു സര്‍ക്കാരിന് ആശങ്ക. എന്നാല്‍ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതിനു മുമ്പ് ബില്‍ നിയമമായില്ലെങ്കില്‍ പ്രയോജനം സര്‍ക്കാരിനും എല്‍ഡിഎഫിനും ലഭിക്കില്ല. ഇതാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താൻ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്.ജനുവരി നാലു മുതല്‍ ആറുവരെ പഞ്ചായത്ത് തലത്തില്‍ സമര പ്രഖ്യാപനം നടത്തും. ഒൻപതിന് കര്‍ഷകരെ പങ്കെടുപ്പിച്ച്‌ രാജ്ഭവൻ മാര്‍ച്ചും നടത്തും. അതേ സമയം ചട്ടത്തില്‍ മാത്രം മാറ്റം വരുത്തിയാല്‍ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നാണ് യു‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. നിയമ ഭേദഗതി വരുത്തി പ്രശ്നം സങ്കീര്‍ണ്ണമാക്കിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.ഇക്കാര്യങ്ങള്‍ തുറന്നു കാട്ടാൻ പഞ്ചായത്തുകള്‍ തോറും ജനവഞ്ചന സദസ്സ് നടത്തും. ജനുവരി അവസാനം കളക്ടറേറ്റ് ഉപരോധവും നടത്തും. നിയമഭേദഗതിയുടെ കാര്യത്തില്‍ പോലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ചട്ട ഭേദഗതിയുള്‍പ്പെടെയുള്ള നടപടികള്‍ റവന്യു വകുപ്പ് തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിച്ച സ്ഥിതിയാണ്.

?️ കാനം രാജേന്ദ്രന്‍റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും.വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികള്‍. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.

?️ മന്ത്രിസഭയില്‍ മാത്രമല്ല, മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കി പുനഃസംഘടനയും തകൃതി.രണ്ട് വര്‍ഷവും ഒരുദിവസവും എന്ന കടമ്പ കടന്നാല്‍ പേഴ്സനല്‍ സ്റ്റാഫംഗങ്ങളെ മാറ്റി പാര്‍ട്ടി നിര്‍ദേശിക്കുന്ന പുതിയ ആളുകളെ നിയമിക്കുകയാണ്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പാചകക്കാരനായ പേഴ്സനല്‍ സ്റ്റാഫിനെ വിടുതല്‍ നല്‍കിയുള്ള ഉത്തരവാണ് ഏറ്റവും അവസാനത്തേത്. രണ്ട് മന്ത്രിമാരെ മാറ്റിയതിലൂടെ 50ഓളം സ്റ്റാഫിനെ പുതുതായി നിയമിക്കാനും പഴയ മന്ത്രിമാരുടെ അത്ര തന്നെ സ്റ്റാഫിന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉള്‍പ്പെടെ ആനുകൂല്യങ്ങളോടെ വിരമിക്കാനും അവസരമൊരുക്കിയതിന് പിന്നാലെയാണിത്.മന്ത്രി ശിവൻകുട്ടിയുടെ സ്റ്റാഫില്‍ ജെ.എസ്. ദീപക്കിനെ 2021 ആഗസ്റ്റ് 28നാണ് പാചകക്കാരനായി നിയമിച്ചത്. രണ്ട് വര്‍ഷവും നാല് മാസവും പൂര്‍ത്തിയായതോടെയാണ് ഡിസംബര്‍ 28ന് പൊതുഭരണവകുപ്പ് ഇദ്ദേഹത്തെ തസ്തികയില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്. ജനുവരി ഒന്നുമുതല്‍ പുതിയൊരാളെ പാചകക്കാരനായി നിയമിക്കുന്നതോടെ രണ്ടുപേര്‍ക്ക് ആജീവനാന്ത പെൻഷൻ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കും.അര ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന പേഴ്സനല്‍ സ്റ്റാഫ് നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് മാനദണ്ഡം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മന്ത്രിമാരുടെ സ്റ്റാഫ് രണ്ട് വിഭാഗമാണ്. പേഴ്സനല്‍ സ്റ്റാഫ് ഉള്‍പ്പെടുന്ന ‘എ’ വിഭാഗത്തില്‍ 17 പേരെയും ശിപായി, തോട്ടക്കാരന്‍, പാചകക്കാരൻ തുടങ്ങിയവരടങ്ങുന്ന ‘ബി’ വിഭാഗത്തില്‍ 13 പേരെയുമാണ് നിയമിക്കാനാകുക.അടിത്തട്ടിലുള്ള തസ്തികകളായ പാചകക്കാരനും ശിപായിയും തോട്ടക്കാരനും രണ്ട് വര്‍ഷവും ഒരുദിവസവും പൂര്‍ത്തിയാക്കിയാല്‍ മൂന്ന് വര്‍ഷത്തെ സര്‍വിസ് കണക്കാക്കി 3350 രൂപ സ്റ്റാറ്റ്യൂട്ടറി പെൻഷന് അര്‍ഹതയുണ്ട്. ഇത് നാല് വര്‍ഷമാക്കണമെന്ന പേ കമീഷൻ ശിപാര്‍ശ അംഗീകരിക്കാതെ പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള ലാവണമാക്കി സംരക്ഷിച്ചിരിക്കുകയാണ്.ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ 2013 ഏപ്രില്‍ മുതല്‍ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കീഴിലാണെങ്കിലും രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കിയുള്ള പേഴ്സനല്‍ സ്റ്റാഫിന് സ്റ്റാറ്റ്യൂട്ടറി പെൻഷനാണ്. പേഴ്സനല്‍ സ്റ്റാഫിന് പെൻഷൻ നല്‍കാൻ മാത്രം വര്‍ഷം എട്ട് കോടി രൂപയാണ് ബജറ്റിലുള്ളത്. ടെര്‍മിനല്‍ സറണ്ടര്‍, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യവും പുറമെ.

?️ ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ടുമുതല്‍ പത്ത് മണിക്കൂര്‍ അടച്ചിട്ടു.പമ്പുകള്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഒപ്പം ഡീലര്‍ കമീഷൻ വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സൂചന പണിമുടക്ക്.അടച്ചിടല്‍ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതിനാല്‍ വാഹന ഉടമകള്‍ മുൻകരുതലെന്ന നിലയില്‍ നേരത്തെ തന്നെ ഇന്ധനം നിറച്ചിരുന്നു. അതേസമയം ഞായറാഴ്ച വൈകീട്ട് പമ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ നീണ്ട വാഹനനിരയും രൂപപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തിന് തലേന്നാണ് സാധാരണ ഇത്തരത്തില്‍ പമ്പുകളില്‍ തിരക്ക് അനുഭവപ്പെടുന്നത്2000ത്തോളം പമ്പുകളാണ് സംസ്ഥാനത്തുള്ളത്. എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്നവ, വൻകിട എജൻസികള്‍ക്ക് കീഴിലുള്ളവ, കെ.എസ്.ആര്‍.ടി.സി യാത്രാഫ്യുവല്‍സ്, സിവില്‍ സപ്ലൈസ് നിയന്ത്രണത്തിലുള്ളവ എന്നിങ്ങനെയായി 200ഓളം പമ്പുകളുണ്ട്. ഇവ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

?️ ദേശീയ സ്കൂള്‍ ഗെയിംസിനോടനുബന്ധിച്ച്‌ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലേക്ക് പുറപ്പെട്ട കേരള ടീമിന് ദുരിതയാത്ര സമ്മാനിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്.29 ആണ്‍കുട്ടികളും 27 പെണ്‍കുട്ടികളും ആറ് ഒഫിഷ്യലുകളുമടങ്ങുന്ന സംഘത്തിന് ഡല്‍ഹി യാത്രക്ക് കേരള എക്സ്പ്രസില്‍ സ്പെഷല്‍ ബോഗി വകുപ്പ് വാഗ്ദാനം ചെയ്തെങ്കിലും അധികാരികളുടെ വാക്ക് വിശ്വസിച്ച്‌ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികള്‍ക്കും പരിശീലകര്‍ക്കും ലഭിച്ചത് സൂചി കുത്താൻ ഇടമില്ലാത്ത ജനറല്‍ കോച്ച്‌. ഒടുവില്‍ തിക്കിലും തിരക്കിലും നിന്നും ഇരുന്നുമാണ് കേരളത്തിന്‍റെ അഭിമാനം കാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവര്‍ ആദ്യദിനം കഴിച്ചുകൂട്ടിയത്.ഒരുമാസം മുമ്പാണ് ദേശീയ സ്കൂള്‍ ഗെയിംസിനോടനുബന്ധിച്ചുള്ള നീന്തല്‍ മത്സരത്തിനുള്ള അറിയിപ്പ് വിദ്യാഭ്യാസവകുപ്പിന് ലഭിച്ചത്. ജനുവരി മൂന്നിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കായി 62 അംഗസംഘത്തിന് സ്പെഷല്‍ ബോഗി അനുവദിക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കാനുള്ള ചുമതല വകുപ്പിനായിരുന്നു. എന്നാല്‍, കത്ത് നല്‍കിയതല്ലാതെ തുടര്‍നടപടി സ്വീകരിച്ചില്ലെന്നാണ് കായികതാരങ്ങളുടെയും രക്ഷിതാക്കളുടെയും ആരോപണം. ഉച്ചക്ക് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സ്പെഷല്‍ ബോഗി അനുവദിച്ചില്ലെന്ന വിവരം ഇവര്‍ അറിഞ്ഞത്. ഇതോടെ, വിവിധ ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളിലായി യാത്ര. കിടക്കാൻപോലും സൗകര്യമില്ലാത്ത കമ്പാര്‍ട്ട്മെന്‍റില്‍ മൂന്ന് ദിവസത്തെ യാത്രക്ക് ശേഷം മത്സരത്തിനിറങ്ങുക വെല്ലുവിളിയാകുമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സീറ്റുകള്‍ ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

?️ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാം വാര്‍ഷികം ആഘോഷിക്കാൻ അര്‍ഹതയുള്ളത് യഥാര്‍ഥ സമസ്തക്ക് മാത്രമാണെന്നും ഇടക്കാലത്ത് സമസ്തയില്‍നിന്ന് പിരിഞ്ഞുപോയവര്‍ നൂറാം വാര്‍ഷികം പ്രഖ്യാപിക്കുന്നത് പരിഹാസ്യമാണെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ യഥാര്‍ഥ കൊടി തങ്ങളുടേതാണ്. മറ്റൊരു കൊടി ഉപയോഗിക്കുന്നവര്‍ക്ക് സമസ്തയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

?️ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2023ല്‍ കസ്റ്റംസ് പിടികൂടിയത് 172.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം.376 കേസുകളിലായാണ് 270.536 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഈ കേസുകളിലധികവും സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനാണ് ശ്രമം നടന്നത്. വസ്ത്രങ്ങളില്‍ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും സ്വര്‍ണം കടത്താൻ ശ്രമം നടന്നു. 163 പേരാണ് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായത്.35.49 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റും 56.28 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് 2023ല്‍ പിടികൂടി.

?️ ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്ന് മന്ത്രി സജി ചെറിയാൻ. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നു.പോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച്‌ മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ല. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. പുന്നപ്ര വടക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2026ലും എല്‍.ഡി.എഫ് അധികാരത്തില്‍ വരും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വൻ ജയം നേടും. കോണ്‍ഗ്രസ് എവിടെയാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ ചിലര്‍ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തില്‍നിന്ന് ആറ് തവണ വിജയിച്ചയാളാണ് അദ്ദേഹം. ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചതുകൊണ്ടാണ് വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത്. മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

?️ ശബരീശ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോര്‍ഡ്.മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളില്‍ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ബി.എസ്.എൻ.എല്ലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. വലിയ നടപ്പന്തല്‍, അക്കോമഡേഷൻ ഓഫിസ് പരിസര, അപ്പം-അരവണ കൗണ്ടര്‍, നെയ്യഭിഷേക കൗണ്ടര്‍, അന്നദാന മണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകള്‍, പാണ്ടിത്താവളത്തെ ബി.എസ്.എൻ.എല്‍ എക്‌സ്‌ചേഞ്ച്, ജ്യോതിനഗറിലെ ബി.എസ്.എൻ.എല്‍ സെന്‍റര്‍, മരക്കൂട്ടം, മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ആറ് ക്യൂ കോംപ്ലക്‌സുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് 100 എം.ബി.പി.എസ് വേഗത്തിലുള്ള സൗജന്യ വൈ-ഫൈ ലഭ്യമാവുക.ഒരു മൊബൈല്‍ നമ്പറില്‍നിന്ന് ആദ്യ അരമണിക്കൂര്‍ വൈ-ഫൈ സൗജന്യമായിരിക്കും. തുടര്‍ന്ന് ഒരു ജി.ബിക്ക് ഒമ്പതുരൂപ നല്‍കണം. ബി.എസ്.എൻ.എല്‍ വൈ-ഫൈ അല്ലെങ്കില്‍ ബി.എസ്.എൻ.എല്‍ പി.എം വാണി എന്ന വൈ-ഫൈ യൂസര്‍ ഐഡിയില്‍ കയറി കണക്‌ട് എന്ന് ക്ലിക്ക് ചെയ്യുമ്പോള്‍ വെബ്‌പേജ് തുറന്നുവരും. അതില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും. അതുപയോഗിച്ച്‌ വൈ-ഫൈ കണക്‌ട് ആക്കാം. ഈ സീസണില്‍തന്നെ പമ്പയിലും നിലക്കലുംകൂടി വൈ-ഫൈ സൗകര്യമൊരുക്കുമെന്നും അടുത്ത സീസണില്‍ ഇടത്താവളങ്ങളിലും വൈ-ഫൈ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

?️ കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ചീഫ് നഴ്സിങ് ഓഫിസറെയും നഴ്സിങ് സൂപ്രണ്ടിനെയും സ്ഥലംമാറ്റിയതായി സൂചന.ചീഫ് നഴ്സിങ് ഓഫിസറെ തിരുവനന്തപുരത്തേക്കും നഴ്സിങ് സൂപ്രണ്ടിനെ കോന്നി മെഡിക്കല്‍ കോളജിലേക്കുമാണ് സ്ഥലം മാറ്റിയതെന്നാണ് വിവരം. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിരമിക്കാനിരിക്കെയാണ് വിശദീകരണംപോലും ചോദിക്കാതെ സ്ഥലംമാറ്റം. ഇതേ വിഷയത്തില്‍ സീനിയര്‍ നഴ്സിങ് ഓഫിസര്‍ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.അനിത ട്രൈബ്യൂണലിനെ സമീപിച്ച്‌ രണ്ടു മാസത്തേക്ക് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പ് രണ്ടുമാസത്തിനകം അനിതയുടെ വിശദീകരണം കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.

?️ മോട്ടോര്‍ വാഹന വകുപ്പിലെ വിവാദമായ സ്ഥലംമാറ്റ പട്ടികക്കും മരവിപ്പിക്കലിനും പിന്നാലെ സ്ഥലംമാറ്റം ഒഴിവാക്കി സ്ഥാനക്കയറ്റം മാത്രം ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കി.18 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും 57 പേരുടെ സ്ഥലംമാറ്റവുമാണ് ആദ്യ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ 18 പേരുടേത് മാത്രമാണ് പുതിയ പട്ടിക. ഇവര്‍ക്ക് പോസ്റ്റിങ്ങും നല്‍കിയിട്ടില്ല.കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്ഥലംമാറ്റ പട്ടിക ഇറങ്ങിയത്. സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റയുടൻ ഗണേഷ് ഈ പട്ടിക മരവിപ്പിച്ചതോടെയാണ് വിവാദം കത്തിയത്. അതേസമയം സ്ഥലംമാറ്റ പട്ടികയില്‍ ചിലര്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നത് കൊണ്ടാണ് ആദ്യമിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നാണ് ഗതാഗത കമീഷണറേറ്റ് ഇപ്പോള്‍ വിശദീകരിക്കുന്നത്. 29ന് വൈകീട്ട് നാലിനാണ് മന്ത്രിയായി ഗണേഷ്‌കുമാര്‍ സ്ഥാനമേറ്റത്. ആന്റണി രാജു സ്ഥാനമൊഴിഞ്ഞത് ഡിസംബര്‍ 24നും. മന്ത്രി രാജിവെക്കുന്നതിനുമുന്നേ തയാറാക്കിയ പട്ടികയാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയതെന്നായിരുന്നു വിമര്‍ശനം. അതേസമയം ആന്‍റണി രാജു ഇക്കാര്യം നിഷേധിക്കുന്നുണ്ട്.ജോയന്‍റ് ട്രാൻസ്പോര്‍ട്ട് കമീഷണര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാത്രമേ മന്ത്രി അറിയേണ്ടതുള്ളൂവെന്നും അതിന് താഴെയുള്ളവരുടെ കാര്യം തീരുമാനിക്കുന്നത് ഗതാഗത കമീഷണറേറ്റാണെന്നുമാണ് ആന്‍റണി രാജുവിന്‍റെ നിലപാട്. 24ന് രാജിവെച്ച ശേഷം താൻ ഒരു ഉത്തരവിലും ഒപ്പുവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

?️ വിവാദമായ സ്ഥലംമാറ്റ പട്ടിക മരവിപ്പിക്കലും ആന്‍റണി രാജുവിന്‍റെ തുറന്നടിക്കലും രംഗം കലുഷിതമാക്കുമ്ബോഴും പരസ്യപ്രതികരണത്തിന് സഡൻ ബ്രേക്കിട്ട് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. ചാനല്‍ അഭിമുഖത്തില്‍ രൂക്ഷമായാണ് ആന്‍റണി രാജു പരാമര്‍ശങ്ങള്‍ നടത്തിയതെങ്കിലും പ്രതികരിക്കാൻ ഗണേഷ് തയാറായില്ല. മന്ത്രി സ്ഥാനം രാജിവെച്ചതിനാല്‍ തനിക്കിനി ബാധ്യതകളില്ലെന്ന ഭാവത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ആന്‍റണി രാജു.മുന്നണിയിലായിരിക്കെ തന്നെ നിയമസഭയിലും പുറത്തും സര്‍ക്കാറിനെതിരെ പരസ്യവിമര്‍ശത്തിന് പലവട്ടം മുതിര്‍ന്നിട്ടുള്ളയാളാണ് ഗണേഷ്കുമാര്‍. പൊതുജനാരോഗ്യ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ ‘ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്നത് നല്ലത് തന്നെ പക്ഷേ, രോഗികള്‍ക്കെന്താ സംരക്ഷണം വേണ്ടേ’യെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജിനോടുള്ള ഗണേഷിന്‍റെ ചോദ്യം. ആരോഗ്യവകുപ്പിലെ ചില ഡോക്ടര്‍മാര്‍ തല്ല് കൊള്ളേണ്ടവരാണെന്ന് മറ്റൊരവസരത്തില്‍ തുറന്നടിച്ചു. ഇത്തരത്തില്‍ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ പിശുക്ക് കാട്ടാത്ത ഗണേഷ്കുമാര്‍, ആന്‍റണി രാജുവിന്‍റെ രൂക്ഷപ്രതികരണത്തില്‍ സംയമനം പാലിക്കുന്നത് മുന്നണി ഇടപെടല്‍ മൂലമാണെന്നത് വ്യക്തമാണ്. ഗതാഗത വകുപ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷം അത്ര ശരിയായല്ല കാര്യങ്ങള്‍ നടന്നതെന്ന ഗണേഷിന്റെ പരാമര്‍ശങ്ങളാണ് പ്രകോപനത്തിന് കാരണമായത്. ഗാലറിയിലിരുന്ന് കളി കാണാൻ എളുപ്പമാണെന്നും കളത്തിലിറങ്ങുമ്ബോഴേ ബുദ്ധിമുട്ട് മനസ്സിലാവൂവെന്നുമായിരുന്നു ആൻറണി രാജുവിന്‍റെ മറുപടി.

?️ മോട്ടോര്‍ വാഹന വകുപ്പിലെ വിവാദ സ്ഥലം മാറ്റ പട്ടികയില്‍ ഉദ്യേഗസ്ഥരെ വിമര്‍ശിച്ച്‌ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നാലിന് സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ 2.45ന് സ്ഥലംമാറ്റ ഉത്തരവിറക്കിയത് ശരിയായില്ല. ജനുവരി 31നു മുമ്പ് സ്ഥാനക്കയറ്റം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അതു താൻ ഉദ്യോഗസ്ഥരെ പറഞ്ഞു മനസ്സിലാക്കിയെന്നും ടി.വി ചാനല്‍ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

?️ എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന കളമശ്ശേരി സംറ ഇന്റര്‍നാഷനല്‍ കണ്‍വെൻഷൻ സെന്ററില്‍ രണ്ടുമാസത്തിനുശേഷം നിയമതടസ്സം നീക്കി വിവാഹവിരുന്ന് നടന്നു.മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കലൂര്‍ സ്വദേശി സാലിഹിന്‍റെയും ഷെഫിയുടെയും മകൻ ഫാഥില്‍ സാലിഹും കപ്പലണ്ടിമുക്ക് വലിയവീട്ടില്‍ മുഹമ്മദ് സാദിഖിന്‍റെയും ഷാമിലയുടെയും മകള്‍ നിഹാല്‍ സാദിഖിന്‍റെയും വിവാഹമാണ് നടന്നത്.എട്ടുമാസം മുമ്പാണ് ഓഡിറ്റോറിയം ഇവര്‍ ബുക്ക് ചെയ്തത്. സ്ഫോടനം നടന്നതോടെ ആശങ്കയിലായിരുന്നു കുടുംബം.

?️ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിക്കണമെന്നും തീരുമാനം വൈകുന്നത് കോണ്‍ഗ്രസിനും മതേതര പ്രസ്ഥാനങ്ങള്‍ക്കും ക്ഷീണമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് എ.ഐ.സി.സി ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നാണ് മാധ്യമങ്ങളോട് സുധീരന്‍റെ പ്രതികരണം.എ.ഐ.സി.സി വിലക്ക് സംബന്ധിച്ച ചോദ്യത്തിന് ഈ വക കാര്യങ്ങള്‍ അങ്ങനെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം കെ.പി.സി.സി യോഗത്തിലുന്നയിച്ച വിമര്‍ശനം വി.എം. സുധീരൻ മാധ്യമങ്ങള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. സുധീരന്‍റെ വിമര്‍ശനം പുച്ഛിച്ച്‌ തള്ളുന്നെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സുധീരൻ രണ്ടും കല്‍പിച്ച്‌ രംഗത്തുവന്നത്. കെ.പി.സി.സിയെ മാത്രമല്ല, രാഹുല്‍, സോണിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരെയും പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തി.രാജ്യത്തിന്‍റെ സമ്പത്ത് അദാനിക്ക് അടിയറ വെക്കുന്ന മോദി പറയുന്നത് ഞങ്ങള്‍ നടപ്പാക്കുന്നത് കോണ്‍ഗ്രസ് നയമാണ് എന്നാണ്. മൃദുഹിന്ദുത്വം സ്വീകരിച്ച സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ് ചെയ്തത്. ചിന്തൻ ശിബിരിന്‍റെ സമയത്ത് സോണിയ ഗാന്ധിക്ക് ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ കത്തെഴുതിയിരുന്നു. നെഹ്റുവിന്‍റെയും ഇന്ദിരയുടെയും മതേതരത്വ, സാമ്പത്തിക നയങ്ങളിലേക്ക് കോണ്‍ഗ്രസ് മടങ്ങണം. രാമക്ഷേത്ര പ്രതിഷ്ഠക്ക് ക്ഷണം കിട്ടിയപ്പോഴേ നിരസിക്കേണ്ടതായിരുന്നു. രാമന്‍റെ പേരില്‍ വര്‍ഗീയത വളര്‍ത്തി ആളെക്കൂട്ടാൻ ശ്രമിക്കുമ്പോള്‍ തിരിച്ചറിഞ്ഞ് കൈയോടെ ക്ഷണം തള്ളുകയാണ് വേണ്ടിയിരുന്നത്. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലാകുന്നില്ല. പങ്കെടുത്താല്‍ അതു നരേന്ദ്ര മോദിയുടെ കെണിയില്‍ വീഴുകയാണ്. അതിന്‍റെ ഗുണഭോക്താവ് മോദിയും സംഘ്പരിവാറും മാത്രമായിരിക്കുമെന്നും സുധീരൻ പറഞ്ഞു.

?️ ശിവഗിരിയുടെ പ്രാന്തപ്രദേശങ്ങളെയാകെ ഭക്തി നിറവിലാറാടിച്ച്‌ 91ാം തീര്‍ഥാടന ഘോഷയാത്ര. നൂറുകണക്കിന് പീതാംബര വേഷധാരികള്‍ ശ്രീനാരായണ മന്ത്രധോരണികളോടെ പഞ്ചശുദ്ധി വ്രതം നോറ്റാണ് ഘോഷയാത്രയില്‍ അണിചേര്‍ന്നത്.കടല്‍പോലെ ഒഴുകിയെത്തിയ ഘോഷയാത്രയെ ആവേശപൂര്‍വമാണ് ശിവഗിരിക്കുന്നും താഴ്വാരവും നഗരവും നാട്ടുകാരും എതിരേറ്റത്. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നും ഇക്കുറി വൻതോതിലാണ് തീര്‍ഥാടകരെത്തിയത്. പുലര്‍ച്ചെ അഞ്ചിന് ശ്രീനാരായണ ഗുരുവിന്റെ അലങ്കരിച്ച റിക്ഷക്കൊപ്പം സന്യാസിമാരും അകമ്പടി സേവിച്ചു.പര്‍ണശാലയിലും ശാരദാമഠത്തിലും സമാധി പീഠത്തിലും പ്രത്യേക പൂജകളെ തുടര്‍ന്നാണ് ഘോഷയാത്ര ആരംഭിച്ചത്. സമാധി മണ്ഡപത്തില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര കടന്നുപോയ വീഥികളിലൊക്കെയും വ്യക്തികളും സ്ഥാപനങ്ങളും ഭക്തിനിര്‍ഭരമായ വരവേല്‍പ് നല്‍കി

?️ ഇസ്ലാമോഫോബിയയുടെ കാലത്ത് മതത്തിന്‍റെ മാനവിക സന്ദേശം പ്രചരിപ്പിക്കുന്നതിന് യുവാക്കള്‍ മുന്നോട്ടുവരണമെന്ന് ആഹ്വാനംചെയ്ത് ഐ.എസ്.എം സംസ്ഥാന സമ്മേളനം സമാപിച്ചു.ജെൻഡര്‍ ന്യൂട്രാലിറ്റിയുടെ മറവില്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നത് അപകടകരമാണെന്ന് സമ്മേളനം വ്യക്തമാക്കി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണാര്‍ഥം രൂപവത്കരിക്കപ്പെട്ട സംവിധാനങ്ങളുടെ മറവില്‍ സ്വവര്‍ഗരതിയും ലൈംഗിക വൈകൃതങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ഗൗരവകരമാണ്. വിവാഹേതര ബന്ധങ്ങളെയും സ്വവര്‍ഗരതിയെയും വെള്ളപൂശുന്ന ആശയങ്ങളുടെ പ്രചാരണത്തെ ഗൗരവമായി കാണണം. മഹത്തായ മാനവിക-ധാര്‍മിക മൂല്യങ്ങളുടെ പ്രചാരണത്തിലൂടെയും കുടുംബ ബന്ധങ്ങളുടെ ഊഷ്മളത തിരിച്ചുപിടിച്ചുകൊണ്ടുള്ള സജീവ ഇടപെടലുകളിലൂടെയും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവുകയുള്ളൂവെന്നും സമ്മേളനം വിലയിരുത്തി.

?️ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കാസര്‍കോട് ബദിയടുക്ക ദേലംപാടി വീട്ടില്‍ നാരായണ (58) ആണ് റിയാദ് പ്രവിശ്യയിലുള്‍പ്പെടുന്ന ലൈല അഫ്ലാജ് പട്ടണത്തില്‍ മരിച്ചത്.

?️ പനമരം നീര്‍വാരം അമ്മാനി ഓര്‍ക്കോട്ടുമൂല വയലില്‍ അവശനിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെ 6.30നാണ് പുളിക്കല്‍ മാര്‍ക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ചര്‍ അബ്ദുല്‍ സമദ്, ഡെപ്യൂട്ടി റേഞ്ചര്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.മുത്തങ്ങയില്‍നിന്ന് ആര്‍.ആര്‍.ടി സംഘവും ഡോ. അജേഷും സ്ഥലത്തെത്തി. തുടര്‍ന്ന് പുലിയെ വലവിരിച്ച്‌ പിടികൂടി ചികിത്സക്കായി കൊണ്ടുപോയി. രാവിലെ ആരംഭിച്ച വനം വകുപ്പിന്റെ ദൗത്യം 11 മണിയോടെയാണ് ലക്ഷ്യം കണ്ടത്. പുലിയുടെ കഴുത്തിനേറ്റ പരിക്കാണ് അവശനിലയിലാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

?️ അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോര്‍ജിന് തൈക്കാട് ഹൗസ് കിട്ടിയേക്കും. കന്റോണ്‍മെന്റ് പരിസരത്ത് വീണ താമസിച്ചിരുന്ന, നിളയിലെ പുതിയ താമസക്കാരനാകാൻ ഒരുങ്ങുകയാണ് കടന്നപ്പള്ളി.മൻമോഹൻ ബംഗ്ലാവിലേക്ക് പുതിയ താമസക്കാരനായി മന്ത്രി സജി ചെറിയാനും എത്തും.സര്‍ക്കാരും ഗവര്‍ണറും കടുത്ത പോര് തുടരുന്നതിനിടെയാണ് രാജ്ഭവന്റെ അയല്‍ക്കാരനായി മന്ത്രി സജി ചെറിയാന്‍റെ വരവ്. വിവാദങ്ങളില്‍ പെട്ട് രാജി വച്ച്‌ രണ്ടാമതും മന്ത്രിസഭയിലേക്ക് എത്തി നാളേറെ ആയെങ്കിലും ഔദ്യോഗിക വസതി അനുവദിച്ച്‌ കിട്ടിയിരുന്നില്ല. വാടക വീട്ടിലെ താമസം മതിയാക്കിയാണ് മന്ത്രി മൻമോഹൻ ബംഗ്ലാവിലേക്ക് എത്തുന്നത്. ആന്റണി രാജു രാജി വച്ചൊഴിഞ്ഞ ശേഷം ചില്ലറ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക വസതി കൈമാറും.പ്രതിപക്ഷ നേതാവിന്‍റെ കണ്ടോണ്‍മെന്റ് ഹൗസിന്‍റെ പടിക്കല്‍ തന്നെയായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്‍റെ നിള. അസൗകര്യം പറഞ്ഞ് മന്ത്രി അവിടെ നിന്ന് മാറിയിട്ട് ആഴ്ചകളായി. വീടുമാറി കഴിയുന്ന വീണ ജോര്‍ജ്ജിന് അഹമ്മദ് ദേവര്‍കോവില്‍ താമസിച്ചിരുന്ന തൈക്കാട് ഹൗസ് അനുവദിച്ചേക്കും.മന്ത്രി ഇറങ്ങിപ്പോയി അനാഥമായ നിളയുടെ നറുക്ക് കടന്നപ്പള്ളി രാമചന്ദ്രനാണ്. മന്ത്രിമാര്‍ക്കെല്ലാം കൊടുക്കാൻ സര്‍ക്കാരിന്റെ കയ്യിലുള്ള ഔദ്യോഗിക വസതി തികയില്ല. ഒരാളെപ്പോഴും വാടക വീട്ടിലാകും. കുടപ്പനക്കുന്നിലെ സ്വന്തം വീടുമതിയെന്നും സര്‍ക്കാര് വീട് വേണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചതോടെ ആ പ്രശ്നവും ഒഴിവായി. അധികം വൈകാതെ ഉത്തരവുകളെല്ലാം ഇറങ്ങും.

?️ കേരള തമിഴ്നാട് അതിര്‍ത്തിയായ കളിക്കാവിളയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറോജില്‍ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി.കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറേജിന് സമീപം ബാര്‍ നടത്തുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈസൻസ് നല്‍കും. മദ്യപിക്കാൻ എത്തുന്നവര്‍ തമിഴ്നാട് ബിവറേജിന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറില്‍ വച്ച്‌ മദ്യപിക്കുന്നതാണ് രീതി. ആറു മണിയോടെ സുനില്‍ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോള്‍ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു.ഉടനെ ബാര്‍ ജീവനക്കാര്‍ സുനിലിനെ കുഴിത്തുറെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാറിലെ ജീവനക്കാരനായ ശങ്കരൻ സംഭവ ശേഷം ഒളിവില്‍ പോയി. കളിയിക്കാവിള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

?️ ഇരു ചക്രവാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.തിരുവല്ലം പാച്ചല്ലൂര്‍ മണിമന്ദിരത്തില്‍ എസ്. മണികണ്ഠൻറെ ഭാര്യ ആര്‍. സുനിത (42) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 28 ന് രാത്രി ഏഴുമണിയോടെ വെങ്ങാനൂര്‍ ഗ്രൗണ്ടിന് സമീപം ആണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സുനിതക്കൊപ്പം വാഹനം ഓടിക്കാൻ പരിശീലനം നല്‍കുകയായിരുന്നു മുല്ലൂര്‍ ശാന്തിപുരം സ്വദേശി ഷാജി (39) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ സംഭവ ദിവസം രാത്രി തന്നെ മരിച്ചു.സുനിത സ്കൂട്ടര്‍ ഓടിക്കാൻ പരിശീലിച്ച ശേഷം തിരികെ മടങ്ങവേ മണ്‍തിട്ടക്ക് മുകളില്‍ കയറി നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ സമീപത്തെ വീടിൻ്റെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവ സമയം ഷാജിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.സാരമായി പരിക്ക് പറ്റിയ ഇരുവരെയും ഉടൻ നാട്ടുകാര്‍ 108 ആംബുലൻസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുനിത ഞായറാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു. മക്കള്‍: ദര്‍ശിനി, ആദര്‍ശ്. വിഴിഞ്ഞം പൊലീസ് കേസ് എടുത്തു.

?? ദേശീയം ??
———————->>>>>>>>

?️ പുതിയ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവര്‍ഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.രാജ്യത്തെ പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ആളുകള്‍ ആഘോഷവുമായി രംഗത്തിറങ്ങി. ഷിംലയില്‍ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഗോവയിലും ആഘോഷം പൊടിപൊടിച്ചു. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വലിയ ആഘോഷത്തോടെ ജനം പുതുവര്‍ഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖര്‍ ജനങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു.പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളാണ് ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

?️ 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ബി.ജെ.പി പ്രകടന പത്രിക വാഗ്ദാനമായ ഏക സിവില്‍ കോഡ് ഉത്തരഖണ്ഡില്‍ നടപ്പാക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പുഷ്‍കര്‍ സിങ് ധാമി.ഉത്തരഖണ്ഡില്‍ ഏക സിവില്‍കോഡ് ഉടൻ നടപ്പാക്കുമെന്ന് സംഘ് പരിവാര്‍ നേതാവ് സാധ്വി ഋതംബരയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഋതംബര സ്നേഹത്തിന്റെ സാരാംശമാണെന്നും ശനിയാഴ്ച വൃന്ദാവനിലെ വാത്സല്യ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

?️ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുമെന്നും രാജ്യത്തിന് സാമ്പാര്‍ മുന്നണി ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത്തരം മുന്നണികള്‍ കാരണമുണ്ടായ സ്ഥിരതയില്ലായ്മകൊണ്ട് രാജ്യത്തിന് 30 വര്‍ഷം നഷ്ടമായെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇൻഡ്യ സഖ്യം ‘സാമ്പാര്‍ മുന്നണി’യാണെന്ന പരാമര്‍ശം മോദി നടത്തിയത്. സഖ്യ സര്‍ക്കാറുകള്‍ അധികാരമേറ്റാല്‍ എന്തുണ്ടാകുമെന്ന് ജനത്തിനറിയാം. അത് ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുല തനിക്കില്ല. പാവപ്പെട്ട ജനം തന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് ഊര്‍ജം. ‘ഗ്യാരന്റി’യെക്കുറിച്ച്‌ പറയുമ്പോള്‍, ഞാൻ അതില്‍ എന്നെത്തന്നെ ബന്ധിപ്പിക്കുന്നു. അത് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല. രാജ്യത്ത് പണപ്പെരുപ്പം കുറയുകയാണുണ്ടായത്. 2004-14 കാലത്ത് 8.2 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് 5.1 ആയി കുറഞ്ഞു. രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കുന്നതിന്റെ എണ്ണം വര്‍ധിച്ചു.ഒരേസമയം ഒന്നിലധികം തലമുറകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവ് ബി.ജെ.പിക്കുണ്ട്. വ്യക്തമായ ഒരു ദൗത്യത്താല്‍ നയിക്കപ്പെടുന്ന കേഡര്‍ പാര്‍ട്ടിയാണ് ബി.ജെ.പി. താഴെത്തട്ടില്‍നിന്ന് തുടങ്ങിയാണ് ഓരോ നേതാക്കളും ഉയര്‍ന്നുവരുന്നത്. ബി.ജെ.പിയെ ബ്രാഹ്‌മണ-ബനിയ പാര്‍ട്ടിയായും ഹിന്ദി ഹൃദയഭൂമിയില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയായും മുദ്രകുത്തി. എന്നാല്‍, മാറിവന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ബി.ജെ.പിക്ക് പിന്തുണയില്ലാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ല. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പിക്ക് സാന്നിധ്യമുണ്ട്. രണ്ട് ലോക്സഭ സീറ്റുകളില്‍ നിന്ന് 303 ആയി ഞങ്ങള്‍ വളര്‍ന്നുവെന്നും മോദി വിശദീകരിച്ചു.

?️ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ജയ്ഹിന്ദ് ടി.വി ചാനലിനായി മുടക്കിയ പണത്തിന്‍റെ വിശദാംശങ്ങള്‍ ഈ മാസം 11ന് നേരിട്ട് ഹാജരായി രേഖകള്‍ സഹിതം സമര്‍പ്പിക്കാൻ ചാനല്‍ മേധാവിക്ക് സി.ബി.ഐ നോട്ടീസ്.ശിവകുമാറിനെതിരായ അവിഹിത സ്വത്ത് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ബംഗളുരു ഓഫിസാണ് ജയ്ഹിന്ദ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബി.എസ്. ഷിജുവിന് നോട്ടീസ് നല്‍കിയത്.ഡി.കെ. ശിവകുമാര്‍, ഭാര്യ ഉഷ ശിവകുമാര്‍, മകൻ, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ ചാനലിന് നല്‍കിയ പണം, ഇരുവര്‍ക്കും ചാനല്‍ നല്‍കിയ ലാഭവിഹിതം, ഓഹരി ഇടപാടുകള്‍, പണമിടപാടുകളുടെ ബാങ്ക് രേഖകള്‍, ചാനലിന്‍റെ അക്കൗണ്ട് പുസ്തകത്തിലെ വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐ ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ ബി.എസ്. ഷിജു ‘ പറഞ്ഞു.

?️ വിവാദ നോട്ടുനിരോധനത്തിനു പിന്നാലെ മോദി സര്‍ക്കാറിന്‍റെ ഉപദേശക റോള്‍ മതിയാക്കി കൊളംബിയ സര്‍വകലാശാല അധ്യാപന ജോലിയിലേക്ക് മടങ്ങിയ അരവിന്ദ് പനഗരിയയെ അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം 16ാം ധന കമീഷൻ ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.നിതി ആയോഗ് മുൻ ഉപാധ്യക്ഷനായ അരവിന്ദ് പനഗരിയ 2017ലാണ് കൊളംബിയ സര്‍വകലാശാലയിലേക്ക് മടങ്ങിയത്. ലീവ് നീട്ടിക്കിട്ടുന്നില്ല എന്ന വിശദീകരണത്തോടെയായിരുന്നു ഇത്. എന്നാല്‍ ആസൂത്രണ വിഷയങ്ങളിലെ ഉപദേശമൊന്നും കാര്യമാക്കാതെ മോദിസര്‍ക്കാര്‍ ഒതുക്കിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ന്യൂയോര്‍ക്കിലേക്കുള്ള മടക്കം. കൊളംബിയ സര്‍വകലാശാലയില്‍നിന്നാണ് പനഗരിയ വീണ്ടും എത്തുന്നത്. ധനമന്ത്രാലയത്തിലെ ഋത്വിക് രഞ്ജനം പാണ്ഡെ പുതിയ ധനകമീഷന്‍റെ ജോയന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. കമീഷനിലെ മറ്റ് അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞു.

?️ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്താൻ പുതിയ ‘യുദ്ധമുറി’ തിരഞ്ഞെടുത്ത് കോണ്‍ഗ്രസ്.ലോധി ഗാര്‍ഡൻ റോഡിലെ സി-1/10 ബംഗ്ലാവാണ് ഇനി കോണ്‍ഗ്രസിന്‍റെ യുദ്ധമുറി. ഈയിടെ ലോക്സഭാംഗത്വം രാജിവെച്ച്‌ തെലങ്കാന മന്ത്രിയായ ഉത്തംകുമാര്‍ റെഡിക്ക് അനുവദിച്ച ബംഗ്ലാവാണ് പുതിയ വാര്‍ റൂം. റെഡി എം.പിയല്ലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പു വരെ അവിടം നിലനിര്‍ത്താമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അതിനിടയില്‍ മറ്റൊരാള്‍ക്ക് സര്‍ക്കാര്‍ ഈ ബംഗ്ലാവ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പില്ല.15 വര്‍ഷത്തോളം ഗുരുദ്വാര രകബ് ഗഞ്ച് റോഡില്‍ എം.പിമാര്‍ക്ക് അനുവദിച്ച 15ാം നമ്പര്‍ ബംഗ്ലാവായിരുന്നു യുദ്ധമുറിയായി ഉപയോഗിച്ചിരുന്നത്. ആദ്യം നടി രേഖ, പിന്നീട് രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ എന്നിവര്‍ക്കായി അനുവദിച്ച ബംഗ്ലാവ് ഇരുവരും വാര്‍ റൂമിനായി വിട്ടുകൊടുത്തു. ഭട്ടാചാര്യയുടെ രാജ്യസഭ കാലാവധി അവസാനിച്ചപ്പോള്‍ യുദ്ധമുറി അവിടെത്തന്നെ നിലനിര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഹരിയാനയില്‍നിന്നുള്ള സ്വതന്ത്ര എം.പി കാര്‍ത്തികേയ ശര്‍മക്കാണ് ബംഗ്ലാവ് തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തത്.

?️ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ 440 സിസി മോട്ടോര്‍സൈക്കിള്‍ പുതുവര്‍ഷത്തില്‍ അവതരിപ്പിക്കാൻ പോകുന്നു.ഹീറോ ജനുവരി 22-ന് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കും. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് പുതിയ തലമുറയിലെ ഹീറോ കരിസ്മ XMR 210-ല്‍ കമ്പനി 210cc ലിക്വിഡ്-കൂള്‍ഡ് മില്‍ അവതരിപ്പിച്ചിരുന്നു.

? അന്താരാഷ്ട്രീയം ?
—————————>>>>>>>

?️ യമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ കണ്ടെയ്‌നര്‍ കപ്പലിനുനേരെ തൊടുത്ത രണ്ട് മിസൈലുകള്‍ വെടിവെച്ചിട്ടതായി യു.എസ് സേന അറിയിച്ചു.തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുശേഷം നാല് ബോട്ടുകളിലെത്തിയ സായുധ സംഘം ഇതേ കപ്പലിനുനേരെ ആക്രമണം തുടങ്ങിയെങ്കിലും യു.എസ് സേന ശക്തമായി തിരിച്ചടിച്ചു. ഇതില്‍, ബോട്ടിലുണ്ടായിരുന്ന നിരവധി പേര്‍ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാത്രിയാണ് സംഭവം.തെക്കൻ ചെങ്കടലില്‍വെച്ച്‌ തങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടക്കുന്നതായി സിംഗപ്പൂര്‍ പതാകയുള്ള കപ്പല്‍ റിപ്പോര്‍ട്ട് ചെയ്യുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന രണ്ട് യു.എസ് യുദ്ധക്കപ്പലുകള്‍ പ്രതികരിച്ചു. തീരത്തിനടുത്തുള്ള കപ്പലിന് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യു.എസ് സൈനിക കമാൻഡ് പ്രസ്താവനയില്‍ പറഞ്ഞു. സഞ്ചാരം തുടരാൻ സാധിക്കുന്ന അവസ്ഥയിലാണ് കപ്പല്‍.നവംബര്‍ 19 നുശേഷം അന്താരാഷ്ട്ര കപ്പല്‍പാതയില്‍ ഹൂതികള്‍ നടത്തുന്ന 23ാമത്തെ ആക്രമണമാണിത്. ചെറു ബോട്ടുകളിലെത്തിയവരെ യു.എസിന്റെ ‘ഐസനോവര്‍ വിമാനവാഹിനിക്കപ്പലി’ല്‍ നിന്നെത്തിയ കോപ്റ്ററുകളാണ് തുരത്തിയത്. മുന്നറിയിപ്പ് നല്‍കുന്നതിനിടെ ബോട്ടില്‍നിന്ന് കോപ്റ്ററുകള്‍ക്കുനേരെ വെടിയുതിര്‍ത്തെങ്കിലും യു.എസ് സൈനികര്‍ ശക്തമായി തിരിച്ചടിച്ചു.തുടര്‍ന്ന് മൂന്ന് ബോട്ടുകള്‍ മുങ്ങി. നാലാമത്തെ ബോട്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും അതിലുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ചെങ്കടലിലെ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി പിന്നീട് ഹൂതികള്‍ അവകാശപ്പെട്ടു.

?️ റഷ്യൻ അതിര്‍ത്തിനഗരമായ ബെല്‍ഗോറോഡിലുണ്ടായ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു.110 പേര്‍ക്ക് പരിക്കേറ്റു. 22 മാസം മുമ്ബ് റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതു മുതല്‍ റഷ്യക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. ആക്രമണത്തിനു പിന്നില്‍ യുക്രെയ്നാണെന്ന് റഷ്യ ആരോപിച്ചു. ബെല്‍ഗോറോഡ് ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി റഷ്യ യുക്രെയ്നില്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തിനെത്തിയ റഷ്യയുടെ 49 ഡ്രോണുകളില്‍ 21 എണ്ണവും വെടിവെച്ചിട്ടതായി യുക്രെയ്ൻ അറിയിച്ചു. കിഴക്കൻ നഗരമായ ഖാര്‍കിവില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. പല കെട്ടിടങ്ങള്‍ക്കും കേടുപറ്റി. റഷ്യയില്‍ യുക്രെയ്ൻ നടത്തിയത് ഭീകരാക്രമണമാണെന്ന് ശനിയാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യു.എൻ രക്ഷാസമിതി യോഗത്തില്‍ റഷ്യൻ പ്രതിനിധി ആരോപിച്ചു.കഴിഞ്ഞദിവസം യുക്രെയ്നിലെ വിവിധ ഭാഗങ്ങളില്‍ റഷ്യ നടത്തിയ 18 മണിക്കൂര്‍ നീണ്ട വ്യോമാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതിനിടെ, ബെല്‍ഗോറോഡില്‍ കാറുകളും മറ്റും കത്തിയമരുന്നതും നഗരമാകെ പുകയില്‍ മുങ്ങുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.മോസ്കോയില്‍നിന്ന് ബെല്‍ഗോറോഡിലേക്ക് 670 കിലോമീറ്റര്‍ ദൂരമുണ്ട്. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ തിരിച്ചറിഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെക് നിര്‍മിത വാംപയര്‍ റോക്കറ്റുകളും ഓല്‍ഖ മിസൈലുകളുമാണ് ഉപയോഗിച്ചത്. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി. മേയ് മുതല്‍ പടിഞ്ഞാറൻ റഷ്യയിലെ നഗരങ്ങളില്‍ പലപ്പോഴായി ഡ്രോണ്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിട്ടില്ല.

?️ യുദ്ധം പൂര്‍ത്തിയാകുന്നതോടെ ഗസ്സ മുനമ്പ് ജൂത കുടിയേറ്റക്കാര്‍ക്ക് തിരിച്ചുനല്‍കണമെന്നും ഇവിടെ വസിച്ചുവരുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികളെ പലായനത്തിന് നിര്‍ബന്ധിക്കണമെന്നും ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്‌ ആവശ്യപ്പെട്ടു.”സുരക്ഷ ഉറപ്പാക്കാൻ പ്രദേശം നാംതന്നെ നിയന്ത്രിക്കണം. സൈനികമായി ദീര്‍ഘകാല നിയന്ത്രണം നിലനിര്‍ത്താൻ പ്രദേശത്ത് സിവിലിയൻ സാന്നിധ്യമുണ്ടാകണം” -മന്ത്രി റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. നെതന്യാഹു സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെയും സമാന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ മുമ്പും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.ഗസ്സയിലെ 23 ലക്ഷം ഫലസ്തീനികളെയും അയല്‍രാജ്യങ്ങള്‍ ഏറ്റെടുക്കുകയോ ഈജിപ്തിലെ സീനായ് മരുഭൂമിയില്‍ ബഫര്‍സോണ്‍ സൃഷ്ടിച്ച്‌ അവിടെ കുടിയിരുത്തുകയോ വേണമെന്ന പദ്ധതിയും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ച്‌ ജനതയെ പുറത്താക്കുന്നത് അംഗീകരിക്കില്ലെന്ന് ഈജിപ്തും ജോര്‍ഡനുമടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

?️ യു.എസിലെ ഡിട്രോയിറ്റ് നോര്‍ത്ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ വീട്ടിലുണ്ടായ വൻ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. വീട് പൂര്‍ണമായും തകര്‍ന്നു. സ്ഫോടനശബ്ദം 14 കിലോമീറ്ററോളം അകലെ കേട്ടതായാണ് പൊലീസ് പറയുന്നത്. വീടിന്റെ അവശിഷ്ടങ്ങള്‍ സ്ഫോടനത്തില്‍ ചിതറിത്തെറിച്ചെങ്കിലും തൊട്ടടുത്തുള്ള വീടുകള്‍ക്കൊന്നും കേടുപാട് സംഭവിച്ചിട്ടില്ല. സ്ഫോടന കാരണം വ്യക്തമല്ല.

?️ ആസ്‌ട്രേലിയൻ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവും എഴുത്തുകാരനുമായ ജോണ്‍ പില്‍ജര്‍ (84) അന്തരിച്ചു.1939ല്‍ സൗത്ത് വെയില്‍സിലെ ബോണ്ടിയില്‍ ജനിച്ച പില്‍ജര്‍ 1960 മുതല്‍ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറര്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.വിയറ്റ്‌നാം യുദ്ധം, കംബോഡിയയിലെ വംശഹത്യ, 1969കളിലെയും 70കളിലെയും അമേരിക്കയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസ്, യു.കെ ഏജൻസികള്‍ വേട്ടയാടിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച്‌ രംഗത്തെത്തിയവരിലും പില്‍ജര്‍ ഉണ്ടായിരുന്നു. പാശ്ചാത്യൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമര്‍ശകൻകൂടിയായിരുന്നു.

?️ 2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോള്‍ ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍.കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ആക്രമണത്തില്‍ 100ഓളം പേരാണ് ഗാസയില്‍ കൊല്ലപ്പട്ടതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

⚽ കായികം, സിനിമ ?
—————————–>>>>>>>>

?️ രണ്ടുതവണ ഓസ്കര്‍ നോമിനേഷൻ നേടിയ ഹോളിവുഡ് നടൻ ടോം വില്‍കിൻസണ്‍ (75) അന്തരിച്ചു. 2009ല്‍ ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരം, 2008ല്‍ എമ്മി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.ദി ബെഡ് റൂം (2001), മിഖായേല്‍ ക്ലെയ്ട്ടണ്‍ (2007) എന്നീ സിനിമകളിലെ വേഷത്തിനാണ് ഓസ്കര്‍ നോമിനേഷൻ ലഭിച്ചത്. ബാറ്റ്മാൻ ബിഗിൻസ്, റഷ് ഔര്‍, ദി ഫുള്‍ മോണ്ടി തുടങ്ങി നിരവധി സിനിമകളിലും ടി.വി പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

?️ 38-ാമത് നാഷണല്‍ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‌ മൂന്നാം സ്ഥാനം. ഡിസംബര്‍ 26 മുതല്‍ 30 വരെ ബംഗളൂരു കോറമംഗല ഇൻഡോര്‍ സ്റ്റേഡിയ ത്തില്‍ നടന്ന ചാമ്പ്യൻഷിപ്പില്‍ കര്‍ണാടക ഒന്നും ഡല്‍ഹി രണ്ടും സ്ഥാനങ്ങള്‍ നേടി.

?️ 68-ാമത് വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഇത്രയും നാള്‍ ദളപതി 68 എന്ന താത്കാലിക പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. ടൈം ട്രാവല്‍ ചിത്രമായിരിക്കുമെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്.ശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

?️ മമ്മൂട്ടി, മോഹൻലാല്‍ ചിത്രങ്ങളില്ലാത്ത വിഷു ആണ് ഇത്തവണ. പൃഥ്വിരാജിന്റെ ആടുജീവിതം, ഫഹദ് ഫാസിലിന്റെ ആവേശം,വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ ചിത്രം വര്‍ഷങ്ങള്‍ക്കുശേഷം, ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷ് എന്നീ ചിത്രങ്ങള്‍ വിഷുവിന് എത്തുമെന്ന് ഉറപ്പിച്ചു.പൃഥ്വിരാജ് – ബ്ളസി ടീമിന്റെ ആടുജീവിതം ഇന്ത്യൻ ചലച്ചിത്ര ലോകം ഉറ്റുനോക്കുന്ന സിനിമയാണ്. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതത്തില്‍ അമല പോളും ശോഭ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് സംഗീതം. ഏപ്രില്‍ 10ന് ആടുജീവിതം തിയേറ്ററില്‍ എത്തും.
ഫഹദ് ഫാസിലും സംവിധായകൻ ജിതുമാധവനും ഒരുമിക്കുന്ന ആവേശം കോമഡി എന്റര്‍ടെയ്‌നറാണ്. രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൻസൂര്‍ അലിഖാൻ, ആശിഷ് വിദ്യാര്‍ത്ഥി, സജിൻ ഗോപു, പൂജ മോഹൻരാജ്, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഏപ്രില്‍ 11ന് അൻവര്‍ റഷീദ് എന്റര്‍ടെയ്‌ൻമെന്റ്, ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അൻവര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എ. ആൻഡ് എ റിലീസ് ചിത്രം വിതരണം ചെയ്യും.പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ ചിത്രമായ വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ നിവിൻ പോളി ഉള്‍പ്പടെ വൻതാരനിര അണിനിരക്കുന്നു.മെറിലാൻഡ് ആണ് നിര്‍മ്മാണം. ഉണ്ണിമു കുന്ദൻ നായകനായി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജയ്‌ഗണേഷ് ഏപ്രില്‍ 11ന് റിലീസ് ചെയ്യും. മഹിമ നമ്പ്യാരാണ് നായിക. ഇടവേളയ്ക്കു ശേഷം ജോമോള്‍ അഭിനയരംഗത്തേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അശോകൻ, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചന്ദ്രു ശെല്‍വരാജാണ് ഛായാഗ്രഹണം.ഡ്രീംസ് ആന്റ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.


?️➖?️➖?️➖?️➖?️➖?️